Monday, October 9, 2023

സ്വപ്നം

 സ്വപ്നം

********

നിറമുള്ള സ്വപ്‌നങ്ങൾ കണ്ടുറങ്ങി

നിറമേഴും മോഹങ്ങൾ പെയ്തിറങ്ങി

അറിയാതുണർത്തിയ പുലരിയിലന്നെന്റെ

കനവിലും വർണ്ണങ്ങൾ ചിറകടിച്ചു.


പ്രിയമുള്ളൊരാളാരോ അരികിലെത്തി

പ്രിയമോടെ ചേർത്തെനിയ്ക്കുമ്മ തന്നു

വാത്സല്യച്ചൂടിനാൽ ചെന്നിരുന്നപ്പോൾ

അച്ഛന്റെ സ്നേഹം കുളിരുമ്മയായ്!...


കാഴ്ച്ചകളായിരം കാട്ടിത്തന്നെന്റെ

കരളിൽ പ്രതീക്ഷയായെന്റെയച്ഛൻ!

അറിയാതെ മെല്ലെയുണർന്നീടവേ

തുണയില്ലാതയ്യോ! ഞാനേകയായി..

Monday, October 2, 2023

അവസ്ഥാന്തരം


പറയുവാനായുള്ള നിറവുകളൊക്കെയും

പലവുരുവുള്ളില്‍ തെളിഞ്ഞു വന്നു .

പറയാന്‍ തുടങ്ങവേയറിയാതെയകതാരില്‍

കതകുകള്‍ താനേയടഞ്ഞു പോയി.


പഴകിത്തുരുമ്പിയ വാക്കുകള്‍ മനസ്സിന്റെ

പടിവാതിലില്‍ വന്നു പതുങ്ങി നിന്നു

പതറാതെ പറയുവാനാവില്ലെന്നോര്‍ത്താവാം

അധരങ്ങള്‍ മെല്ലെ വിതുമ്പി നിന്നു.


കളി, ചിരി ചൊല്ലുവാന്‍ കൊതിയാർന്ന വാക്കുകള്‍

അനുവാദമേകുവാന്‍ കാത്തുനിന്നു.

അധരത്തിന്നാര്‍ദ്രത തേടിയ വാക്കുകള്‍

അലിവിന്റെ തീരത്തണഞ്ഞ നേരം


ആഴി തന്നേകാന്തദിക്കുകളിലാർദ്രമായ്

ഒരു കിളിനാദമലഞ്ഞൊടുങ്ങി.

അലറിക്കരഞ്ഞ മനസ്സിന്റെ വാതിലിൽ,

കുളിരുമ്മയായൊരു  തെന്നൽ വന്നു

രാവിന്റെ ഗദ്ഗദങ്ങൾ

പകലിന്റെ പൊള്ളുന്നപൊളികൾ കേട്ടോ

രാവിത്ര ഗദ്ഗദംപൂണ്ടോനില്പു..!

രാവിന്റെ മറവിലെ ചെയ്തികൾ കണ്ടതോ

മിഴിചിമ്മിനിൽക്കുന്നു പൂന്തിങ്കളും!


പൊയ്മുഖമോരോന്നഴിഞ്ഞു വീഴുന്നതീ-

യിരുളിന്റെയേകാന്തയാമങ്ങളിൽ!

വെട്ടത്തിൽമിന്നും മുഖങ്ങളതൊക്കെയും

വീഴുന്നു രാവിന്നിരുൾക്കയത്തിൽ!


പിൻവിളിക്കൊന്നും കാതോർത്തു നിൽക്കാതെ

പകലോൻ വന്നു വർണ്ണങ്ങൾ വിതറവേ..

കാഴ്ചകൾക്കപ്പുറമുള്ള ഇരവിന്റെഗദ്ഗദം..

കേൾക്കാനുമറിയാനും ആരുണ്ടീ ഭൂവിൽ..!











നിറംമങ്ങിയ സ്വപ്‌നങ്ങൾ


കരളിലെപ്പൊഴും കുമിയും മോഹങ്ങൾ

കരിയിലക്കാറ്റായ് പറന്നുയരുമ്പോൾ

അറിയാതുൾക്കണ്ണിൽ തെളിഞ്ഞിടുന്നുണ്ടാ-

മൃതിയുടെ നാനാമുഖങ്ങളൊന്നൊന്നായ്!


ഇനി നമ്മളോടിയൊളിച്ചുപോകിലും

നിഴലുപോലുണ്ടെന്നറിഞ്ഞിടാം ചാരെ.

വെറുപ്പിന്നമ്പുകൾ തുളഞ്ഞുകേറവേ

വെറുതെ ചിന്തിച്ചു കുമിയുന്നൊക്കെയും.


ദുരിതക്കാഴ്ചകൾ ദിനവും കൂടുമ്പോൾ

കദനഭാരത്താൽ മനമുടയുന്നു.

പെരുകവേ ഭൂവിൽ നികൃഷ്ടശക്തിക,-

ളൊളിക്കുന്നു സ്നേഹസ്വരങ്ങളത്രയും.


സതതം നാം തമ്മിൽ തകർത്തു നേടുമ്പോ-

ളകന്നുപോവുന്നീയടുത്ത ബന്ധങ്ങൾ!

ദിനവുമോടി നാം തളർന്നു വീഴുമ്പോൾ

കരുതുക, താങ്ങാനിവിടെയില്ലാരും!




.

മറവി


എത്ര തിരഞ്ഞിട്ടും കണ്ടെത്താനാവുന്നില്ല ചില നല്ലോര്‍മ്മകള്‍.

എങ്കിലും, ഒരുനിലാപ്പക്ഷിപോലെ 

ചിറകടിക്കുന്നു മറക്കാന്‍ ശ്രമിക്കുന്ന കാഴ്ചകള്‍.. 

അകലങ്ങളിലേക്ക് വലിച്ചെറിയുന്തോറും 

അകതാരിലേക്ക് ആഴ്ന്നിറങ്ങുന്ന 

കൂർത്ത മുനകള്‍ പോലെ ചില ശബ്ദങ്ങള്‍.. 

കാതോരം ശ്രവിക്കാന്‍ ആഗ്രഹിച്ചതൊരിക്കലും കാതണഞ്ഞില്ല.

കാഴ്ചാസുഖംതേടിയ മിഴികൾ നോവിന്റെ 

ചുടുനിശ്വാസങ്ങളാല്‍ മങ്ങുന്നു..

രാത്രിമഴയില്‍ മുങ്ങിയ സ്വപ്‌നങ്ങള്‍ 

കടലാഴങ്ങളിലെവിടെയോ 

മുങ്ങിത്താണ്‌ പോയോ.. !

മറവിമാത്രം..

നല്ലതിനെ മുക്കിത്താഴ്ത്തുന്ന

തിന്മയെ

തെളിച്ചുനിര്‍ത്തുന്ന മറവിയെങ്ങും

അപരിചിതർ


ആരെന്നറിയാതെ കണ്ടുമുട്ടുന്നവർ,

ആരൊക്കയോ ആയി മാറീടും കാലം.

അപരിചിതരായി വന്നവർ പിന്നെ,

സുപരിചിതരായി മാറിയേക്കാം.

അന്ധകാരത്തിലൊരു വെട്ടമായെത്തുവോർ,

നിഴൽപോലെ വന്നു വെളിച്ചം മറയ്ക്കുവോർ....

അപരിചിതർ പരിചിതഭാവം നടിച്ചിടാം....

ഒരുപിടിയകലത്തുതന്നെ നിൽക്കാം..

വല്ലാത്ത കാലമാണെന്നോർത്തിരിക്കണം,

കല്പനയിൽ വീഴാതെ കാക്കണം ജീവിതം.!

ആത്മാർത്ഥസ്നേഹമില്ലാത്തൊരിക്കാലം

ബന്ധങ്ങൾ പേരിലാ,ണപരിചിതരേവരും.

തിരിഞ്ഞു നോക്കാതെ


വിടപറയുവാൻ നേരമായ് മത്സഖേ,

പിന്തിരിയാതെ പോക നീ മെല്ലവേ.

എന്നു കാണുമറിയില്ലയെങ്കിലും

ഹൃത്തിൽ നിന്റെ തേജോരൂപമെപ്പൊഴും.


വഴിയിലെങ്ങോ പിരിഞ്ഞു നാമെങ്കിലും

പാതയെങ്ങും നിൻ കാലടിപ്പാടുകൾ.

പരിഭവമഴയെത്രയോ പെയ്തുപോയ്;

പരിഭവമൊഴിയാ മിഴിപ്പൂക്കളും..!


ഭാവിയിലേക്ക് നീളും നയനങ്ങൾ

യാത്രികരിലുടക്കി നിന്നീടുമ്പോൾ

ഹാ, മുഖംമൂടിയില്ലാതെ കാണുവാ-

നാകുമോ പ്രിയസ്നേഹിതാ, നിൻ മുഖം?


അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...