Monday, August 18, 2025

കരളൂറപ്പോടെ...

കൊഴിയാറായൊരു പൂവിൻ്റെ 

സുഗന്ധമാവോളം മുകുർന്നവർ

പാതിവഴിയിൽ പുതുവസന്തം തേടി 

പലവർണ്ണത്തിൽ ഭ്രമിച്ചവർ.

നേരമേറെയായി സഖേ,

കാത്തിരിക്കാനിനിയാരുമില്ല.

കാലം നിശ്ചയിക്കും വിധിക്കായ് 

കരളുറപ്പുമായ് കാത്തിരിക്കാം.

കെട്ടുറപ്പുള്ള മനസ്സിൻ്റെയുള്ളകം 

തട്ടിത്തെറിപ്പിക്കാനാർക്കുമാവില്ല..

നന്മകളിയന്ന മനസ്സിൻ്റെ സുഗന്ധം 

മാധവംപോലെയെന്നും വിശറിയാവും.

തട്ടിയെടുത്തു ചിരിക്കുന്ന ജന്മങ്ങൾ

പൊട്ടിയ പട്ടംപോലെ പറക്കുമ്പോൾ 

സത്യത്തിൻ പാതയിലെ കല്ലും മുള്ളും

കുസുമം വിതറിയ പരവതനിയാവും!

നേരമേറെയായെന്നു ചൊല്ലുവതരോ?

കാത്തിരിക്കാനിനിയാരുമില്ല.

കാലം നിശ്ചയിക്കും വിധിക്കായ് 

കരളുറപ്പോടെ കാത്തിരിക്കാം.






Tuesday, August 5, 2025

ഗതികെട്ട കാലം

 ഗതികെട്ട കാലം വി-

ദൂരമല്ലെന്നോർത്തു

മുന്നോട്ടു പോക 

നാമേവരും ധീരരായ്.

കൂട്ടായതാരൊക്കെ-

യുണ്ടെങ്കിലും ഭൂവി-

ലാരോഗ്യമില്ലെങ്കിൽ 

വീഴാമപശ്രുതി.

പത്തുനാൾ ചെന്നാൽ 

മടുത്തിടും, ചിന്തക-

ളോരോന്നു മെല്ലെ 

മനസ്സിലേയ്ക്കെത്തിടും.

ചിന്തകൾ  പെറ്റു പെ-

രുകവേ ചുറ്റിലു-

മുള്ളതിരുട്ടിലായ് 

മാറിടും നിശ്ചയം.

അഴലക്ഷരങ്ങളിൽ 

വിരിയുന്ന വരികളിൽ

വാക്കുകളേറ്റം തു-

രുമ്പിച്ചുവീഴവേ

ജീവിതസയാഹ്ന-

യാത്രകൾ നോവിൻ്റെ

തിരകളിൽ കടലുപ്പി-

ലേറ്റം കുതിരവേ,

കണ്ണുനീർച്ചാലായി 

മാഞ്ഞകന്നീടുന്നു

മറുകരയെത്താതെ 

ശാന്തമായ് നിത്യവും.

റിയുണിയൻ

സ്വാഗതം, സ്വാഗതമീ വേളയിൽ ഏവർക്കും സ്വാഗതം സാഭിമാനം! ഓർമ്മകൾ പൂക്കും കലാലയത്തിൽ ഗുൽമോഹറിൻ്റെ ചെമ്പൂവുപോലെ ഏകരായ് ഈ സ്നേഹക്കൂടാരത്തിൽ അയവിറക്ക...