ഇനിയെത്ര ദൂരമിങ്ങേകയായ് താണ്ടണം
ശാന്തമായ് മറുകരയിലെത്തിടാനായ്?
കടലുപ്പിൻ നീറ്റലാൽ മായ്ക്കണ,മുള്ളിലെ-
യെരിയുമീനൊമ്പരക്കൂമ്പാരങ്ങൾ!
ജലരേഖയായ് മറഞ്ഞീടുന്നു നിത്യവും
പുറമേ ചിരിക്കും മുഖങ്ങളെല്ലാം.
നെഞ്ചകത്തുറയുന്ന വികൃതമാം ചിന്തകൾ
മൂടുവാൻ മാത്രമിപ്പുഞ്ചിരിപ്പൂ!
ഈ മച്ചകത്തിൻ ചുമരുകൾക്കുള്ളിലീ-
നിറയുന്ന മൗനമുടയും മുമ്പേ,
നെഞ്ചകം പൊട്ടുന്ന സങ്കടച്ചീളുകൾ
മറവിതൻ പാത്രത്തിൽ മൂടിവെക്കാം.
പ്രത്യാശയായ് വരും പുലരികളൊക്കെയു-
മൊരു മലർവാടിയായ് പൂത്തു നിൽക്കേ
കാർമേഘമില്ലാദിനങ്ങൾക്കുമാത്രമായ്
പ്രാണനെയെങ്ങനെ കാത്തുവെക്കും..!
നിശ്വാസവേഗത്തെ വെല്ലുന്ന മട്ടിലായ്
താളം പിഴയ്ക്കുന്നു ചിന്തയെല്ലാം.
ചിത്തത്തെ ശാന്തമാക്കീടുവാനാ,യിനി
ബുദ്ധന്റെ വഴിയേ ഗമിച്ചിടാവൂ!.....
No comments:
Post a Comment