Sunday, December 12, 2021

പ്രണയാർദ്രം

 പ്രണയാർദ്രം

@@@@@@@


പൊട്ടിക്കിളിർത്തതാം ചിന്തകളിലെപ്പൊഴും

വിരിയാത്ത സ്വപ്നങ്ങളൊന്നുമാത്രം!

നട്ടുവളർത്തിയ മോഹങ്ങളൊക്കെയും

പെറ്റുകൂട്ടുന്നു നിന്നോർമ്മമാത്രം !.

ചുറ്റിയടിക്കുന്ന കാറ്റിനു പിന്നാലെ 

ചിറകിട്ടടിക്കുന്ന പറവപോലെ

അലയുകയാണു ഞാനിപ്പൊഴുമാശകൾ തളിരിടും മനസ്സുമായെങ്ങുമെങ്ങും.

കാഴ്ചകൾ കണ്മുന്നിലേറെയുണ്ടെങ്കിലും

കാണുന്നതൊപ്പൊഴും നിന്റെ രൂപം.

മധുവൂറും വാക്കുകളായിരമെങ്കിലും 

നിൻ സ്വരം മാത്രം കൊതിച്ചിരിപ്പൂ!

നിദ്രാവിഹീനമാം രാവുകളിലെപ്പൊഴും

പ്രണയാർദ്രമോഹം പുണർന്നുകൊണ്ടേ

പൂത്തുനിൽക്കുന്നിതാവ്രീളയായാരെയോ

കാത്തിരിക്കുന്നു നിശാഗന്ധിയിപ്പൊഴും!

പകലോന്റെ ചന്തം നുകരുവാനായ് മാത്രം

മിഴി തുറക്കുന്ന പൂവാടിയയ്യോ!

കാണാതെയറിയാതെ പോയിതോ രാവിനെ

പ്രണയിക്കുമാമലർക്കൊടിയെ, പാവം!

No comments:

Post a Comment

റിയുണിയൻ

സ്വാഗതം, സ്വാഗതമീ വേളയിൽ ഏവർക്കും സ്വാഗതം സാഭിമാനം! ഓർമ്മകൾ പൂക്കും കലാലയത്തിൽ ഗുൽമോഹറിൻ്റെ ചെമ്പൂവുപോലെ ഏകരായ് ഈ സ്നേഹക്കൂടാരത്തിൽ അയവിറക്ക...