Tuesday, January 19, 2021

സ്മൃതിയുടെ തീരങ്ങളിലൂടെ.

എത്ര കണ്ടാലും മതിവരാത്തൊരു-

രൂപമായി നീയെന്നിൽ നിറഞ്ഞീടവേ

എങ്ങനെ മറന്നീടുമാ നല്ലകാലം

പ്രിയമേറുമോർമ്മയാൽ പൂത്തിടുന്നു.


നിറമേറും കാഴ്ചകൾക്കണ്ടു നാമന്ന്

മധുവൂറും സ്വപ്‌നങ്ങൾ നെയ്തതല്ലേ

പരിഭവംചൊല്ലി, പഴിചാരി പോയപ്പോൾ

പകലോനും മിഴിപൂട്ടിനിന്നുപോയോ..!


തിരതല്ലും മോഹങ്ങൾ, കടലോരം ചേർന്നു

തിരയിലലിഞ്ഞുപോയീടും നേരത്ത്

കടലാഴങ്ങളിൽ മുങ്ങിയതോ..നിന്റെ

ഹൃദയവും ശൂന്യമായി മാറിയതോ..?


കാലമിരുണ്ടും, പുലർന്നുണർന്നാലും

ഓർമ്മകൾക്കെന്നും മാധൂര്യമേറും

ഏകരായീ നാമീ ഭൂമിയിലലയുമ്പോൾ

ഓർത്തുവെക്കാമീ കഴിഞ്ഞകാലം.!

Wednesday, January 13, 2021

പേരിനല്ലൊരു ഭാര്യ

നീറും മനമതു തേങ്ങു -

ന്നാരും കാണാതെയറിയാതെ

വേവും ചിന്തകൾ തിങ്ങും

മോഹപക്ഷിയകന്നു. 


പുഞ്ചിരിതൂകി ദിനമുണരുമ്പോൾ 

ദുരിതവുമായിട്ടവളുമുണർന്നു.

പരിഹാസക്കൂരമ്പിൻ മുറിവേ-

റ്റവളൊരു കണ്ണീരുണ്ണും ജായ.


കല്ലുകടിക്കും ജീവിതപാത്രത്തിൽ

കദനത്തിൻ കണ്ണുനീരുപ്പുമാത്രം 

കഷ്ടവും നഷ്ടവും പുഞ്ചിരിയാക്കിയ 

പെണ്ണവൾക്കുള്ളിൽ നീറ്റൽമാത്രം. 


പട്ടിൻചേലയണിഞ്ഞൊരു പെണ്ണ് 

കാണുന്നോർക്കൊക്കെയും റാണി

ഉള്ളിലെ വിങ്ങലൊളിച്ചുവച്ചു 

പോരാളിപോലവൾ നിന്നു 


വാത്സല്യമേകുന്ന അമ്മയായി 

സ്നേഹം വിളമ്പും കുടുംബിനിയായ് 

പതിവായിടറാതെ ചരിക്കും ചര്യകൾ 

നെഞ്ചം വേവുകയാണെന്നാലും

ലഹരി

ലഹരി  ******* ലഹരിയിലാറാടും നമ്മുടെ നാടിതിൽ ലഹരിയിലാടിക്കുഴയുന്നു കുട്ടികൾ ജീവിതലഹരിക്കായ് പൊരുതേണ്ടവരിന്നോ ലഹരിയിലാകെ തുലയ്ക്കുന്നു ജീവിതം!...