Monday, October 2, 2023

അവസ്ഥാന്തരം


പറയുവാനായുള്ള നിറവുകളൊക്കെയും

പലവുരുവുള്ളില്‍ തെളിഞ്ഞു വന്നു .

പറയാന്‍ തുടങ്ങവേയറിയാതെയകതാരില്‍

കതകുകള്‍ താനേയടഞ്ഞു പോയി.


പഴകിത്തുരുമ്പിയ വാക്കുകള്‍ മനസ്സിന്റെ

പടിവാതിലില്‍ വന്നു പതുങ്ങി നിന്നു

പതറാതെ പറയുവാനാവില്ലെന്നോര്‍ത്താവാം

അധരങ്ങള്‍ മെല്ലെ വിതുമ്പി നിന്നു.


കളി, ചിരി ചൊല്ലുവാന്‍ കൊതിയാർന്ന വാക്കുകള്‍

അനുവാദമേകുവാന്‍ കാത്തുനിന്നു.

അധരത്തിന്നാര്‍ദ്രത തേടിയ വാക്കുകള്‍

അലിവിന്റെ തീരത്തണഞ്ഞ നേരം


ആഴി തന്നേകാന്തദിക്കുകളിലാർദ്രമായ്

ഒരു കിളിനാദമലഞ്ഞൊടുങ്ങി.

അലറിക്കരഞ്ഞ മനസ്സിന്റെ വാതിലിൽ,

കുളിരുമ്മയായൊരു  തെന്നൽ വന്നു

No comments:

Post a Comment

ലഹരി

ലഹരി  ******* ലഹരിയിലാറാടും നമ്മുടെ നാടിതിൽ ലഹരിയിലാടിക്കുഴയുന്നു കുട്ടികൾ ജീവിതലഹരിക്കായ് പൊരുതേണ്ടവരിന്നോ ലഹരിയിലാകെ തുലയ്ക്കുന്നു ജീവിതം!...