Monday, December 3, 2018

സൗഹൃദരാഗം

സ്നേഹത്തിൻ രാഗത്തിലെഴുതുമീ വരികളിൽ
ജീവൻ പകർന്നു നീ കൂടെനില്ക്കേ
സ്നേഹനിറവിനാലറിയാതെയുൾത്തടം
പുളകത്തിൻ മലർവാടിയായപോലെ...!

പാതി വഴിയിലിടറിയ വാക്കുകൾ
അർത്ഥമറിയാതെ തേങ്ങിയപ്പോൾ
നിൻ കൂട്ടെനിക്കെത്ര ധന്യമാം സാന്ത്വനം
ഈ വേള നീയെന്നെപ്പുണർന്നിടുമ്പോൾ

അറിയാതെ ഞാനൊന്നു പതറിയ വേളയിൽ
അരുമയായ് കൂടെ നീ ചേർത്തുനിർത്തി,
എത്രയോനാളായെൻ ഹൃദയവനിയിലെ
വാടാത്ത പൂവായ് സുഗന്ധമേകി....!

കാരുണ്യ സാഗരമാകും നിൻ ഹൃത്തിലെ
ഒരു ചെറുതിരയായലയടിക്കാൻ..
എൻ മനമെന്നും കൊതിച്ചു നില്പൂ
എൻ മാനസ സൗഹൃദമേ  ചേർന്നു നില്ക്കൂ

ഹൃദയമാംവാടിയിൽ വാടാമലരായ്
എന്നെന്നുംപൂക്കും വസന്തമേ നീ...
സ്നേഹവാകചോട്ടിൽ കവിത വിരിയേ
മധുവൂറും മൊഴികളാൽ നിറയുക നീ.. !

അകലുവാനാവില്ല സ്നേഹിതമേ നിൻ്റെ
സ്നേഹത്തണലിൽ ഞാൻ വിശ്രമിക്കാം
വാടിക്കരിഞ്ഞു വീഴുവോളം നിൻ്റെ
വരികളിൽ പൂത്തുഞാൻ സുഗന്ധിയാവാം.

No comments:

Post a Comment

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...