അച്ഛന്‍
********
ചൊല്ലുവാനേറെയുണ്ടാകളിമുറ്റത്ത്
മധുരമാമണല്‍ത്തരികള്‍ക്കു നിത്യവും.
ഓർമ്മകൾ വന്നു തഴുകവേ, നിത്യവും
ഹൃദയകോവിലിലച്ഛന്റെ വിഗ്രഹം!
സുസ്മിതം കൊളളുമമ്പിളിമാമനെ
കുഞ്ഞിക്കൈകളാല്‍ വാരിയെടുക്കുവാന്‍
കൊഞ്ചി നില്ക്കും കുസൃതിക്കുമുന്നി,ലായ്
ആനയായ് മാറുമെന്നച്ഛനെപ്പൊഴും.
നോവുകൾ നെഞ്ചിലുരുകിത്തിളയ്ക്കവേ
ഓർമ്മയിൽ പുഞ്ചിരിച്ചെത്തുമച്ഛനെ
ഇല്ല, വാക്കുകൾ ചൊല്ലാനുപമയായ്
എന്റെ ജീവിതപുസ്തകത്താളിലും!
മങ്ങിടാ സ്നേഹമാല്യമണിഞ്ഞു, കാ-
ണിക്ക വാങ്ങാതനുഗ്രഹം പെയ്തിടും
മനസ്സിൻകോവിലിൽ നിത്യപ്രതിഷ്ഠയായ്
കരുണ ചൊരിയുന്നൊരച്ഛനുണ്ടെപ്പൊഴും!
കാലത്തിന്‍ പടവേറെ ചവിട്ടിലും
താതവാത്സല്യമാകും പുതപ്പിന്റെ
ചൂടിൽ വളരുന്ന മക്കള്‍തൻമാനസം
വാടുകില്ല, തളരില്ലൊരിക്കലും!
No comments:
Post a Comment