Thursday, January 6, 2022

ആർക്കോവേണ്ടി

ഒറ്റപ്പെട്ടവരുടെ ഗദ്ഗദങ്ങളിൽ 

ഉള്ളിലെ സങ്കടകണ്ണീരിൽ റോസാച്ചെടികൾ 

തഴച്ചുവളർന്നു പുഷ്പിണിയാകുന്നു. 

കാഴ്ചക്കാർക്ക് അപ്പോഴും 

നയനമനോഹരിയാണവൾ.

മൊട്ടിട്ടു നിൽക്കുന്ന ചെടിയെ 

മുള്ളിനെ മറന്ന് അവർ താലോലിക്കുന്നു. 


ഒറ്റപ്പെട്ട മനസ്സിലെ ഹൃദയരക്തത്താൽ 

കടുംചോപ്പുനിറം ഇതളുകളിൽ 

സുന്ദരചിത്രം വരയ്ക്കുമ്പോൾ 

ഹാ.. നോക്കുന്നവർക്കെന്തു രസം.. !


ഇളകിമറയുന്ന സങ്കടക്കടലിൽ 

അറ്റുപോകാത്ത വേരുകളിൽ 

ചെടികൾ വീണ്ടും പൊട്ടിമുളയ്ക്കുന്നു

ആർക്കോ ഇറുത്തെടുക്കാൻവേണ്ടി മാത്രം!


തണുത്തുറഞ്ഞ മനസ്സിന്റെ 

വിഷാദഗീതത്തിൻ ചൂടിൽ 

വാടിത്തളർന്ന ചെടികളിലെ 

പഴുത്തയിലകൾ കൊഴിഞ്ഞുവീഴുന്നു. 


പൂത്തുനിന്ന  സുന്ദരകുസുമങ്ങൾ 

ആസ്വാദനലഹരിയാൽ മത്തുപിടിച്ചുപോയ 

കശ്മലന്മാരുടെ കൈകളിലമർന്ന് 

ചവറ്റുകൂനയിലും മരക്കൊമ്പിലും 

അഴുകി വീണാർക്കൊക്കെയോ 

വീണ്ടും തഴച്ചുവളരാൻ വളമാകുന്നു!

No comments:

Post a Comment

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...