Wednesday, May 24, 2023

വ്യാമോഹമോ..!

മരണത്തെയേറ്റം പ്രണയിച്ചിടുന്നേരം

പ്രിയമുള്ളോരാരെന്നതോർത്തു നോക്കാം.

ആരൊക്കെയർഹതയുള്ളവരായിടാ-

മവസാനചുംബനമേറ്റു വാങ്ങീടുവാൻ?


ശത്രുമിത്രങ്ങളെ തമ്മിലറിയാതെ-

യുള്ളിൽ ചിതറിത്തെറിക്കുന്ന ചിന്തകൾ...

മത്സരമെന്നോടുതന്നെയായീടവേ-

യവകാശിയില്ലാത്ത ഞാൻ വെറും രൂപമോ?


ബന്ധുബലങ്ങളും സൗഹൃദക്കൂട്ടവും

തൻപോരിമയ്ക്കായി മാത്രമായീടവേ,

വേണ്ട, ചത്താലുമെനിക്കവകാശികൾ!

ഈ ഭൂവിൽ ബന്ധങ്ങളെക്കെയും നശ്വരം.


കൂട്ടമായ് ചേർന്നു പൊട്ടിച്ചിരിക്കുന്നവർ

ഒറ്റയായ് തീരവേ പറ്റേ മറന്നിടാം.

വേണ്ടെനിയ്ക്കാറടി മണ്ണുപോലും ശാന്ത-

മായൊന്നുറങ്ങാനാവാത്തൊരൂഴിയിൽ.


നഷ്ടബോധം തെല്ലുമില്ലാതെ പോകണം,

ഇഷ്ടമായ് ചെയ്തു തീർത്തീടാനനേകമാം.

ദാനധർമ്മങ്ങളിൽ ശാന്തിതേടീടണം,

നിശ്ചലം ദേഹം പഠനത്തിനേകിടാം!

No comments:

Post a Comment

ഗതികെട്ട കാലം

  ഗതികെട്ട കാലം വി- ദൂരമല്ലെന്നോർത്തു മുന്നോട്ടു പോക  നാമേവരും ധീരരായ്. കൂട്ടായതാരൊക്കെ- യുണ്ടെങ്കിലും ഭൂവി- ലാരോഗ്യമില്ലെങ്കിൽ  വീഴാമപശ്രുത...