വ്യഥകളാലുഴലുന്ന മനമിന്നു കേഴുന്നു
അഴലുകൾ മാറാത്തതെന്തുകൊണ്ടായിടാം?
ഓരോ കുരുക്കുമഴിയ്ക്കവേ, പിന്നെയും
ദുരിതങ്ങളൊഴിയാത്തതെന്തുകൊണ്ടായിടാം?..
ജീവിതനാടകശാലയിൽ നാം നട-
ന്മാരായി കേവലമാടിത്തിമർക്കയോ?
അർത്ഥമില്ലാതുള്ള വാക്കുകൾകൊണ്ടു നാം
ചിത്തത്തെയേറ്റം വലയ്ക്കുകയല്ലയോ!..
നഷ്ടബോധത്താലുരുകുന്ന ഹൃത്തിൽ നാം
പൊള്ളത്തരങ്ങൾ നിറയ്ക്കുകയല്ലയോ!
കണ്ടതും കേട്ടതും പാതിവഴിയ്ക്കിട്ടു
കാണാത്തതിനായ് പരതുകയല്ലയോ!.
കിട്ടിയാലൊട്ടും മതിവരാതോടുന്നു
ഉള്ളതിലെല്ലാം പതിരുകൾ തേടുന്നു.
തൃപ്തരല്ലാതെ നാം നെട്ടോട്ടമോടുമ്പോൾ
നന്മകളേറ്റം പ്രഹേളികയാകുന്നു.
ഓടിത്തളർന്നു കിതച്ചു നിൽക്കുമ്പോഴോ
കാലചക്രം ബഹുദൂരം ഗമിച്ചിടും.
കാഴ്ചകളെന്നുമിഴഞ്ഞു നീങ്ങീടുമ്പോൾ
ചെയ്തവ പിന്നെയും ചെയ്യുന്നതെന്തിനോ?
നന്മകൾ കാണാത്ത കെട്ടകാലത്തിന്റെ
കോലങ്ങളായ് നാം കുഴഞ്ഞുവീണീടവേ
അന്ത്യനിമിഷത്തിൽ ആരോരുമില്ലാതെ
അന്യരായ് ഭൂവിൽ ദുരന്തമായ് മാറീടും..
No comments:
Post a Comment