Thursday, September 11, 2025

റിയുണിയൻ

സ്വാഗതം, സ്വാഗതമീ വേളയിൽ

ഏവർക്കും സ്വാഗതം സാഭിമാനം!


ഓർമ്മകൾ പൂക്കും കലാലയത്തിൽ

ഗുൽമോഹറിൻ്റെ ചെമ്പൂവുപോലെ

ഏകരായ് ഈ സ്നേഹക്കൂടാരത്തിൽ

അയവിറക്കാം ഗതകാലമെല്ലാം.


മാറി നാമേറെയെന്നാകിലുമീ-

മാറ്റമില്ലാത്ത മനസ്സുമായി

ഒരുമതൻ വർണ്ണാഭയിൽ നമുക്കും

പറവകളായിപ്പറന്നുയരാം.


ജീവിതവീഥിയിലെല്ലാം മറന്നിടാം

ഉല്ലസിച്ചീടാം പ്രിയ തോഴരേ..

ഒരുമയൊരു പെരുമയായ് തീർക്കുമീ വേദിയി-

ലേവർക്കുമോതിടാം സുസ്വാഗതം..!

Tuesday, September 9, 2025

നിഴൽപ്പാടുകൾ

 പൊട്ടിച്ചിരികളുയരുന്ന

പാതിരായാമങ്ങളിൽഅടക്കിപ്പിടിച്ച 

തേങ്ങലുകൾ .

ഞെട്ടിയുണർന്ന മോഹങ്ങൾ

കിനാമഴപോലെ 

പെയ്തിറങ്ങുമ്പോൾ ..

കരിയില മയക്കത്തിൽ

അമർന്നുപോയ നിശ്ശബ്ദത !

വന്യമായ മുരൾച്ചയിൽ

ഭയത്തിന്റെ പുതപ്പിനടിയിൽ 

ഒളിച്ചിരിക്കുമ്പോൾ,

കനംതൂങ്ങിയ മിഴികളിലെ 

നിഴലാട്ടം കാണാൻ ആരുണ്ടിവിടെ ...?

കാത്തിരിക്കാം

 കാത്തിരിക്കാം

.......................

കൊഴിയാറായൊരു പൂവിൻ്റെ 

സുഗന്ധമാവോളം മുകുർന്നവർ

പാതിവഴിയിൽ പുതുവസന്തം തേടി 

പലവർണ്ണത്തിൽ ഭ്രമിച്ചവർ.

നേരമേറെയായി സഖേ,

കാത്തിരിക്കാനിനിയാരുമില്ല.

കാലം നിശ്ചയിക്കും വിധിക്കായ് 

കരളുറപ്പുമായ് കാത്തിരിക്കാം.

കെട്ടുറപ്പുള്ള മനസ്സിൻ്റെയുള്ളകം 

തട്ടിത്തെറിപ്പിക്കാനാർക്കുമാവില്ല..

നന്മകളിയന്ന മനസ്സിൻ്റെ സുഗന്ധം 

മാധവംപോലെയെന്നും വിശറിയാവും.

തട്ടിയെടുത്തു ചിരിക്കുന്ന ജന്മങ്ങൾ

പൊട്ടിയ പട്ടംപോലെ പറക്കുമ്പോൾ 

സത്യത്തിൻ പാതയിലെ കല്ലും മുള്ളും

കുസുമം വിതറിയ പരവതനിയാവും!

നേരമേറെയായെന്നു ചൊല്ലുവതരോ?

കാത്തിരിക്കാനിനിയാരുമില്ല.

കാലം നിശ്ചയിക്കും വിധിക്കായ് 

കരളുറപ്പോടെ കാത്തിരിക്കാം.






വേനൽ മുറിവുകൾ

തോരാമഴ പ്രളയമായപ്പോൾ

ഒലിച്ചുപോയത് ഒരുപാട് ബന്ധങ്ങൾ...

വിശ്വാസത്തിൻ്റെ പാലം തകരുമ്പോൾ

ഹൃദയം വിലങ്ങിപ്പിടയുന്നവരേറെ..


മുറിവിലിത്തിരി സ്നേഹം പുരട്ടിയിരുന്നെങ്കിൽ

മരണ വെപ്രാളത്തിൻ്റെ 

ആഴമെങ്കിലും കുറഞ്ഞുപോയേനെ-

യെന്നു ചിന്തിക്കുന്നവരുണ്ടാവാം.


അകമുറിവിൽ നിന്നിറ്റിറ്റു വീഴുന്ന 

തോരാനിണങ്ങൾക്ക്,ഇത്ര നിറം 

കൊടുത്തത്താരാവാം..


പിറവി മുതൽ മരണംവരെ 

ചില ജന്മങ്ങൾ അങ്ങനെയാവാമല്ലേ..?

മധുരമെന്നോർത്ത് ചുണ്ടോളമെത്തുമ്പോളാവുമറിയുക

ആത്മാവിനെപ്പോലും പുറത്തുചാടിക്കുന്ന കയ്‌പ്പിൻ്റെ വീര്യം.


ആരോരുമറിയാതെ ,

സ്നേഹരാഹിത്യത്തിൻ്റെ വറുതിയിൽ 

വെന്തു നീറിയൊടുങ്ങുന്ന

ശലഭജന്മങ്ങളെത്രയോയൂണ്ടാവും..!!


റിയുണിയൻ

സ്വാഗതം, സ്വാഗതമീ വേളയിൽ ഏവർക്കും സ്വാഗതം സാഭിമാനം! ഓർമ്മകൾ പൂക്കും കലാലയത്തിൽ ഗുൽമോഹറിൻ്റെ ചെമ്പൂവുപോലെ ഏകരായ് ഈ സ്നേഹക്കൂടാരത്തിൽ അയവിറക്ക...