Monday, December 13, 2021

കൂട്ടുകാരൻ

 സ്നേഹത്തിൻ രാഗത്തിലെഴുതുമീ വരികളിൽ

ജീവൻ പകർന്നു നീ കൂടെനില്ക്കേ

സ്നേഹനിറവിനാലറിയാതെയുൾത്തടം 

പുളകത്തിൻ മലർവാടിയായപോലെ...!


പാതി വഴിയിലിടറിയ വാക്കുകൾ 

അർത്ഥമറിയാതെ തേങ്ങിയപ്പോൾ 

നിൻ കൂട്ടെനിക്കെത്ര ധന്യമാം സാന്ത്വനം

ഈ വേള നീയെന്നെപ്പുല്കിടുമ്പോൾ


അറിയാതെ ഞാനൊന്നു പതറിയ വേളയിൽ

അരുമയായ് കൂടെ നീ ചേർത്തുനിർത്തി,

എത്രയോനാളായെൻ ഹൃദയവനിയിലെ

വാടാത്ത പൂവായ് സുഗന്ധമേകി....!


കാരുണ്യ സാഗരമാകും നിൻ ഹൃത്തിലെ

ഒരു ചെറുതിരയായലയടിക്കാൻ.. 

എൻ മനമെന്നും കൊതിച്ചു നില്പൂ

എൻ മാനസതോഴാ  ചേർന്നു നില്ക്കൂ


ഹൃദയമാംവാടിയിൽ വാടി വീഴാതെ

എന്നെന്നുംപൂക്കും വസന്തമേ നീ...  

നിറയുകെൻ മനസ്സിന്റെ കാലചക്രങ്ങളിൽ

ഒരിക്കലും പിരിയാത്ത തെന്നലായി!..


അകലുവാനാവില്ല കൂട്ടുകാരാ, നിന്റെ

സ്നേഹത്തണലിൽ ഞാൻ വിശ്രമിക്കാം.

വാടിക്കരിഞ്ഞിങ്ങുവീഴുവോളം നിൻ്റെ

വരികളിൽ പൂത്തു മണം പരത്താം....!

No comments:

Post a Comment

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...