Sunday, December 16, 2018

പെൺരോദനങ്ങൾ

" പെൺരോദനങ്ങൾ "
------------------------------
ഹരിതചാരുത നിറഞ്ഞ കാനനമതി -
നുള്ളിൽ വാണരുളീടുന്ന സ്വാമിയേ.
ശാന്തിയേകി വരമേകി കാത്തിടേണം
ഭേദമേതുമില്ലാതെ മാലോകമാകെ !

ദുർഘടമാം പാതതാണ്ടി നിൻസവിധേ -
യെത്തുവോർ മോദമോടെ മടങ്ങണം
ചന്തമുള്ള ചിന്തയാലവർ ധരണിയിൽ
നിത്യം ശോഭയുള്ളവരായ് മാറണം !

കരുണവറ്റി ,കാലം കലിപൂണ്ടവരെങ്ങും ,
തെരുവുതോറും തടയുന്നു, തിരുനടയിലും.
തടയുന്നവരറിയുന്നോ അർദ്ധനാരീശ്വര -
പുത്രൻ ഹരിഹരസുദനെന്നൊരു സത്യം.

മാറിവരും നാളുകൾ ചുവന്നുപോയെന്നോ ,
പെറ്റിടാതെ എങ്ങനെത്തും കന്നിയയ്യപ്പൻ ?
കരൾനിറച്ചു കനിവുതേടി വരുന്നവരെയോ
വകതിരിച്ചു ചുവന്നപൂവെന്നെണ്ണി മാറ്റുന്നു !

ആണിനൊപ്പം പെണ്ണുമില്ലേ ആദ്യാന്തവും ,
ആ ബീജംപെറ്റതല്ലേയെന്റെ പെണ്ണുടൽ ?
എന്റെമാറു നുകർന്നിട്ടുനീ തള്ളിമാറ്റുന്നോ
എന്റെകണ്ണു നിറഞ്ഞാലീ ധരയുമില്ലയ്യാ !!


Monday, December 3, 2018

സൗഹൃദരാഗം

സ്നേഹത്തിൻ രാഗത്തിലെഴുതുമീ വരികളിൽ
ജീവൻ പകർന്നു നീ കൂടെനില്ക്കേ
സ്നേഹനിറവിനാലറിയാതെയുൾത്തടം
പുളകത്തിൻ മലർവാടിയായപോലെ...!

പാതി വഴിയിലിടറിയ വാക്കുകൾ
അർത്ഥമറിയാതെ തേങ്ങിയപ്പോൾ
നിൻ കൂട്ടെനിക്കെത്ര ധന്യമാം സാന്ത്വനം
ഈ വേള നീയെന്നെപ്പുണർന്നിടുമ്പോൾ

അറിയാതെ ഞാനൊന്നു പതറിയ വേളയിൽ
അരുമയായ് കൂടെ നീ ചേർത്തുനിർത്തി,
എത്രയോനാളായെൻ ഹൃദയവനിയിലെ
വാടാത്ത പൂവായ് സുഗന്ധമേകി....!

കാരുണ്യ സാഗരമാകും നിൻ ഹൃത്തിലെ
ഒരു ചെറുതിരയായലയടിക്കാൻ..
എൻ മനമെന്നും കൊതിച്ചു നില്പൂ
എൻ മാനസ സൗഹൃദമേ  ചേർന്നു നില്ക്കൂ

ഹൃദയമാംവാടിയിൽ വാടാമലരായ്
എന്നെന്നുംപൂക്കും വസന്തമേ നീ...
സ്നേഹവാകചോട്ടിൽ കവിത വിരിയേ
മധുവൂറും മൊഴികളാൽ നിറയുക നീ.. !

അകലുവാനാവില്ല സ്നേഹിതമേ നിൻ്റെ
സ്നേഹത്തണലിൽ ഞാൻ വിശ്രമിക്കാം
വാടിക്കരിഞ്ഞു വീഴുവോളം നിൻ്റെ
വരികളിൽ പൂത്തുഞാൻ സുഗന്ധിയാവാം.

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...