Friday, June 23, 2023

സ്വന്തം

 സ്വന്തം

*******


സ്വന്തമായെന്തുണ്ട് പെണ്ണേ, ചൊല്ലൂ

"സ്വന്തം എനിക്കെ"ന്നു ചൊല്ലാൻ?


ചൊടികളിൽ പുഞ്ചിരിയല്ലോ? അയ്യോ,

ലിപ്സ്റ്റിക്കിൻ ചന്തമതാണേ.. 


നാണത്താലല്ലേ തുടുത്തൂ, കവിൾ? 

ചായചുവപ്പാണതെല്ലാം. 


നിൻമിഴിക്കെന്തൊരു ചന്തം പെണ്ണേ?

കണ്മഷി ചാർത്തിയതല്ലേ.


വാർമുടിക്കെട്ടിനഴകോ കേമം!

വിഗ്ഗാണതൊക്കെയും പൊന്നേ.. 


ചന്ദനവർണ്ണമാണല്ലോ ദേഹം?

ഈ നിറം ഫൌണ്ടേഷനാണേ. 


ചിത്രത്തിൽ നീയെന്തഴക്? കേട്ടോ,

ഫോട്ടോഷോപ്പാണത് സത്യം 


സ്വന്തമായെന്തുണ്ട് പെണ്ണേ, ചൊല്ലൂ

ഞാൻ മാത്രമാണെന്റെ  സ്വന്തം.

Friday, June 2, 2023

താരാട്ട് (ഗാനം )


അറിയില്ലെനിക്കൊട്ടും പാടുവാനെങ്കിലും

താരാട്ടുപാടിഞാനെത്രയെന്നോ!

കേട്ടുമറന്നുപോയ് മക്കളിന്നെങ്കിലും

ഓർത്തുമൂളുന്നു ഞാനേകയായി, വീണ്ടു-

മോർത്തു മൂളുന്നു ഞാനേകയായി....

          (അറിയില്ലെനിക്കൊട്ടും)

ഇന്നൊരു താരാട്ടു പാടണമമ്മക്കായ്

സായാഹ്നയാത്രികയായതല്ലേ!

എൻ മടിത്തട്ടിന്റെ ചൂടിൽ മയങ്ങുമ്പോൾ

പൊഴിയുന്നു വാത്സല്യമിഴിനീർക്കണം!

          (അറിയില്ലെനിക്കൊട്ടും)

താലോലം പാടി ഞാൻ കോരിത്തരിക്കുമ്പോൾ

എന്മനം സ്നേഹത്താൽ വിങ്ങുകയായ്.

ഓർമ്മകൾ മൂളുന്ന കൊഞ്ചലുകൾ, എന്റെ

താരാട്ടിന്നീണമായ് മാറുകയായ്.

           (അറിയില്ലെനിക്കൊട്ടും)

സൃഷ്ടി

 സൃഷ്ടി

*******

തൂലികയേന്തവേ മാത്രമറിയുന്നു,

സൃഷ്ടിതൻ വേദനയെത്രമാത്രം!

അക്ഷരം വാക്കായി, വരികളായിട്ടതി- 

ലൊരു നല്ല കവിത വിരിയുവാനായ്,

ഉള്ളിലൊരഗ്നിപ്രകാശപ്രഭാവമായ്

തെളിയുവാനായതു പടരുവാനായ്

സ്വസ്ഥമായുള്ള മനസ്സു വേണം; സദാ

വാഗ്ദേവിതന്റെയനുഗ്രഹവും.

അക്ഷരപ്പൂക്കൾ വിരിയവേ,യുൾത്തട-

മക്ഷയനിധിയായ് വിളങ്ങീടവേ,

നക്ഷത്രകാന്തിയുതിരും മനസ്സതി-

ലൊരു നവ്യസൃഷ്ടി പിറക്കുകയായ്!

നന്മകൾ ചെയ്തു കൊണ്ടൂഴിയെ

പുഷ്കലമാക്കണമെന്നുമെന്നും.

നല്ല പിറവിയതൊന്നിനു മാത്രമായ്

തൂലികയെന്നും ചലിച്ചിടാവൂ!




Thursday, June 1, 2023

മൗനവേദന


എന്നെ തനിച്ചാക്കിയെങ്ങനെ പോയിനീ

ഈ കൂരിരുൾപ്പാതതൻ വിജനതയിൽ?

താങ്ങായി നിൽക്കേണ്ട കൈകളല്ലേ, തെല്ലൊന്നു തലോടുവാനാരു കൂടേ?


പകൽപോലെ സത്യം തെളിഞ്ഞുനിൽക്കേ

പതിവുപോൽ പതിരായിക്കണ്ടതല്ലേ

പലനാളു കെഞ്ചി പറഞ്ഞിട്ടുമെന്തേയീ

മനമൊന്നു കാണാൻ കഴിഞ്ഞതില്ലാ?


വന്നവർ, പോയവർ ചൊല്ലും കഥകളിൽ

കാമ്പില്ലറിയുവാൻ ചിന്തനം വേണം.

ഭ്രമരങ്ങൾപോലെ മൂളീടുമീനൊമ്പരം

വിൺതാരമായെന്നെ മാറ്റിയെങ്കിൽ!

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...