Saturday, July 25, 2020

അതിർവരമ്പുകൾ

അധരച്ചൂടിന്റ പൊള്ളലിൽ നിന്നായിരുന്നു
സൗഹൃദത്തിന്റെ 
പവിത്ര മുത്തുകൾ ചിതറിപ്പോയത്!

ഉതിർന്നു വീണ മിഴിനീർതുള്ളികൾ 
ഒപ്പിയെടുത്ത മൊഴിയിടങ്ങളിൽ
അഴിഞ്ഞു വീണത് സ്നേഹത്തിന്റെ 
വിശുദ്ധ കുപ്പായമായിരുന്നു.. 

ലംഘിക്കപ്പെട്ട അതിർവരമ്പുകളിൽ
നിന്നുതിർന്ന തളർച്ചകളാണ്
സ്നേഹോഷ്മള വാക്കുകളെ വിഷലിപ്തമാക്കി  മാറിയത്.. 

അനർഹമായ 
അവകാശവാദങ്ങളുടെ
വഴുവഴുപ്പിൽ തെന്നി വീഴുമ്പോളാണ് 
ബന്ധങ്ങളൊക്കെ 
ബന്ധനങ്ങളെന്നറിയുന്നത്.
~

Thursday, July 9, 2020

മായുന്ന കാഴ്ചകൾ

മങ്ങുന്ന ചിന്തകൾ 
മായുന്ന കാഴ്ചകൾ 
മരണമേ നീയിങ്ങു 
അരികിലാണോ..? 

അടരുന്ന മോഹങ്ങൾ 
അകലുന്ന ബന്ധങ്ങൾ 
അണയാത്ത വിദ്വേഷം 
ഇരയായി തീരുന്നുവോ?

ചപലമോഹങ്ങളിൽ 
ചടഞ്ഞിരിക്കും മനം 
ചതിക്കുഴിയൊരുക്കി
മുഖം മൂടിയുമായാരോ.. 

മധുരമാം മൊഴിയിൽ 
പൊഴിയുന്ന പൂക്കൾ 
വിഷാദത്താൽ ചിലത്
മൊട്ടിലേ കരിയുന്നു!

മൃത്യു വന്നു മുന്നിൽ നിന്നാലും 
തീരുന്നതില്ല,
മർത്യന്റെയഹങ്കാരം 

കഷ്ടനഷ്ടങ്ങൾ ദുരന്ത-
മാകുമ്പോഴും,കണ്ണടച്ചീടുന്നുവോ,
ഈശ്വരൻ പോലും!
~

Thursday, July 2, 2020

സുന്ദര സ്വപ്നം

പാതിമയക്കത്തിൽ കണ്ടൊരാ
സ്വപ്നത്തിലാരോ മൂളുന്നൊരു പാട്ട് 
കരളിൽ വിരിയുന്ന മൗനസംഗീതം 
പാതിരാക്കാറ്റിലലിഞ്ഞു ചേർന്നു. 

ഈറൻ നിലാവിന്റെ ലാളനയിൽ 
തരളിതയായ നിശാഗന്ധിപോൽ 
മനമതിൽ കനവുകൾ നെയ്യുമ്പോൾ 
രാക്കിളിപ്പാട്ടിലുമൊരു പ്രണയഭാവം 

കതിരോന്റെ വരവിനെ കാണാൻ 
കൊതിച്ചൊരാ മഞ്ഞുതുള്ളിതന്നുള്ളിലും 
ദല മർമ്മരങ്ങളിൽ നീന്തിത്തുടിക്കുന്ന 
മധുപന്റെ മൂളലിലുമാ പ്രണയരാഗം 

വെള്ളിച്ചില്ലകളെ തഴുകിയുണർത്തി 
പൊൻ പ്രഭാതം പുഷ്പിണിയായി 
പാതിരാവിൽ കേട്ടൊരാ മൃദുസംഗീതം 
സുന്ദരസ്വപ്നത്തിലലിഞ്ഞു ചേർന്നു.

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...