Wednesday, April 20, 2022

പട്ടം പോലെ

 


വിണ്ണിൽ പറക്കുന്ന പട്ടം

ദൂരത്തു കണ്ടു നിൽക്കവേ

വിടർന്നു നിൽക്കുന്നു വീണ്ടും

ബാല്യത്തിന്റെ കുതൂഹലം.


ആത്മവിശ്വാസച്ചരടിൽ

കോർത്തിണക്കുന്ന ജീവിതം

സ്വതന്ത്രമായ് പറന്നീടാം

പട്ടംപോലെ മനോഹരം!


സായംസന്ധ്യയിലെന്നാലു-

മെത്ര വശ്യമിതുത്സുകം.

നാരു പൊട്ടാതെയെന്നെന്നും

ജീവിതം കാത്തുകൊണ്ടിടാം!









Thursday, April 14, 2022

ഇത്രമാത്രം

പതിവിലുംനേരത്തേ കൊന്ന പൂത്തു 

പതിവുപോലാരും വരാനുമില്ല.

എന്തിനോ നീളും മിഴികളിൽ, നിറവിന്റെ

വർണ്ണങ്ങളേറും പ്രതീക്ഷകളായ്!


മഞ്ഞപുതച്ചൊരീയൂഴിതൻ മാറത്ത്

തുള്ളിക്കളിക്കുമണ്ണാറക്കണ്ണൻ,

മാമ്പഴമുണ്ണുവാനേറ്റം കൊതിയോടെ

കലപിലകൂട്ടുന്ന കുഞ്ഞിക്കുരുവികൾ!


തിക്കില്ല, തെല്ലും തിരക്കുമില്ല 

പൊടിപടലങ്ങളോ തീരെയില്ല.. 

ഒച്ചയനക്കങ്ങളൊട്ടുമില്ല, വിഷു- 

പ്പക്ഷി മൂളുന്നു വിഷാദരാഗം. 


കണിയും കുളിരുന്ന കാഴ്ചകളും 

കാണുവാനാരുമില്ലെന്നാകിലും

ഉള്ളിലെന്താനന്ദനിർവൃതിയാ-

ണമ്പാടിക്കണ്ണാ, നീയാടീടുമ്പോൾ!


ദുരിതപ്രളയത്തിലൂഴിയൊന്നാ-

യനുദിനം മുങ്ങവേയെന്റെ കണ്ണാ,

നിറവായുണർന്നാലുമോരോമനസ്സിലും

പ്രാർത്ഥിക്കുവാനെനിക്കിത്രമാത്രം!

മേടക്കിനാവുകൾ


ഉമ്മറക്കോലായിലൊറ്റയ്ക്കിരിക്കുമ്പോൾ 

പണ്ടത്തെപ്പാട്ടുമായ് തെന്നലെത്തി


മുറ്റത്തെ മാവിൻ്റെ തുഞ്ചത്തിരുന്നൊരു

പൂങ്കുയിൽ മൂളിയ രാഗമെത്തി


എങ്ങോ മറഞ്ഞൊരു നല്ല കാലത്തിന്റെ

ഓർമ്മയിൽപ്പാടും കിളിമകളും,


വാടിത്തളർന്നോരാകർണ്ണികാരങ്ങളെ

വാരിപ്പുണരുവാൻ നീലരാവും!


താരകസൂനങ്ങൾ മിന്നിത്തിളങ്ങുന്നു,

താരകരാജനെഴുന്നള്ളുന്നു.


മേടമൊരുങ്ങുന്നു കണ്ണനെ കാണുവാൻ

കൊന്നതൻപുഞ്ചിരിപ്പൂക്കളോടെ.


ഉണ്ണികളോടിക്കളിക്കും തൊടികളിൽ 

ഓർമ്മകൾ വാടാതെ പൂത്തുനിൽപ്പൂ,


മുറ്റത്തെ മൂവാണ്ടൻമാവിൻ ചുവട്ടിലായ് 

വാചാലമാകുമെൻ മൗനങ്ങളും.


ബാല്യം നുണയുമിളനീർമധുരമായ്

കൗമാരം പൊട്ടിച്ചിരിച്ച കാലം


യൗവനം താണ്ടിയതിർവരമ്പൊക്കെയു-

മാടിയുലയുന്ന വാർദ്ധക്യവും 


നീളും മിഴികളിൽ നീർമുത്തുതുള്ളികൾ

മെല്ലെക്കപോലങ്ങളോമനിപ്പൂ


നന്മകൾ മാത്രം നിറഞ്ഞൊരാപാത്രത്തിൽ 

നോവുകളെന്നും വിഷുക്കണികൾ!

Sunday, April 10, 2022

കാലം മാറുമ്പോൾ


ചെറുമഴയിൽ കുളിരണിയും പാടങ്ങളെല്ലാം

പെരുമഴയത്തതിവേഗം കരകവിയുന്നേരം

ഹരിതാഭകളനുനിമിഷം മറയുന്നതു കാൺകെ

അറിയാതെ തുളുമ്പുന്നു മിഴിയിണയും വേഗം!


ഋതുഭേദങ്ങൾക്കൊപ്പം ഹാ, നീങ്ങാനരുതാതെ, 

കുഴയുന്നീധരതന്നിൽ മാനവവൃന്ദം. 

പ്രളയത്തിന്നോർമ്മകളിൽ മാലോകരെല്ലാം

തളരുന്നു ഭീതിയാൽ ഖിന്നരായെങ്ങും!


പ്രകൃതിയ്ക്കായ് ഹരിതാഭകൾ നെയ്യും വയലെല്ലാം,

കാണാമറയത്തേക്കായകലുന്നേരം

കുട ചൂടി നിൽക്കുന്നൊരു കർഷകക്കെല്ലാം

കരളുരുകുന്നതു കഷ്ടം, കാണുന്നില്ലാരും!!














അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...