Friday, December 31, 2021

പുതുവത്സരാശംസകൾ

 ധനുവിലീമഞ്ഞുപുതച്ചരാവിൽ

പുതുവർഷവരവേൽപ്പിനായൊരുങ്ങാം!ഗതകാലദുഃഖങ്ങളൊക്കെ മായ്ക്കാം,

നവവർഷത്തെ വരവേൽക്കാം, പ്രാർത്ഥനയോടെ!....


വ്രണിതമാം ചിന്തകൾ മാറ്റിനിർത്താം

വാശിവൈരാഗ്യങ്ങൾ അകറ്റി നിർത്താം

സ്നേഹത്തലോടലാലൊരുമിച്ചിടാം.. സുസ്മിതം പുതുവർഷം വരവേറ്റിടാം.


ഒഴിയാത്ത മാരിയെ നേരിടാനായ്

ജാഗ്രതയോടെങ്ങും മുന്നേറിടാം

അന്യോന്യം കൈത്താങ്ങായ് നമ്മൾക്കെല്ലാം

നന്മമരങ്ങളായ് പൂത്തു നിൽക്കാം!..

Tuesday, December 28, 2021

ജീവിതം പ്രത്യാശയിലേക്കുണരുന്നത്

തിക്താനുഭവങ്ങളിൽ

വിതുമ്പിനിൽക്കുന്ന വാക്കുകൾ

വഴിയറിയാതെയിടറി നിൽക്കുമ്പോൾ

കൈത്താങ്ങാവുന്ന ചിലർ.


സ്വപ്നങ്ങളുടെ ശ്മശാനവഴിയിൽ

മോഹങ്ങൾ നിരത്തി

പിന്തിരിപ്പിക്കുന്നവർ! 

ജീവിതയാത്രയുടെ വഴികൾ

പുഷ്പാലംകൃതമാക്കുന്നവർ!


എപ്പോഴും കൂടെയുണ്ടാകുമെന്നു

കരുതുന്ന നിഴൽപോലും

മുന്നറിയിപ്പില്ലാതെ വിട്ടകലുമ്പോൾ

ആരുടെയും ക്ഷണം കാത്തുനിൽക്കാതെ

കൂട്ടിനെത്തുന്നവർ!


അങ്ങനെയാണ് ജീവിതം

പിന്നെയും പ്രതീക്ഷാഭരിതമാവുന്നത്;

പ്രത്യാശയിലേക്കുണരുന്നത്!

മാനസത്തോഴൻ

 സ്നേഹത്തിൻ രാഗത്തിലെഴുതുമീ വരികളിൽ

ജീവൻ പകർന്നു നീ കൂടെനില്ക്കേ

സ്നേഹനിറവിനാലറിയാതെയുൾത്തടം 

പുളകത്തിൻ മലർവാടിയായപോലെ...!


പാതി വഴിയിലിടറിയ വാക്കുകൾ 

അർത്ഥമറിയാതെ തേങ്ങിയപ്പോൾ 

നിൻ കൂട്ടെനിക്കെത്ര ധന്യമാം സാന്ത്വനം

ഈ വേള നീയെന്നെപ്പുല്കിടുമ്പോൾ


അറിയാതെ ഞാനൊന്നു പതറിയ വേളയിൽ

അരുമയായ് കൂടെ നീ ചേർത്തുനിർത്തി,

എത്രയോനാളായെൻ ഹൃദയവനിയിലെ

വാടാത്ത പൂവായ് സുഗന്ധമേകി....!


കാരുണ്യ സാഗരമാകും നിൻ ഹൃത്തിലെ

ഒരു ചെറുതിരയായലയടിക്കാൻ.. 

എൻ മനമെന്നും കൊതിച്ചു നില്പൂ

എൻ മാനസതോഴാ  ചേർന്നു നില്ക്കൂ


ഹൃദയമാംവാടിയിൽ വാടി വീഴാതെ

എന്നെന്നുംപൂക്കും വസന്തമേ നീ...  

നിറയുകെൻ മനസ്സിന്റെ കാലചക്രങ്ങളിൽ

ഒരിക്കലും പിരിയാത്ത തെന്നലായി!..


അകലുവാനാവില്ല കൂട്ടുകാരാ, നിന്റെ

സ്നേഹത്തണലിൽ ഞാൻ വിശ്രമിക്കാം.

വാടിക്കരിഞ്ഞിങ്ങുവീഴുവോളം നിൻ്റെ

വരികളിൽ പൂത്തു മണം പരത്താം....!

Monday, December 27, 2021

ചിന്ത

 ചിന്ത

******

പതറി നിൽക്കുന്ന ചിന്തകൾക്കെപ്പൊഴും

ചിറകുകൾ നിന്റെ മധുരമാമോർമ്മകൾ!

തഴുകിയെത്തുന്ന മന്ദസമീരനായ്

എന്നെയെന്നും പുണരുമാചിന്തകൾ!


ഏകയായ് ഞാൻ തളർന്നിരുന്നീടുമ്പോൾ

മോഹപ്പക്ഷിയായ് പാറുന്ന ചിന്തകൾ,

ചേർത്തെഴുതാ വരികളിലെവിടെയോ

പൂർണ്ണതയെഴാ കവിതയായ് മാറുന്നു


ഇല്ല തെല്ലുമൊടുക്കമെന്നാകിലും

ഇല്ല സ്വസ്ഥതയൊട്ടുമേ ചൊല്ലിടാം.

എങ്കിലുമുണ്ടിടയ്ക്കിടെ കവിതകൾ-

ചിന്ത നല്കുന്ന മധുരമാമൗഷധം!

Monday, December 20, 2021

പൂത്തിരുവാതിര

ആതിരരാവായി തോഴിമാരേ,

കൈകൊട്ടിയാടിക്കളിച്ചിടേണ്ടേ!

കൈലാസേശന്റെ തിരുനാളല്ലോ,

മംഗളം വായ്ക്കും തിരുനോമ്പല്ലോ!


പൊന്നൂഞ്ഞാലാടിക്കളിച്ചിടേണ്ടേ,

പാടിത്തുടിച്ചു കുളിച്ചിടേണ്ടേ!

മംഗല്യസ്ത്രീകൾ നമുക്കീ പ്രണയാർദ്ര-

രാവിതിലുത്സവ കേളിയാടാം.


പാതിരാപ്പൂചൂടി, നീൾമിഴിയി-

ലാർദ്രസ്വപ്നങ്ങളും കണ്ടിരിക്കാം.

ദീർഘസുമംഗലീഭാഗ്യത്തിനായ് 

പൂത്തിരുവാതിരയാഘോഷിക്കാം!


പഞ്ചാക്ഷരീമന്ത്രം ചൊല്ലിക്കൊണ്ടേ

മാനസം തീർത്ഥക്കുളമതാക്കാം.

സങ്കടനാശന, ശ്രീശിവശങ്കര

ഞങ്ങൾക്കനുഗ്രഹം നല്കിടേണേ!


Sunday, December 19, 2021

മണ്ണും മനുഷ്യനും

കണ്ണു തുറക്കുക, കാതോർക്കുക 

മണ്ണിലൂടൊന്നു നടക്കുക, ജീവിതം

മണ്ണിന്റെ വരദാനമെന്നറിഞ്ഞീടുക,

ജീവന്റെ ജീവനീമണ്ണെന്നറിയുക!


ഉഴുതുമറിച്ചു നാം വിതയെറിഞ്ഞുണ്ണുമ്പോ-

ളറിയാതെ സമ്പത്തു കുമിയുമെക്കാലവും.

നന്മനിറഞ്ഞ മനസ്സതുണ്ടെങ്കിലോ

നിത്യസമൃദ്ധമായ്ത്തീരുമിജ്ജീവിതം!


എന്നിട്ടുമയ്യോ! മലീമസം ഭൂതല-

മെങ്ങും മലിനമാം ചിന്തകൾമാത്രമോ!

മണ്ണില്ലെങ്കിൽ മനുജനില്ല, ജീവ-

നെന്നെന്നുമാധാരമീമണ്ണുമാത്രമാം!

അമ്മമനസ്സ്

ഓർമ്മകളിലെപ്പൊഴും തത്തിക്കളിക്കുന്നു,

പൊന്നുമക്കൾതൻ കാൽത്തളകൾ.

പിഞ്ചിളം കാലുകൾ പിച്ചവെച്ചീടുമ്പോൾ

കൊഞ്ചിച്ചിരിക്കുന്നു മാതൃചിത്തം.

എത്ര വളർന്നാലുമാകൊഞ്ചലുകളെൻ

താരാട്ടിൽ പാലമൃതായീടുന്നു.

തിങ്കൾക്കലകാട്ടി, കൊഞ്ചിച്ചു മാമൂട്ടി

പാടുമത്താരാട്ടിനീണത്തിലായ്

വാശി, കുറുമ്പുകൾ കാട്ടിയോടീടുമ്പോൾ

ദേഷ്യം നടിച്ചാസ്വദിച്ചിരിക്കും.

അകലെയാണെങ്കിലുമരികിലാണെങ്കിലും 

മക്കളമ്മയ്ക്കെന്നുമോമനകൾ!

അച്ഛൻ

 അച്ഛന്‍

********

ചൊല്ലുവാനേറെയുണ്ടാകളിമുറ്റത്ത്

മധുരമാമണല്‍ത്തരികള്‍ക്കു നിത്യവും.

ഓർമ്മകൾ വന്നു തഴുകവേ, നിത്യവും

ഹൃദയകോവിലിലച്ഛന്റെ വിഗ്രഹം!


സുസ്മിതം കൊളളുമമ്പിളിമാമനെ

കുഞ്ഞിക്കൈകളാല്‍ വാരിയെടുക്കുവാന്‍ 

കൊഞ്ചി നില്ക്കും കുസൃതിക്കുമുന്നി,ലായ്

ആനയായ് മാറുമെന്നച്ഛനെപ്പൊഴും.


നോവുകൾ നെഞ്ചിലുരുകിത്തിളയ്ക്കവേ

ഓർമ്മയിൽ പുഞ്ചിരിച്ചെത്തുമച്ഛനെ 

ഇല്ല, വാക്കുകൾ ചൊല്ലാനുപമയായ്

എന്റെ ജീവിതപുസ്തകത്താളിലും!


മങ്ങിടാ സ്നേഹമാല്യമണിഞ്ഞു, കാ-

ണിക്ക വാങ്ങാതനുഗ്രഹം പെയ്തിടും 

മനസ്സിൻകോവിലിൽ നിത്യപ്രതിഷ്ഠയായ്

കരുണ ചൊരിയുന്നൊരച്ഛനുണ്ടെപ്പൊഴും!


കാലത്തിന്‍ പടവേറെ ചവിട്ടിലും 

താതവാത്സല്യമാകും പുതപ്പിന്റെ

ചൂടിൽ വളരുന്ന മക്കള്‍തൻമാനസം 

വാടുകില്ല, തളരില്ലൊരിക്കലും!

Monday, December 13, 2021

കൂട്ടുകാരൻ

 സ്നേഹത്തിൻ രാഗത്തിലെഴുതുമീ വരികളിൽ

ജീവൻ പകർന്നു നീ കൂടെനില്ക്കേ

സ്നേഹനിറവിനാലറിയാതെയുൾത്തടം 

പുളകത്തിൻ മലർവാടിയായപോലെ...!


പാതി വഴിയിലിടറിയ വാക്കുകൾ 

അർത്ഥമറിയാതെ തേങ്ങിയപ്പോൾ 

നിൻ കൂട്ടെനിക്കെത്ര ധന്യമാം സാന്ത്വനം

ഈ വേള നീയെന്നെപ്പുല്കിടുമ്പോൾ


അറിയാതെ ഞാനൊന്നു പതറിയ വേളയിൽ

അരുമയായ് കൂടെ നീ ചേർത്തുനിർത്തി,

എത്രയോനാളായെൻ ഹൃദയവനിയിലെ

വാടാത്ത പൂവായ് സുഗന്ധമേകി....!


കാരുണ്യ സാഗരമാകും നിൻ ഹൃത്തിലെ

ഒരു ചെറുതിരയായലയടിക്കാൻ.. 

എൻ മനമെന്നും കൊതിച്ചു നില്പൂ

എൻ മാനസതോഴാ  ചേർന്നു നില്ക്കൂ


ഹൃദയമാംവാടിയിൽ വാടി വീഴാതെ

എന്നെന്നുംപൂക്കും വസന്തമേ നീ...  

നിറയുകെൻ മനസ്സിന്റെ കാലചക്രങ്ങളിൽ

ഒരിക്കലും പിരിയാത്ത തെന്നലായി!..


അകലുവാനാവില്ല കൂട്ടുകാരാ, നിന്റെ

സ്നേഹത്തണലിൽ ഞാൻ വിശ്രമിക്കാം.

വാടിക്കരിഞ്ഞിങ്ങുവീഴുവോളം നിൻ്റെ

വരികളിൽ പൂത്തു മണം പരത്താം....!

Sunday, December 12, 2021

പ്രണയാർദ്രം

 പ്രണയാർദ്രം

@@@@@@@


പൊട്ടിക്കിളിർത്തതാം ചിന്തകളിലെപ്പൊഴും

വിരിയാത്ത സ്വപ്നങ്ങളൊന്നുമാത്രം!

നട്ടുവളർത്തിയ മോഹങ്ങളൊക്കെയും

പെറ്റുകൂട്ടുന്നു നിന്നോർമ്മമാത്രം !.

ചുറ്റിയടിക്കുന്ന കാറ്റിനു പിന്നാലെ 

ചിറകിട്ടടിക്കുന്ന പറവപോലെ

അലയുകയാണു ഞാനിപ്പൊഴുമാശകൾ തളിരിടും മനസ്സുമായെങ്ങുമെങ്ങും.

കാഴ്ചകൾ കണ്മുന്നിലേറെയുണ്ടെങ്കിലും

കാണുന്നതൊപ്പൊഴും നിന്റെ രൂപം.

മധുവൂറും വാക്കുകളായിരമെങ്കിലും 

നിൻ സ്വരം മാത്രം കൊതിച്ചിരിപ്പൂ!

നിദ്രാവിഹീനമാം രാവുകളിലെപ്പൊഴും

പ്രണയാർദ്രമോഹം പുണർന്നുകൊണ്ടേ

പൂത്തുനിൽക്കുന്നിതാവ്രീളയായാരെയോ

കാത്തിരിക്കുന്നു നിശാഗന്ധിയിപ്പൊഴും!

പകലോന്റെ ചന്തം നുകരുവാനായ് മാത്രം

മിഴി തുറക്കുന്ന പൂവാടിയയ്യോ!

കാണാതെയറിയാതെ പോയിതോ രാവിനെ

പ്രണയിക്കുമാമലർക്കൊടിയെ, പാവം!

Saturday, December 11, 2021

ജീവിതം


വ്യഥകളാലുഴലുന്ന മനമിന്നു കേഴുന്നു

അഴലുകൾ മാറാത്തതെന്തുകൊണ്ടായിടാം?

ഓരോ കുരുക്കുമഴിയ്ക്കവേ, പിന്നെയും

ദുരിതങ്ങളൊഴിയാത്തതെന്തുകൊണ്ടായിടാം?.. 

ജീവിതനാടകശാലയിൽ നാം നട-

ന്മാരായി കേവലമാടിത്തിമർക്കയോ?

അർത്ഥമില്ലാതുള്ള വാക്കുകൾകൊണ്ടു നാം 

ചിത്തത്തെയേറ്റം വലയ്ക്കുകയല്ലയോ!.. 

നഷ്ടബോധത്താലുരുകുന്ന ഹൃത്തിൽ നാം 

പൊള്ളത്തരങ്ങൾ നിറയ്ക്കുകയല്ലയോ! 

കണ്ടതും കേട്ടതും പാതിവഴിയ്ക്കിട്ടു

കാണാത്തതിനായ് പരതുകയല്ലയോ!. 

കിട്ടിയാലൊട്ടും മതിവരാതോടുന്നു 

ഉള്ളതിലെല്ലാം പതിരുകൾ തേടുന്നു. 

തൃപ്തരല്ലാതെ നാം നെട്ടോട്ടമോടുമ്പോൾ 

നന്മകളേറ്റം പ്രഹേളികയാകുന്നു. 

ഓടിത്തളർന്നു കിതച്ചു നിൽക്കുമ്പോഴോ 

കാലചക്രം ബഹുദൂരം ഗമിച്ചിടും. 

കാഴ്ചകളെന്നുമിഴഞ്ഞു നീങ്ങീടുമ്പോൾ 

ചെയ്തവ പിന്നെയും ചെയ്യുന്നതെന്തിനോ?

നന്മകൾ കാണാത്ത കെട്ടകാലത്തിന്റെ

കോലങ്ങളായ് നാം കുഴഞ്ഞുവീണീടവേ

അന്ത്യനിമിഷത്തിൽ ആരോരുമില്ലാതെ 

അന്യരായ് ഭൂവിൽ ദുരന്തമായ് മാറീടും..

നന്മ വെളിച്ചം


സംശുദ്ധമാവണമുള്ളിൽ നിന്നുതിരുന്ന വാക്കുകൾ 

പരിശുദ്ധമാവണം പൂജാ പുഷ്പം പോൽ 

പഠിക്കണം സത്കർമ്മങ്ങൾ ചെയ്യാൻ 

മറക്കണം പാടേ ദുഷ്ചിന്തകൾ 

നെഞ്ചിലെരിയുമസൂയ തൻ കനലുകൾ 

നന്മതൻ തീർത്ഥകുളത്തിൽ കഴുകണം.

കൂടെ കൊണ്ടുനടക്കും വിദ്വേഷാമേവവും 

കർപ്പൂരത്തതീയിലെരിച്ചു കളയണം.

നൽവാക്കുക്കൾ.. സത്ചിന്തകളാലെ 

നന്മ തൻ വഴിത്താരയിലേറണം 

ചിത്ത ശുദ്ധി വരുത്തീടിൽ - നമ്മുടെ 

സഫലായ്  തീർന്നിടും മമ കർമ്മമേവം.

സത്-വികാരം മനസ്സിൽ വളർന്നെന്നാൽ 

സ്വപ്ന നാളങ്ങളുള്ളിൽ തെളിഞ്ഞിടും.

Wednesday, December 8, 2021

രക്ഷകനെ തേടി

ചേർത്തു പിടിക്കുന്തോറു൦ 

അകന്നു പോകുന്ന മനസ്സുകൾ...

ആരെയൊക്കെയോ 

ബോധ്യപ്പെടുത്താൻ വേണ്ടി 

വിളക്കിച്ചേർക്കുന്ന കണ്ണികൾ.

ശ്വാസ൦മുട്ടി ചുമയ്ക്കുന്ന 

ഭ്രാന്തൻചിന്തകൾ.

വാക്കുകളിൽ മാത്രമൊതുങ്ങുന്ന 

സാന്ത്വനങ്ങൾ.

തൂവൽകൊഴിഞ്ഞ മോഹപ്പക്ഷികൾ.

കപടത കണ്ടുമടുത്ത്

ആത്മാഹുതി ചെയ്ത

ഗതികിട്ടാമനസ്സുകൾ...

ഇല്ല .. ഇനി ഉയർത്തെഴുന്നേല്ക്കണ൦,

ഒരു ഫീനിക്സ് പക്ഷിയെപ്പോലെ.

എടുക്കണ൦,

അനീതിക്കെതിരെ ഒരു പടവാൾ.

തളയ്ക്കണം,

മദ൦ പൊട്ടിയോടുന്ന "മദയാനകളെ".

കൈകോർക്കണം,

കുറുക്കൻമാര്‍ക്കിടയിൽ 

നിലവിളി കൂട്ടുന്ന

കുഞ്ഞാടുകളെ രക്ഷിക്കാൻ!.....

സ്വാർത്ഥചിന്തയില്ലാതെ 

ജാതിമതവര്‍ണ്ണ വിവേചനമില്ലാതെ 

ഇനി വരുമോ രക്ഷകന്മാർ?

Monday, December 6, 2021

പുനർജനി

മടിച്ചു നിന്നൊരാ പദങ്ങളോരോന്നും

മൊഴികളായ് ചുണ്ടിൽ നടനമാടുന്നു.

പ്രണയപുഷ്പങ്ങൾ വിരിയും വാടിയിൽ 

ഇളംകാറ്റൊന്നിതാ കടന്നുപോകുന്നു.


അനുരാഗം ചൊല്ലും മൊഴികളൊക്കെയും

കിനാവുകൾ കണ്ടു ത്രസിച്ചൊരാക്കാലം

വസന്തമായിതാ നിനവിൻ ചില്ലയിൽ

അതിമധുരമായ് മിഴി തുറക്കുന്നു.



ചിണുങ്ങിപ്പെയ്യുമീ മഴക്കുളിരിലായ്

ഇരുഹൃദയങ്ങളിഴുകിച്ചേരുമ്പോൾ

പുലരിപ്പൊൻപ്രഭ പടരുന്നു, ഹൃത്തിൽ

വിടരുന്നു പുനർജ്ജനിയുടെ മന്ത്രം!

Sunday, December 5, 2021

പുനർജ്ജന്മം

 പുനർജനി

==≠======

നിന്റെ കാഴ്ചയ്ക്കുവേണ്ടി

എന്റെ കണ്ണുകള്‍ നീ  ചൂഴ്‌ന്നെടുത്തു.

നിന്റെ രക്ഷയ്ക്കു വേണ്ടി

എന്റെ കൈകാലുകള്‍ നീ  ബന്ധിച്ചു.

അപവാദച്ചുഴിയില്‍ 

ലോകത്തിന്റെ

മുന്നില്‍ നഗ്നയാക്കി നിര്‍ത്തി

സംതൃപ്തിയടങ്ങിയ 

മനസ്സുമായ് നീ

എന്നെ ആഴക്കടലില്‍ മുക്കിതാഴ്ത്തി.

എങ്കിലും,

ആഘോഷത്തിമിര്‍പ്പില്‍ 

ജീവിതം കൊണ്ടാടുന്ന നിന്നുടെ മകളായ് 

ഞാന്‍ പുനർജ്ജനിക്കും;

അന്ന് നീ ഒരു ഭ്രാന്തനാകും.

കൊഴിഞ്ഞുപോയ ഈ 

പുഷ്പത്തെ ഓര്‍ത്തല്ല,

കഴുകന്‍കണ്ണുകളില്‍നിന്നും 

തന്റെ 'പൊന്‍മകളെ'

എങ്ങനെ രക്ഷിക്കുമെന്നോര്‍ത്ത്...!

ലളിതഗാനം

 ലളിതഗാനം

*************

~ ശ്രീരേഖ. എസ്


ഹൃദയതന്ത്രികൾ മീട്ടി ഞാനൊരു

പ്രണയകാവ്യമെഴുതാം.....

രാഗഭാവം നിറയുമെന്നുടെ

കനവിലാടിവരൂ...... നീയെൻ

കരളിലൊഴുകി വരൂ.....

                (ഹൃദയതന്ത്രികൾ....)


പ്രണയരാഗമായ്, സ്നേഹലോലയായ്

എന്റെ ചാരെ വരൂ....

മനസ്സിൽ നിറയുമൊരു മധുരരാഗമായ്

കവിതയെഴുതി വരൂ, മൊഴിയിൽ

കവിതയായി വരൂ....

              (ഹൃദയതന്ത്രികൾ....)


രാഗതന്ത്രികൾ ശ്രുതിയുണർത്തവേ

പാട്ടുപാടിവരുമോ?

ജീവരാഗമായ്  നിന്നിലലിയവേ

നടനമാടിവരുമോ? കരളിൽ

കവിത മൂളി വരുമോ?

              (ഹൃദയതന്ത്രികൾ....)

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...