Saturday, February 4, 2023

ഏകയായൊരു നൊമ്പരപ്പൂവ്

ഇനിയെത്രകാലമിപ്പഴകിയവീടിന്റെ

മച്ചകത്തേകയായ് കാതോർത്തിരിക്കണം?

നിഴലുപോലും കൂട്ടിനില്ലാതെ,യഴലിന്റെ

തിണ്ണയിൽ കണ്ണീരുമൊത്തിക്കുടിക്കണം?


നെഞ്ചിലെ കനലത്ത് വാടാതിരിക്കുവാ-

നെപ്പൊഴും നാഥാ, നിന്നോർമ്മകൾമാത്രമായ്.

എന്നെ തനിച്ചാക്കിയെങ്ങോട്ടുപോയ്, നിന്റെ-

യോർമ്മയിലെൻചിത്രമില്ലാതിരിക്കുമോ?


ഭ്രാന്തിയാണിന്നു ഞാനേവർക്കു,മീ നാട്യ-

മെത്ര നാളിനിവേണമെന്നറിഞ്ഞീല ഞാൻ!

നീ വരുവോളവുമാത്മരക്ഷാർത്ഥമി-

ച്ചങ്ങലയ്ക്കുള്ളിലായ് തീരുമോ ജീവിതം!

No comments:

Post a Comment

ഗതികെട്ട കാലം

  ഗതികെട്ട കാലം വി- ദൂരമല്ലെന്നോർത്തു മുന്നോട്ടു പോക  നാമേവരും ധീരരായ്. കൂട്ടായതാരൊക്കെ- യുണ്ടെങ്കിലും ഭൂവി- ലാരോഗ്യമില്ലെങ്കിൽ  വീഴാമപശ്രുത...