Tuesday, October 17, 2017

ദുരന്തവേഗങ്ങള്‍

ലക്ഷ്യംതെറ്റി പോകുന്ന
ജീവിതപാതകളില്‍ ഉന്നംതെറ്റി വരുന്ന
ദുരന്തവേഗങ്ങള്‍ .. പാതിവഴിയില്‍
വേറിട്ടുപോയ സ്വപ്നങ്ങള്‍ അലഞ്ഞുതിരിഞ്ഞു
പോയതിന്നെവിടെയോ ..?
മോഹങ്ങള്‍കൊണ്ട്
തീര്‍ത്തൊരു കൊട്ടാരം പൊയ്മുഖങ്ങളാല്‍
വൈകൃതമാകുമ്പോള്‍ ചിതയൊരുക്കുവാന്‍
പാഞ്ഞടുക്കും മരണം സ്വപ്നകുസുമങ്ങളെ
ആഴിയിലാഴ്ത്തുന്നു .
പാടിപ്പുകഴ്തുന്ന
നാവുകളിലൊക്കെയും പതിരുകള്‍
മാത്രമാണെന്നറിയാതെ , ഉന്മാദലഹരിയില്‍
വീണുറങ്ങുന്നവര്‍ക്ക്
അന്യമായിപോകുന്നു
ഉറ്റബന്ധങ്ങളും .
മനസ്സാഴങ്ങളില്‍
വേരൂറും ദുഃഖങ്ങള്‍ മണ്ണാഴങ്ങളില്‍
നിത്യനിദ്ര തേടുമ്പോള്‍ മുള്‍വാക്കിനാല്‍
മുറിഞ്ഞൊരു ഹൃദയം ശാന്തി കിട്ടതെയെ-
വിടെയോ അലയുന്നു .
ഈശ്വരന്‍ നല്‍കിയ
നല്ലൊരു ജീവിതം ആര്‍ത്തിപൂണ്ടു
വലിച്ചെറിയുന്നവര്‍ ഓര്‍ക്കതെയറിയാതെ
പോകുന്നതോ... അഹങ്കാരതിമിര്‍പ്പില്‍
മതിമറക്കുന്നതോ..?
കാലമോടുന്നു ,
ശാസ്ത്രം വളരുന്നു മനുഷ്യമനസ്സുകള്‍
വികൃതമായിതീരുന്നു. ഭയപ്പടോടെയല്ലാതിവിടെ
ജീവിക്കാന്‍ ഇനിയുള്ള ജനതയ്ക്ക്
സാദ്ധ്യമായീടുമോ ..?

Monday, October 16, 2017

വേഴാമ്പല്‍

വറ്റാത്ത മിഴികളെ തോര്‍ത്തിയുണക്കുവാന്‍ എത്താത്തതെന്തേ നിൻചൊടികള്‍. മുറ്റത്തെ മുല്ലകള്‍ പൂത്തുകൊഴിഞ്ഞല്ലോ .. നീ മാത്രമെന്തേ വന്നീല ...
നെഞ്ചകം പൊള്ളുന്നു നിന്‍ തണലേല്‍ക്കുവാന്‍ മുന്തിരിവള്ളിപോല്‍ നിന്നെ പുണരുവാന്‍ .. നിര്‍ത്താതെ പെയ്യുമീ മോഹമഴയിലൊന്നിച്ചു പ്രണയം പകുക്കുവാൻ..
വാടാത്ത നിന്നുടെ സ്നേഹമലരുകള്‍ കൊഴിയാതെയടരാതെ കരളില്‍ കൊരുത്തീടാം മാനസവീണയില്‍ നിനക്കായിമാത്രം മീട്ടാമിനിയുമെന്‍ പ്രണയത്തിന്‍ ശീലുകള്‍ ..
നനവാർന്ന ഓര്‍മ്മകള്‍ മിഴികളില്‍ പെയ്യുന്നു വിരഹാര്‍ദ്രചിന്തകള്‍ മനസ്സില്‍ കുതിരുന്നു. ഇനിയെത്ര കാലമീ നോവിന്റെ തീരത്ത് നിനക്കായ് മാത്രം കാത്തിരിക്കേണ്ടു ഞാന്‍...

Saturday, October 14, 2017

പ്രണയവസന്തം

വഴിയരുകിലുറങ്ങും കിനാക്കളേ നിങ്ങളെൻ മനസ്സിൽ കുടിയേറുമോ അൽപ്പനേര൦ ... തളിരിടു൦ മോഹങ്ങൾക്ക് കൂട്ടിരിക്കാം... നിറമുള്ള കാഴ്ചകൾ കണ്ടുറങ്ങാം...
മധുമാസരാവുകൾക്കു വിരുന്നൊരുക്കി വേദനകൾക്കെല്ലാ൦ വിടചൊല്ലീടാ൦ ... പ്രേമഹാര൦ കൊരുത്തുവെയ്ക്കാമിനി പ്രണയവർണങ്ങളായ് പാറിപ്പറക്കാ൦ ..
ലജ്ജയിൽ കൂമ്പിയ മിഴികളിൽ വന്നു നീ ഇത്തിരി നേര൦ ചേർന്നിരിക്കൂ ... നിലാമഴ പെയ്യുമീ നേരത്തെൻ ചാരത്തു താള൦ പിടിക്കുന്ന പാരിജാതപ്പൂക്കൾ

കിനാക്കളേ, നിങ്ങളെന്നരികിലിരുന്നാൽ പ്രണയവസന്ത൦ പൊഴിക്കാമീരാവിൽ ...
സ്നേഹമലരുകള്‍ പുഞ്ചിരി തൂകുമ്പോള്‍ പുലർമഞ്ഞിൻ നനവിൽ പുണർന്നിരിക്കാ൦ ..

Thursday, October 12, 2017

ഉടലിന്‍ ഗീതങ്ങള്‍

ദുരിത പർവ്വത്തിലേതോ മുഷിഞ്ഞതാളിൽ ദാരിദ്ര്യത്തിൽ പിറന്നൊരു ജനന൦. വിശപ്പിന്റെ നിലവിളികളിൽ മുങ്ങിത്താഴുന്ന പരിഹാസങ്ങൾ.. ഉള്ളവന്റെയഹങ്കാരത്തിൽ അലിഞ്ഞുതീരുന്നവീഥികളില്‍ ഇല്ലാത്തവരുടെ വേവലാതികൾ ... വലിച്ചെറിയുന്നാഹാരാവിശിഷ്ടങ്ങളിൽ ചിക്കിചികയുന്നാർത്തിപൂണ്ട കണ്ണുകൾ ..
കാല൦ വളർത്തിയെടുത്ത താരുണ്യ വടിവുകളിൽ വഴിയോരയാത്രക്കാരുടെ ദാഹമിഴികൾ .. പ്രണയിക്കണമവൾക്കുമൊരാളെ ... ആരെയു൦ ഭയക്കാത്ത സുരക്ഷിതത്വമുള്ള നിത്യസത്യത്തെ ...
അതെ .. ഇനി മോചനമവിടെമാത്ര൦... സഹതാപത്തിന്റെ മുൾപ്പൂക്കൾ ആരു൦ വലിച്ചെറിയരുതേ ... മനസ്സിൽ വികലചിന്തകളുടലെടുക്കുമ്പോൾ ഒരു നിമിഷ൦ നിങ്ങളോർക്കുമോ വിടരാൻ കൊതിച്ച് പാതിവഴിയിൽ കൊഴിഞ്ഞുപോകുന്നയീ കണ്ണുനീർപൂക്കളെ.

Monday, October 9, 2017

ഭിന്നമര്‍മ്മരങ്ങള്‍

നഷ്ടങ്ങളുടെ വേലിയേറ്റത്തിലാണ് കടലാഴങ്ങളെയവള്‍ കൂടുതലിഷ്ടപ്പെട്ടത് . കരയിലേക്ക് തെന്നിമാറുംതോറും വീണ്ടും കടലിനെ പ്രണയിക്കാന്‍ മോഹിക്കുന്ന വിഷാദക്കാറ്റ് വീശുന്നു . സ്വപ്നങ്ങളുടെ തുരുത്തില്‍ ശയിക്കുന്ന സന്തോഷത്തിന്റെ ചിണുങ്ങലുകള്‍ വഴുതിപോകുന്നൊരാ ചിന്തകളില്‍ മിഴിപൂട്ടുന്ന ദുര്‍ബലമനസ്സ്. ശിരോലിഖിതത്തെ പഴിചാരി വീണ്ടും ജീവിതത്തെ തലോടുമ്പോള്‍ കടല്‍ക്കാറ്റിന്റെ മര്‍മ്മരം.. അസ്തമയത്തിലേക്ക് അടുക്കുന്നു നിലാവിന്റെ നീലാകാശം നോക്കി സൂര്യനെയും കാത്തൊരു ജീവിതതോണി അകലെ കടലാഴങ്ങളിലേക്ക് മുങ്ങിതാഴ്ന്നു കൊണ്ടേയിരിക്കുന്നു. മധുമാസ കാറ്റില്‍ തഴുകുന്ന നേരിന്‍ തിരകളെ നോക്കി പ്രണയം പറയുന്ന കമിതാക്കളുടെ, ലജ്ജയില്‍ കുതിര്‍ന്ന വദനത്തില്‍ ഉദയസൂര്യന്റെ പൊന്‍തിളക്കം..!

Sunday, October 8, 2017

തപ൦

ചാറ്റല്‍മഴയിലൂടെ ഒഴുകിയെത്തിയ 
മണ്ണിന്‍ഗന്ധത്തില്‍ ഉന്മാദമായ മനസ്സ്, 
കാട്ടരുവിയുടെ ലാസ്യ നൃത്തത്തില്‍ 
മതിമറന്നു പ്രകൃതിയെ പുണരുന്നു ..
കോടമഞ്ഞിനെ മുകരുന്ന 
താഴ്വാരകാറ്റിനിന്നെന്തേ 
പതിവിലും കവിഞ്ഞൊരു നാണം...!
കവിളിനെ തൊട്ടൊരുമി 
പ്രിയതരമാമൊരു പാട്ടിനെ 
ഓര്‍മ്മപ്പെടുത്തുന്ന കിളിക്കൊഞ്ചല്‍.. 
സാന്ത്വനത്തിന്റെ വെള്ളിക്കിരണങ്ങള്‍
ഇലപ്പടര്‍പ്പിലൂടെ ഊര്‍ന്നിറങ്ങി 
ഇടനെഞ്ചില്‍ പൂമഴ പെയ്യിക്കുന്നു.
കാടിന്റെ വന്യതയില്‍ നിന്നും മാറി 
പ്രണയപുഷ്പങ്ങള്‍ പൊഴിക്കുന്ന 
വൃക്ഷലതാതികളെ താലോലിക്കുന്ന 
ഇണക്കിളികളുടെ കുറുകലില്‍
നിന്നെയോര്‍ത്തു നറുതേന്‍
പൊഴിക്കുന്ന ചൊടികളാല്‍..
പ്രണയാര്‍ദ്രമാം മിഴികള്‍പൂട്ടി
എന്നിലെ നിന്നെയുംപേറി ഇനി
അനന്തതയിലെക്കൊരു യാത്ര...!

മുറിവിടങ്ങള്‍

നീറിപ്പുകയുന്ന മനസ്സിൽ ക്രൂരവചനങ്ങളുടെ തലോടൽ.., ലൗകീകസുഖത്തിനായി ബന്ധങ്ങൾ മറക്കുന്ന
മനുഷ്യമ്യഗങ്ങൾ, പൊന്തക്കാടുകളിൽ
നിന്നുയരുന്ന
കുഞ്ഞുനിലവിളികൾ .., നടപ്പാതകളിൽ
തേരട്ടകളുടെ ജാഥ.., മദ൦പൊട്ടിയോടുന്ന
കാലത്തിനൊപ്പ൦ എത്താനാവാതെ, നിലച്ചു പോകുന്ന
ഘടികാരങ്ങൾ.... ദുഷ്കരമീ യാത്രയെങ്കിലും... ഇടവഴികളിലെവിടെയോ സുഗന്ധ൦ പൊഴിക്കുന്ന
നന്മമരങ്ങൾക്കു എത്രനാളിനി വാളിനിരയാതെ നിൽക്കാൻ പറ്റുമോ ... സന്ദേഹങ്ങളുടെ ദിനങ്ങളെ കൈപിടിച്ചു നടക്കാനിനി മാന്ദ്യത്തിന്റെ ശോഷിച്ച
വിരലുകൾക്കാവുമോ .... ശാന്തി തേടിയെത്തുന്ന ദേവാലയങ്ങളിലുമിന്നു അശാന്തിയുടെ പുകച്ചുരുളുകള്‍ പടർത്തുന്നതാരാവു൦ ... അഴിഞ്ഞാടുന്ന മനുഷ്യമൃഗങ്ങളെ തളയ്ക്കാനിനി പ്രകൃതിയുടെ വിളയാട്ടമുണ്ടാവുമോ ... കലുഷിത മനസ്സിലെ ചിന്തകളേ . നിങ്ങൾക്കിനി വിട... കാല൦ പടവാളെടുക്കട്ടെയിനി.. വിഷലിപ്തമാമീ ഭൂവിൽ ജീവനുണ്ടെങ്കിൽ നോക്കുകുത്തിയെപ്പോലെ ജീവിച്ചു തീർക്കാനോ ..വിധി !!

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...