Wednesday, December 7, 2022

തിരിച്ചറിവ്


എത്രമേൽ സ്നേഹിച്ചു കൂടെനിന്നീടിലും

ഒട്ടും തിരിച്ചറിയില്ല നാമാരെയും!

പൊട്ടിച്ചിരിയിൽ കപടത മാത്രമായ്

കെട്ടിയാടുന്നവർ നന്മതൻ പാത്രമായ്.


വെട്ടിപ്പിടിച്ചവർ മുന്നേറിപ്പോകവേ

നഷ്ടമാകുന്നു ഹാ,നേടിയതൊക്കെയും.

കള്ളത്തരത്തിനു കുടപിടിക്കുന്നവർ

കൽമഷം വാരി വിതറുന്നു ചുറ്റിലും.


എന്നും നിരാസത്തിൻ വള്ളി പടർത്തിയ

ചിന്തയിൽ സ്നേഹപത്രങ്ങൾ വളർത്തി, 

മോഹത്തിൻ പൂക്കൾ വിടരുവാനായ് വിഷ-

ക്കളകൾ പറിച്ചേറെ ശാന്തരായ്ത്തീരണം!











ഗദ്യ കവിത

 മൗനത്തിനപ്പുറം

***************

നിന്നെക്കുറിച്ചുള്ള ഓർമ്മകളിൽ

ഇന്നെന്റെ മൗനം ചിരിയ്ക്കുന്നു.

പടവുകൾ താണ്ടിയെത്തിയ

നിഴലുകൾ മറഞ്ഞുപോകുന്നു.

വേലിക്കെട്ടുകൾക്കപ്പുറത്തേക്ക്

നോക്കിയ മിഴികൾ

അറിയാതെ നിറഞ്ഞുപോകുന്നു!.


നീർമാതളത്തെ തളിർപ്പിക്കും

വർഷമായ് പൊഴിയുന്നേരം

വിടചൊല്ലും കാലം

യാതൊന്നുമറിയാതെപോകുന്നു

വിരഹാർദ്രമായ് നിറയുന്ന മിഴികൾ

ഓരോ കഥ പറയുന്നു.


ഉപേക്ഷിക്കപ്പെട്ട സ്വപ്നങ്ങളുടെ മാറാപ്പിൽ

മോക്ഷം കാത്തുകിടന്ന മോഹങ്ങൾ.. അതിന്റെ ഗർവ്വന്വേഷിച്ചെത്തിയ കാറ്റ്

ആകാശത്തിന്റെ ശൂന്യതയിലേക്ക് അലിഞ്ഞലിഞ്ഞകലുന്നു..

ലളിതഗാനം

 ലളിതഗാനം

*************

ശ്രീരാഗമായ് നീ ഒഴുകിവരൂ, എന്റെ

ശ്രീലകത്തഴകായ് തെളിഞ്ഞിരിക്കൂ.

സീമന്തരേഖയിൽ സിന്ദൂരവും ചാർത്തി

സീമന്തിനിയായ് ചേർന്നിരിക്കൂ.

                      (ശ്രീരാഗമായ്.....)


വെണ്ണിലാപ്പൊയ്കയിൽ താരകകന്യകൾ

ആറാട്ടിനായിന്നുമെത്തിയല്ലോ!

മുരളിയുമായിളംകാറ്റുവന്നെൻകാതി-

ലൊരു ഗാനപല്ലവി പാടിയല്ലോ!

                      (ശ്രീരാഗമായ്.....)


ഇശലിന്റെ നിറവാർന്ന സ്നേഹസംഗീതമായ് 

ഹൃദയസരസ്സിലേക്കൊഴുകി വരൂ....

ചുംബിച്ചുണർത്തിയ ചെമ്പനീർപ്പൂപോലെ

അരികിലിങ്ങെപ്പൊഴും ചേർന്നുനില്ക്കൂ!

                      (ശ്രീരാഗമായ്.....)



അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...