Monday, August 22, 2016

കുറുംകവിതകള്‍

പ്രകൃതി മനുഷ്യനെ
ഉത്തമ പ്രകൃതനാക്കി;
അവൻ സ്വയം മൃഗമായ്മാറി.


നോവുപാടത്തു 
പൂക്കാകനവുകള്‍l
കരി നിഴലുകൾ


എൻമൗനം പൂത്തപ്പോൾ
നിൻ പ്രണയാർദ്രമിഴികളിൽ 
പൂമ്പാറ്റകളുടെ ചിറകടി. 
നിശാഗന്ധിപ്പൂക്കൾക്കിന്ന്
മധുരോത്സവം.


'ബലമേറുന്ന' താലിയിൽ
ഊഞ്ഞാലാടും സ്വപ്നങ്ങൾ,
മധുരമീ ജീവരാഗം.


ഇഷ്ടം 
അനിഷ്ടമാകുമ്പോൾ 
കഷ്ടങ്ങളേറെ... 
കഷ്ടത്തിൽ 
കൈ പിടിക്കുന്നവർ 
ശിഷ്ടകാലം കൂടെ.


ചിരിമഴയില്‍
കുതിര്‍ന്ന മധുരമൊഴി.
മൌനം പൂക്കുന്നു.


ഹൃദയമന്ത്രം 
നൂലിഴയി-
ലേക്കാവാഹിച്ച്,
കൈത്തണ്ടയിൽ
മുറുക്കിക്കെട്ടുന്ന
പവിത്ര ബന്ധം,
മരണമില്ലാത്ത
സാഹോദര്യം!


മുറ്റം മെഴുകി
വെയില്പ്പൂക്കള്‍
ചിങ്ങപ്പിറവി


ദശപുഷ്പങ്ങള്‍ 
ചൂടിയെത്തിയ 

ചിങ്ങപ്പെണ്ണിനെ
വരവേല്‍ക്കുന്ന 

വെയില്പ്പൂക്കള്‍

കര കവിഞ്ഞൊരു 
പുഴയൊഴുകി,
പുഴയിലോ
ചെറു മീൻപെരുകി, 
കരയിലിരുന്നു 
ചിലർ വലയെറിഞ്ഞു..
വലകണ്ട മീനുകൾ
ഇടറിനിന്നു.
കരയിലവയുടെ
ജഡമടിഞ്ഞു


വെളിച്ചമറിയാതെ
ഇരുണ്ട മനസ്സുകള്‍. 
കറുത്തവാവ്


സ്വാതന്ത്ര്യത്തിന്റെ
പടവുകളിൽ ഇറ്റിവീണ
ചോരപ്പാടുകൾ മായുന്നേയില്ല,
അവ പുതിയ പുതിയ
രൂപങ്ങളാർജ്ജിച്ച് ഭീതി പരത്തി-
ക്കൊണ്ടേയിരിക്കുന്നു.
ചോരപ്പാടുകൾ മാഞ്ഞ്
സാഹോദര്യത്തിളക്കത്താൽ
പ്രഭാപൂരിതമാവട്ടെ
നമ്മുടെ സ്വാതന്ത്ര്യപ്പുലരി
കളോരോന്നും.......


ഹൃദയത്തിൻശ്രീകോവിലില്‍ 
ഇടയ്ക്കകൊട്ടിപ്പാടുമ്പോൾ,
ദീപാലങ്കാരം ഒരുക്കുന്നു 
നിന്‍സ്നേഹ നാളങ്ങൾ.......
മിഴിമുനയാല്‍ഒപ്പിയെടുത്തു
ഇരുള്‍വഴിയിൽവെളിച്ചമേകി
നന്മയുടെ പാതയില്‍ മുന്നേറീടാന്‍.


നിനവിന്റെ കോണിലൊരു
നനവാർന്ന മോഹം;ചാരേ,
പൂമ്പാറ്റകളുടെ ചിറകടി.


പൂന്തോപ്പില്‍ 
കരിയിലക്കിലുക്കം 
ഇരുനിഴലാട്ടം


ബന്ധങ്ങൾ ബന്ധനങ്ങളെന്ന്;
സ്വാതന്ത്ര്യം തേടിയകന്നവർ
പാതിവഴിയിൽ ഇടറിവീണു.


കരിയിലക്കിലുക്കം,
കാറ്റിലൊരു പൂമണം;
പൂന്തോപ്പിലിരുനിഴലാട്ടം.


പ്രണയമഴയിൽ ഈറനണിഞ്ഞ
കാമുകിപ്പൂവിനെ കാമുകൻകാറ്റ്
ഒപ്പിയുണക്കി;പൂവിനു നാണം.


എല്ലാരുമുണ്ടേലും
ആരുമില്ലാത്തപോൽ;
ജീവിതമേ,കരുത്താവുക.


പ്രതികൂലാവസ്ഥയിലും
കൂസലില്ലാതെ സത്യം,
കുറ്റബോധത്താൽ
മുഖം കുനിച്ച് കാപട്യം.
കാലപ്രവാഹത്തിൽ
കാലിടറാതെ മനുഷ്യത്വം.


പ്രതികൂലാവസ്ഥയിലും
കൂസലില്ലാതെ സത്യം,
കുറ്റബോധത്താൽ
മുഖം കുനിച്ച് കാപട്യം.
കാലപ്രവാഹത്തിൽ
കാലിടറാതെ മനുഷ്യത്വം.


കാണാക്കാഴ്ച്ചകൾ 
തേടിപ്പായുന്നു കാലം;
വൃദ്ധമിഴികളിൽ 
യൗവനത്തിളക്കം...!


നന്മവിരിയും
സ്നേഹപ്പൂക്കള്‍
മാനസവാടി


പാറിപ്പറക്കുന്ന
കരിയിലപ്പക്ഷികള്‍.
പിറുപിറുക്കുന്ന ചൂല്‍


നന്മകൾ പെറുക്കിക്കൂട്ടി
അടുക്കി വെച്ചപ്പോൾ, ആകാശം
മഴവില്ലാൽ മേലാപ്പു തീർത്തു.


കുടത്തിലിരുന്ന മനസ്സിനു 
മോക്ഷപ്രാപ്തി കൊടുത്തപ്പോൾ 
പൊട്ടിച്ചിരിക്കുന്നു 'ഭൂതം'.


ആട്ടിയകറ്റിയവർ 
കൈകൊട്ടിവിളിക്കുന്നു:
ബലിക്കാക്കകൾ.


ഓർമ്മച്ചെല്ലത്തിൽ പറ്റിപ്പിടിച്ച
മറവിതീണ്ടിയ പൂപ്പലുകളെല്ലാം
ഓരോന്നോരോന്നായി
കുടഞ്ഞുകളഞ്ഞപ്പോൾ,
തെളിഞ്ഞുവന്ന ചിത്രലിപികളിൽ
വിസ്മയത്തിന്റെ
'ഡാവിന്ചി കോഡുകൾ'*


മഴയകന്ന മാനം
കായലിനോട്:
വസന്തം വരവായി,
ഓളങ്ങൾ താളംതുള്ളട്ടെ;
വഞ്ചിയിലണയുന്ന ഈണം.


പ്രാസത്തില്‍ 
പ്രയാസങ്ങളെഴുതി,
പ്രാരാബ്ധത്തിലും 
പുഞ്ചിരിപ്പൂ
പൊഴിക്കും 
പ്രവാസി!!


ഇരുള്‍വഴി
മിഴിചിരാതുമായി,
നിന്‍ സാന്നിധ്യം

















No comments:

Post a Comment

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...