Monday, October 2, 2023

നിറംമങ്ങിയ സ്വപ്‌നങ്ങൾ


കരളിലെപ്പൊഴും കുമിയും മോഹങ്ങൾ

കരിയിലക്കാറ്റായ് പറന്നുയരുമ്പോൾ

അറിയാതുൾക്കണ്ണിൽ തെളിഞ്ഞിടുന്നുണ്ടാ-

മൃതിയുടെ നാനാമുഖങ്ങളൊന്നൊന്നായ്!


ഇനി നമ്മളോടിയൊളിച്ചുപോകിലും

നിഴലുപോലുണ്ടെന്നറിഞ്ഞിടാം ചാരെ.

വെറുപ്പിന്നമ്പുകൾ തുളഞ്ഞുകേറവേ

വെറുതെ ചിന്തിച്ചു കുമിയുന്നൊക്കെയും.


ദുരിതക്കാഴ്ചകൾ ദിനവും കൂടുമ്പോൾ

കദനഭാരത്താൽ മനമുടയുന്നു.

പെരുകവേ ഭൂവിൽ നികൃഷ്ടശക്തിക,-

ളൊളിക്കുന്നു സ്നേഹസ്വരങ്ങളത്രയും.


സതതം നാം തമ്മിൽ തകർത്തു നേടുമ്പോ-

ളകന്നുപോവുന്നീയടുത്ത ബന്ധങ്ങൾ!

ദിനവുമോടി നാം തളർന്നു വീഴുമ്പോൾ

കരുതുക, താങ്ങാനിവിടെയില്ലാരും!




.

No comments:

Post a Comment

കൊഴിഞ്ഞുവീഴും പൂക്കൾ

പെയ്തുതീരാത്ത മേഘക്കൂട്ടിലേ- യ്ക്കാഴ്ന്നിറങ്ങിയ നൊമ്പരശ്ശീലുകൾ  കാത്തിരിക്കുന്ന സ്വപ്നത്തേരിൽ  ദളങ്ങൾക്കൊഴിഞ്ഞ പൂക്കളായിടുന്നു. നിർത്താതെ പെ...