Tuesday, August 4, 2026

പറയാൻ മറന്ന വരികൾ

 പറയാൻ മറന്ന വരികൾ 

++++++++++++++++++

എത്ര നാളായി കാണുന്നു നിന്നെ ഞാ-

നത്ര നാളും പറയാൻ മറന്നുപോയ്.

ഇത്രനേരം നിനച്ചു ഞാനെങ്കിലും

വ്യർത്ഥമാവില്ല ചിന്തകളൊട്ടുമേ.


മധുരമോർമ്മകൾ പുണരുന്ന നേരമെൻ

പറയുവാനുള്ളതെല്ലാം മറന്നുപോം..

നിന്നരികിൽ ഞാൻ ചേർന്നു നിന്നീടവേ

നിദ്രയും വിട്ടകന്നു പോകുന്നുവോ?..


ചന്തമേറും കിനാവുകൾ കണ്ടു ഞാൻ

ചിന്തേരിട്ടു മിനുക്കും ദിനങ്ങളിൽ

ചിത്തിലെത്ര കാവ്യങ്ങളെഴുതി ഞാ-

നൊക്കെ നിന്നോടു ചൊല്ലാൻ മറന്നുപോയ്!




Wednesday, July 22, 2026

ഓർമ്മകൾ

 ഓർമ്മകൾ

*************

ഓര്‍മ്മയുടെ തീവണ്ടി 

കിതച്ചുകൊണ്ട്

വര്‍ഷങ്ങള്‍ പിന്നോട്ടേക്ക് 

പാഞ്ഞപ്പോള്‍ 

തേങ്ങുന്നുവോ

ഉള്ളിലൊരു അരിപ്രാവ്?....

മറഞ്ഞുപോയൊരു

കലാലയ ജീവിതം?....


പാളം തെറ്റിയ 

ചിന്തകളിലൂടെ നുഴഞ്ഞുകേറി

മനസ്സിന്‍ വാതായനങ്ങളില്‍  

ചെറുകാറ്റായെത്തി

തഴുകിയുണര്‍ത്തുന്നു 

പുസ്തകത്താളിലൊരു കോണില്‍ 

നീ കോറിയിട്ട പ്രണയാക്ഷരങ്ങൾ..


ചിതലരിച്ച ഏടുകള്‍ക്കിടയിലും 

ചാവാതെ കിടക്കുന്നതെന്തേ, 

മൃതസഞ്ജീവിനിപോലെ

ആ മൃദുലാക്ഷരങ്ങള്‍?

ആത്മഹത്യക്കൊരുങ്ങിയ

സ്വപ്നങ്ങളെ 

പുനര്ജീവിപ്പിക്കാനോ?...


അറിഞ്ഞുമറിയാതെയും 

ജീവിതപ്പാളങ്ങളിൽ

ചതഞ്ഞരഞ്ഞു പോകുന്ന

ചില നിമിഷങ്ങള്‍,

പേരറിയാത്ത 

ഏതോ സ്റ്റേഷനിലിറങ്ങിപ്പോയ  

അജ്ഞാതസഞ്ചാരിയുടെ

ഓർമ്മകളും പേറി

കുതിച്ചു പായുന്ന തീവണ്ടിപോലെ , 

കുതിച്ചും കിതച്ചുമിഴഞ്ഞും പോകുന്ന 

ജീവിതയാത്രയ്ക്കിടെ,

പച്ചക്കൊടി കാണിക്കുന്ന 

ഗാര്‍ഡിനെപ്പോലെ

പുഞ്ചിരി പൊഴിയ്ക്കുന്നു

മധുരിക്കുന്ന ഓര്‍മ്മകൾ..!

Monday, July 20, 2026

രണഭൂമി

 രണഭൂമി. 

--------


മദ൦ പൊട്ടിയോടും 

മതത്തെ കണ്ടുവോ? 

മന൦ പിടയ്ക്കുന്ന മരിച്ച

കാഴ്ചകൾമാത്ര൦ ..!


പണയ൦ വെച്ച തലച്ചോറുമായ്

പണത്തിനു വേണ്ടി ഓടുന്നവരേ,

പണിയായുധങ്ങളെത്രയോയില്ലേ 

പട്ടിണിയില്ലാതെ ജീവിച്ചീടുവാൻ..


ഉത്തരമില്ലാത്ത ചോദ്യങ്ങൾപോലെ 

ഉറ്റവരില്ലാത്ത ബന്ധങ്ങളേറുന്നു.

ഉടലുകൾ വീണുരുളുന്നു തെരുവിൽ 

ഉണരാത്ത നിദ്രയിലലിയുന്നിതുയിരു൦ .!


തമ്മിൽ തല്ലുന്നു നാമെന്തിനോ വേണ്ടി, കൊലവിളിയ്ക്കുന്നു നാമെന്തിനോ വേണ്ടി.

എവിടുന്നോ വന്നവ,രെവിടേക്കോ പോണവർ...

ഏഴകളായ് മണ്ണിൽ ഞെട്ടറ്റുവീഴുവോർ ..!

Thursday, July 16, 2026

ഇനീ ആർക്കാവും വിജയം

 ഇനി ആർക്കാവും വിജയം?

******************************

പ്രതീക്ഷയ്ക്കും യാഥാർത്ഥ്യത്തിനും

ഇടയിലൂടെയുള്ള യാത്രയിൽ 

യാത്രികരായെത്തുന്ന സുഖദുഃഖങ്ങൾ;

ദൂരെനിന്നു ചിരിച്ചുകാണിക്കുന്ന

സന്തോഷവും

അരികിലോടിയെത്തി

കെട്ടിപ്പിടിക്കുന്ന സങ്കടങ്ങളും..!


എന്തുവന്നാലും 

തോൽക്കില്ലെന്ന മനസ്സോടെ 

മുന്നോട്ടു നടക്കുമ്പോൾ

തോൽപ്പിക്കാൻ മാത്രം 

കൂടെക്കൂടുന്ന ശത്രുതാഭാവങ്ങൾ..!


കടിഞ്ഞാണിട്ടു നിർത്തുന്ന 

മനസ്സിൻ്റെ വേഗത കുറയ്ക്കാൻ മാത്രമോടുന്ന 

പാദങ്ങളുടെ തളർച്ചകളിൽ

ഉമ്മ വെക്കുന്ന മുൾപ്പടർപ്പുകൾ..!


പൊരുതി നിൽക്കുന്ന മനസ്സും 

തടസ്സം നിൽക്കുന്ന വിധിയും 

തമ്മിലുള്ള വടംവലിയിൽ

ഇനി ആർക്കാവും വിജയം...!?

Tuesday, July 14, 2026

മങ്ങുന്ന കാഴ്ചകൾ

 മങ്ങുന്ന കാഴ്ചകൾ 

................................

മങ്ങുന്ന ചിന്തകൾ, 

മായുന്ന കാഴ്ചകൾ...

മരണമേ, നീയിങ്ങ-

ങ്ങ 'രികിലാണോ..? 


അടരുന്ന മോഹങ്ങൾ,

അകലുന്ന ബന്ധങ്ങൾ... 

അണയാത്ത വിദ്വേഷ-

മിരകളാകുന്നുവോ?


ചപലമോഹങ്ങളിൽ 

അലയുന്ന മാനസം

ആരെയോ കാത്തിരിപ്പൂ

ചതിക്കുഴിയുമായ്!


മധുരമാം മൊഴികളിൽ 

പൊഴിയുന്ന പൂവുകൾ...

ആർത്തിയാൽ മൊട്ടിലേ

പലതും കരിഞ്ഞുവോ!


മരണമിങ്ങവിരതം

നേർക്കുനേർ നിൽക്കിലും

ഒട്ടും ക്ഷയിപ്പതി-

ല്ലീ മർത്ത്യ ഹുംകൃതി!


കഷ്ടനഷ്ടങ്ങൾ 

ദുരന്തമാകുമ്പോഴും

ഈശ്വരൻ പോലും

തിരിഞ്ഞുനിന്നീടുമോ?

~

Sunday, July 12, 2026

തളിരിടും ഓർമ്മകൾ

 തളിരിടും ഓർമ്മകൾ

*********************

നൊമ്പരം വന്നെന്നെയെത്രമേൽ പുല്കിലും

വാകമരച്ചോട്ടിലൊരുവേളയെത്തവേ

മഴനൂലായോർമ്മകളുമ്മവെക്കും, ഇട-

നെഞ്ചിൽ തുടിക്കുമിതളുകളായ് ദ്രുതം!


ചുട്ടുപൊള്ളുന്നൊരെന്നുള്ളം തലോടാനായ്

പൂമഴ പെയ്തുകൊണ്ടെത്തിയ തെന്നലിൻ

താളത്തിലിത്തിരിനേരം മയങ്ങവേ

വിസ്മയമായെൻ കലാലയ നാളുകൾ.


എത്രമേൽ സുന്ദരമാദാവണിപ്പൂക്കൾ,

ചൂളമിട്ടെത്തുമത്തെന്നലും മോഹനം

സ്നേഹാർദ്രചിന്തകൾ പൂത്തുതളിർക്കവേ

മലർവാകപെയ്യും കുളുർമ്മയായെന്മനം!


(ശ്രീരേഖ എസ് )

Friday, July 3, 2026

ഒറ്റപ്പെടൽ

 


ഒറ്റപ്പെടൽ 

..............

മൗനം കൂടിയപ്പോഴാണ് 

ഹൃദയഭിത്തികളിൽ പായൽ 

പിടിച്ചത്,

ഒറ്റപ്പെടലിന്റെ വഴിവക്കിൽ കണ്ടുമുട്ടിയ

മഞ്ഞുമലയിൽ തട്ടി മനസ്സിടറിയത്.


അവഗണനയുടെ മുൾപ്പടർപ്പിൽ 

നിന്നും ഓടിയൊളിച്ചതോ...

ഇരയെ കാത്തിരിക്കുന്ന വന്യതയിലേക്ക്..!


തിരിച്ചിറങ്ങാൻ പറ്റാത്തവിധം 

കുടുക്കിട്ട കുറുക്കന്റെ ബുദ്ധിയിൽ 

വീണുപോകുന്ന ഇരകൾ..


തിരിച്ചറിവിന്റെ വഴിയിലൂടെ 

ഓടിയെത്തുമ്പോഴേക്കും 

നഷ്ടങ്ങൾ മാത്രമാവും ബാക്കി..!


ജീവിതത്തിൻ്റെ മുൾപ്പാതയിലൂടെ 

വ്രണിതഹൃദയവുമായി 

നടന്നുനീങ്ങുമ്പോൾ 

ഇടറുന്ന കാൽപ്പാദം തേടുന്ന 

വഴിയേതുമാവാം ..















Thursday, July 2, 2026

വിധി

 കാലത്തിന്റെ ഒളിച്ചോട്ടത്തിൽ 

തട്ടിയും മുട്ടിയും കലപില കൂട്ടുന്ന ഓർമ്മക്കൂടുകൾ...!


പെരുമഴയിൽ നിന്നും ഓടിക്കയറിയ 

കുടിലിനുള്ളിൽ കൂട്ടിനെത്തിയ 

ചെറുകാറ്റ്...!


ആത്മാവിനു സാന്ത്വനമേകാൻ 

തൊട്ടുതലോടിയെത്തിയ 

മൊഴികളിൽ കണ്ട സ്വപ്‌നങ്ങൾ..,!


പൊളിഞ്ഞു വീഴുന്ന ഓർമ്മകളിൽ 

പിടയുന്ന ചിന്തകൾ വെളിച്ചം തേടി 

അലയുമ്പോൾ...


സ്നേഹരാഹിത്യത്തിന്റെ  കട്ടിക്കരിമ്പടം

വീഴ്ത്തുന്ന കരിനിഴലിൽ മൂടപ്പെടുന്ന

യഥാർത്ഥ്യങ്ങൾ..!


സൗഹൃദത്തിന്റെ  നൈർമ്മല്യം 

തിരിച്ചറിയാത്തവരുടെ കരാള-

ഹസ്തങ്ങളിൽ വീണുപൊലിയുന്ന 

ഈയൽജന്മങ്ങൾ..!!


തിരിച്ചറിവില്ലായ്മയുടെ നിഴലാട്ടത്തിൽ

വീണ് പിടയുമ്പോൾ 

നഷ്ടങ്ങളുടെ ഇഴച്ചിലുകളിൽ 

വിധിയെന്ന ആശ്വാസം ബാക്കി..!





ഒറ്റുകാർ

 ഒറ്റുകാർ 

.............

കൂട്ടുകൂടാൻ വന്ന് 

ഒറ്റുകാരാകുന്നവരുടെ ലോകം. 


കാപട്യത്തിന്റെ 

ആൾരൂപങ്ങളുടെ 

വലയിൽ വീണുപിടഞ്ഞൊടുങ്ങുന്ന 

ജീവിതങ്ങൾ..


ബന്ധങ്ങൾ ചൂഷണം ചെയ്ത് 

ബന്ധുത്വം നശിപ്പിക്കുന്ന  

കപടതകളുടെ കൂട്ടായ്മയിൽ 

മനസ്സു വെന്തുനീറിയൊടുങ്ങുന്ന

ശലഭജന്മങ്ങൾ..!


അവരുടെ വേദനയിൽ പുളകിതരാവുന്ന

സ്നേഹശൂന്യരാൽ 

ബലിയാടാക്കപ്പെടുന്നവരുടെ

നൊമ്പരത്തിനു 

കാലം കണക്കു പറയുമ്പോൾ...

ശാപവർഷത്തിൽ നിന്നും കരകയറാൻ 

ഏതു മന്ത്രത്തിനും തന്ത്രത്തിനും കഴിയും?.....

ശ്രീരേഖ ✍️✍️

അവിശ്വാസം

 ശാസ്ത്രത്തിന്റെ വളർച്ചയിൽ

തെളിവുകൾ കൊണ്ട് വേലികെട്ടി 

സത്യം പുകച്ചുരുളാൽ മറയപ്പെടുമ്പോൾ..

പാതിവഴിയിൽ ഒടുങ്ങുന്നു പല ജീവിതങ്ങളും..!


ഇരട്ടത്താപ്പുമായി വിധി നിന്നു ചിരിക്കുമ്പോൾ 

വിവേകമില്ലായ്മയുടെ ഉമിത്തീയിൽ 

നീറിയൊടുങ്ങുമ്പോൾ 

പരിഹാസരായി തീച്ചൂളയിലൂടെ നടന്ന് 

പുകച്ചുരുളുകളായി തീരുന്ന യുവത്വങ്ങൾ..!


കൈപിടിച്ചുയർത്തേണ്ടവർ പോലും 

കരളിൽനിന്നും പറിച്ചെറിയുമ്പോൾ 

കടലാഴങ്ങളെ സ്നേഹിക്കാൻ മാത്രം 

തുടിക്കുന്ന മനസ്സായ് മാറുമവരുടെ നാളെകൾ..!


തിരസ്കാരത്തിന്റെ നോവുപടിയിൽ 

തട്ടിവീണുഴറുന്ന  വാക്കുകൾക്ക്  കൂട്ടായ് 

ചിതറിത്തെറിച്ച വിശ്വാസത്തുണ്ടുകളും 

മൗനനൊമ്പരച്ചിന്തുകളും മാത്രം..!!








Monday, May 4, 2026

കൊഴിഞ്ഞുവീഴും പൂക്കൾ

പെയ്തുതീരാത്ത മേഘക്കൂട്ടിലേ-

യ്ക്കാഴ്ന്നിറങ്ങിയ നൊമ്പരശ്ശീലുകൾ 

കാത്തിരിക്കുന്ന സ്വപ്നത്തേരിൽ 

ദളങ്ങൾക്കൊഴിഞ്ഞ പൂക്കളായിടുന്നു.


നിർത്താതെ പെയ്യുന്ന പേമാരിയിൽ 

നനഞ്ഞവളെന്നോടൊട്ടി നിൽക്കവേ 

ആരോരും കേൾക്കാതടക്കിനിർത്തിയ 

ഗദ്ഗദം തൂലികയിൽ വരികളായിടുന്നു.


ചിലതു പൂക്കളായ് വിരിഞ്ഞുനില്ക്കുന്നു 

ചിലതുമൊട്ടിലേ കരിഞ്ഞുപോവുന്നു

ആരുമറിയാതെയുള്ളിന്റെയുള്ളിൽ 

പാകത്തിനൊളിച്ചവ വേറെയുമേറ്റം.


വിതുമ്പില്ലിനിയുമാ ചുണ്ടുകൾ, ചൊല്ലാം

തുളുമ്പില്ലിനിയുമാ മിഴികളും തെല്ലും.

ഇനിയെത്രനാളുണ്ടറിയുകില്ലൊന്നും 

ഒരു നാൾ മൂകമായ് പടിയിറങ്ങിടാം. 


തികച്ചും നശ്വരം ലോകത്തെ നമ്മൾ

നാകമായ് കാണുന്നതെന്തു മൂഢത്വം!

എന്നും പ്രതീക്ഷയിലൊഴുകുന്ന ജന്മം

നാളെയീമണ്ണിലൊടുങ്ങാതിരിക്കുമോ!


(ശ്രീരേഖ എസ് )

Thursday, April 30, 2026

പൊള്ളുന്ന കാഴ്ചകൾ

വെയിൽപ്പൊള്ളലേറ്റ് 

ഓർമ്മകൾ അടർന്നുവീഴുമ്പോൾ 

നഷ്ടപ്പെടുന്നത് ജീവതാളമോ?

പിഴയ്ക്കുന്ന കണക്കുകൂട്ടലിൽ 

തിളയ്ക്കുന്ന മനസ്സിനെ തണുപ്പിക്കാൻ 

പായൽ പിടിച്ച ചിന്തകൾ മാത്രം..!

മിഴികൾ കാണാകാഴ്ചകളിലേക്ക് തെന്നിനീങ്ങുമ്പോൾ 

അറ്റുപോകുന്നത് ബന്ധങ്ങളുടെ ഇഴകൾ..

പരസ്പരം മനസ്സിലാകാതെ 

ഒരു കൂരയ്ക്കുള്ളിൽ 

അന്യരെപ്പോലെ ജീവിക്കുന്നവർ 

അഭിനയിയിച്ചു തകർക്കുമ്പോൾ 

രാത്രിമഴ മിഴികളിലൊളിപ്പിക്കാൻ 

വിധിക്കപ്പെട്ട ചില പാഴ്ജന്മങ്ങൾ.

കൂണുകൾ പോലെ മുളയ്ക്കുന്ന 

'റിയൂണിയനുകൾ '

തകർത്തെറിയുന്ന കുടുംബബന്ധങ്ങളിൽ 

ഈയാംപാറ്റയെപ്പോലെ 

ഒടുങ്ങിപ്പോവുന്ന ജീവിതങ്ങൾ..

തിരഞ്ഞെടുക്കുന്നവ നന്നായില്ലെങ്കിൽ 

തീരത്തടിഞ്ഞു വീഴുന്ന സ്വപ്‌നങ്ങൾ

കരിയിലക്കാറ്റുപോലെ 

ഗതികിട്ടാതെ പാറിനടന്നല്ലേ പറ്റൂ!?

Tuesday, April 21, 2026

കനൽവഴികൾ


ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും 

ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര...

പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ 

മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ!


കൂരിരുൾപ്പാതയിലൂടെ മിന്നാമിന്നി 

വെട്ടം പോലുമില്ലാതെ പായുമ്പോൾ 

പ്രത്യാശയുടെ തിരിവെളിച്ചത്തിനായ് 

കേഴുന്ന മനം കാണാത്ത പരിഹാസങ്ങൾ..!


ഏട്ടിലെ കിനാക്കളുടെ ആയുസ്സുപോലെ 

പെറുക്കിയെടുത്ത ഓർമ്മകളിലൂടെ 

കിതച്ചും തളർന്നും മുന്നോട്ട് നടന്നാലും 

പാതിയിൽ നിലച്ച ഘടികാരംപോലെ ജീവിതം.!!


നല്ലതിനായ് നെഞ്ചോടുചേർത്തുവെച്ച 

ബന്ധങ്ങൾ ബന്ധനത്തിലാക്കുമ്പോൾ 

ബാഹ്യരൂപ ഭംഗിയിൽ ഭ്രമിച്ചു തീരുന്ന 

പുതുബന്ധങ്ങൾക്ക് 

ഈയാംപാറ്റയുടെ ആയുസ്സ്..!


താങ്ങും തണലുമാകേണ്ടവർതന്നെ 

തളർത്തിയോടിച്ചുകൊണ്ടിരിക്കുമ്പോൾ 

തായ്മരത്തിന്റെ വിങ്ങൽ കാണാതെ 

ശിഖരങ്ങൾ വെട്ടുന്ന പുരോഗമനചിന്തകൾ .!


ചേതനയറ്റ മനസ്സിന് കൂട്ടുപോകാൻ 

വറ്റിയ മിഴികളുടെ തേങ്ങലുകളിൽ 

സ്തംഭിച്ചു പോയ ഹൃദയമർമ്മരങ്ങൾക്ക് 

വിജനതയിലെ കനൽവഴികൾ മാത്രമോ..?

നിലാവ് പെയ്യാത്ത രാത്രി

 നിലാവ് പെയ്യാത്ത രാത്രി 

...................................

കരിനിഴൽ വീഴ്ത്തുന്ന 

അഴലുകൾക്കിടയിൽ 

പൗർണമിയും പിണങ്ങി നിൽപ്പൂ..

ആരവമില്ലാതെ മൂകം നിശീഥിനി

നീയെനിയ്ക്കിന്ന് കൂട്ടായതോ..!


ചന്ദ്രികതന്നൊളി കനവു കണ്ടേപ്പോഴും 

ചന്ദനത്തേരേറീ വന്ന കിനാവുകൾ 

ചമയങ്ങളേതുമില്ലാതെ നിൽക്കുന്നിതാ 

വെൺ നിലാവില്ലാത്ത രാവിനു കൂട്ടായ്..


മാറി  ഋതുക്കളോരൊന്നു വരികിലും

വിരിയുമീ നൊമ്പരപ്പൂവുകളൊക്കെയും 

കൊഴിയാതെയെന്നിലായ് പുൽകി നിന്നിടവേ 

 പ്രണയിച്ചു. പോകുമിരുട്ടിനെപ്പോലും..!



Wednesday, March 11, 2026

ദുരിതപർവ്വം

 ദുരിതപർവ്വം

....................................

കാലത്തിന്റെ ചിറകടിയൊച്ചയിൽ

അമർന്നുപോകുന്ന ചില നിശ്വാസങ്ങൾ,

വേട്ടനായ്ക്കളുടെ പിടിയിൽനിന്നു൦ 

കുതിച്ചോടുന്ന കിതപ്പുകൾ,

ചിലന്തിവലകൾ ഭേദിക്കാൻ 

വീർപ്പുമുട്ടുന്ന നെടുവീർപ്പുകൾ, 

ദാഹജലത്തിനായി നെട്ടോട്ടമോടുന്ന 

വരണ്ടനാവുകൾ,

പട്ടിണിയുടെ നീരാളിപ്പിടുത്തത്തിൽ 

പിടയുന്ന തെരുവുകൾ,

മതിമറന്നുമദിച്ച കാഴ്ചകൾക്കു മുന്നിൽ 

വിറങ്ങലിച്ചുനില്ക്കുന്ന സത്യങ്ങൾ......

എവിടേക്കോടണ൦ ആശ്രയത്തിനായി? 

ആരുടെ മുന്നിൽ കൈകൂപ്പണ൦

അഭയത്തിനായി?


അമ്മേ, നിൻമാറു കീറിമുറിച്ച 

ഈ പാപികളോടു പൊറുക്കില്ലേ?

അറിവില്ലായ്മ കൊണ്ടു൦ 

അഹങ്കാരം കൊണ്ടു൦ 

നിന്നെ ചുട്ടുപൊള്ളിച്ച്

ഹരിതാഭമാർന്ന ഉടയാടകൾ 

ചാരത്തിൽ  പൂഴ്ത്തിയ നരാധമൻമാരോടു പൊറുക്കുവാൻ

ഇനിയെന്തു പ്രായശ്ചിത്തം ചെയ്യേണം?


വരു൦ തലമുറയെയെങ്കിലു൦ രക്ഷിക്കാൻ 

തണൽമരക്കീഴിൽ തല ചായ്ച്ചുറങ്ങാൻ 

ശുദ്ധജല൦ കുടിച്ചു ദാഹശമനമേകാൻ 

പ്രകൃതിയെ സ്നേഹിക്കാ൦...... 

പ്രകൃതിയോടൊത്തു ജീവിക്കാ൦!

Friday, February 27, 2026

ഒറ്റമുറി

 ഒറ്റമുറി 

********

ഒരുപാട് മുറികളുള്ള വീട്ടിലും 

ഒറ്റപ്പെട്ട ഒരു മുറിയുണ്ടാവും.

അവിടുത്തെ ശീതസമരങ്ങൾക്ക് 

സാക്ഷിയാവാൻ നെടുവീർപ്പുകൾ മാത്രം.!

പ്രഭാതത്തിലെ കിളിയൊച്ചകൾക്കൊപ്പം 

പുലർകാലസൂര്യനെ ആനയിച്ചുകൊണ്ട് 

ആ വാതിൽ തുറക്കപ്പെടും.

പുഞ്ചിരിയുടെ ചുട്ടിചാർത്തി 

ഭാവാഭിനയത്തിന്റെ അതിപ്രസരത്തോടെ 

ഒരു ദിനം തുടങ്ങുകയായി.

ദ്രവിച്ചു തുടങ്ങിയ ജീവിതപ്പാലം 

കരകരശബ്ദത്തോടെ ഞരുങ്ങി 

കിതയ്ക്കുന്നതാരും കേൾക്കാതിരിക്കാൻ 

ഊർജ്ജഭാവം വരുത്തും.

പകൽസൂര്യൻ സായാഹ്നത്തിന്റെ 

കുങ്കുമരാശിയണിയുമ്പോൾ

നിസ്സംഗതയുടെ മൂടുപടവുമായി 

ഒരുവൾ പാലൊളി ചന്ദ്രികയുടെ 

പുഞ്ചിരിക്കായ് വാനം നോക്കും.

നിരാശയുടെ കറുത്ത മേഘങ്ങൾ 

പരിഹസിച്ച് നൃത്തമാടുന്നതും നോക്കി, 

അടഞ്ഞുകിടക്കുന്ന

ആ ഒറ്റമുറിയിലേക്ക് വീണ്ടുമൊരു രാവ്.!

ആവർത്തന വിരസതയുടെ

ഭണ്ഡാരം തുറന്നൊരുവൾ 

ഇമകളെ പൂട്ടിപ്പിടിക്കുമ്പോൾ..

ഒരുപാട് കഥകൾ പറയുന്ന

ആ ഒറ്റമുറിക്കൊപ്പമവളും നിദ്രയിലേക്ക്..!

Thursday, February 26, 2026

നിശബ്ദ തേങ്ങലുകൾ

 നിശബ്ദതേങ്ങലുകൾ 

***********************

ആരോരുമറിയാതെ 

ഉള്ളിന്റയുള്ളിൽ 

ഉറവവറ്റിയപോലെ 

ചില തേങ്ങലുകൾ 

വര്ഷങ്ങളായി 

കട്ടിപിടിച്ചു കിടക്കുന്നുണ്ടാവാം.

ചില പൊട്ടിത്തെറികൾ 

ഉണ്ടാവുമ്പോഴാവും 

ചെറിയ ചീളുകൾക്ക്പോലും 

ഹുങ്കാര ശബ്ദമുണ്ടാവുന്നത്..!

അവരുടെ ഹൃദയാഴങ്ങളിലേക്ക് 

ഇറങ്ങിച്ചെന്നാൽ കാണാം

കടലാഴങ്ങൾ.

പങ്കുവെക്കാനാരുമില്ലാതെ 

ഉറഞ്ഞുപോയ സങ്കടക്കടലുകൾ.

ഏതു നിമിഷവും പൊട്ടിത്തെറിച്ചേക്കാം.

അതിൽ ഒലിച്ചു പോകുന്നത്

കൂടെയുണ്ടെന്നു മോഹിപ്പിച്ചു 

നമ്മളെ ചതിക്കുന്നവരും

കള്ളങ്ങൾ കൊണ്ട് കൊട്ടാരം

പണിത് വാഴുന്നവരുമുണ്ടാവാം..!

രണ്ടു വള്ളങ്ങളിൽ കാലുവെച്ചു

തുഴയുംപോലെയാണ് ചില ബന്ധങ്ങൾ.!

കപട സ്നേഹത്തിന്റെ പങ്കായം

ചതിക്കുമ്പോൾ..

ആഴക്കടലിലേക്കുള്ള വീഴ്ചയിൽ നിന്നും 

കരകയറണമെങ്കിൽ..

സത്യത്തിനെ മുറുകെപിടിക്കുവാൻ

ശ്രമിക്കുക.

രഹസ്യങ്ങൾ കൂടുന്ന ഒളിച്ചുകളികൾ

പരസ്യമാകുംവരെയായുസ്സെന്നറിയുക.

നിനച്ചിരിക്കാനേരം വിധി നടപ്പാക്കിയാൽ

പരിതാപകരമാകും ശിഷ്ടജീവിതംമീ മണ്ണിൽ!



ഒഴിവാക്കൽ

 ഒഴിവാക്കൽ 

*************

നമ്മളെ വേണ്ടാത്തിടത്തു നിന്നും 

സ്വയം ഒഴിഞ്ഞുപോകാൻ 

മനസ്സിനെ പാകപ്പെടുത്തണം.


മറ്റുള്ളവരുടെ പെരുമാറ്റത്തിൽ നിന്നുമവ 

തിരിച്ചറിയുവാനുള്ള കഴിവുണ്ടാകണം.


തമ്മിൽ തല്ലിക്കുന്നവരെ തിരിച്ചറിഞ്ഞു,

(എത്ര വേണ്ടപ്പെട്ടവരാണെങ്കിലും )

അകലം പാലിക്കാനുള്ള ധൈര്യമുണ്ടാവണം.


മറ്റുള്ളവരെ കാണിക്കാനല്ലാതെ

തന്നോട് ചേർന്ന് നിൽക്കുന്നവരെ

സ്നേഹിക്കാനുള്ള മനസ്സുണ്ടാവണം.


തനിക്കു താൻ മാത്രമെന്നയറിവിൽ 

മുന്നോട്ട് ജീവിക്കാൻ സ്വയം ആർജവമുണ്ടാക്കണം.




പറയാൻ മറന്ന വരികൾ

  പറയാൻ മറന്ന വരികൾ  ++++++++++++++++++ എത്ര നാളായി കാണുന്നു നിന്നെ ഞാ- നത്ര നാളും പറയാൻ മറന്നുപോയ്. ഇത്രനേരം നിനച്ചു ഞാനെങ്കിലും വ്യർത്ഥമാവ...