Thursday, March 22, 2018

ചെറു കവിതകള്‍

ഉൾക്കരുത്തി-
ന്നഗ്നിനാളം ഉള്ളത്തിൽ
ജ്വലിക്കവേ,തളരില്ലൊരിക്കലും
മുന്നോട്ടുള്ള കുതിപ്പുകൾ 

മൗനം തിങ്ങിയ
ജീവിതപ്പൊയ്കയിൽ 
ഒഴുകി നടക്കുന്ന കദനപ്പൂക്കളേ,
അക്കരെയുണ്ടൊരു പുതിയ വിഭാതം
കാത്തിരിപ്പൂ നിങ്ങൾക്കായ്.....!


കണ്ണുകൊണ്ടു കാണാത്ത കാഴ്ചക്കു പിന്നാലെ
ചെവികൾ കൂർപ്പിച്ചു വട്ടം പിടിക്കുമ്പോൾ ......
പിറു പിറുക്കുന്ന ചുണ്ടുകൾക്കപ്പുറം
പൂത്തു നില്ക്കും നറുമണമുള്ള സത്യ൦ .....


ഇമ്പമേറിയ വാക്കിനാൽ നീയെന്നിൽ 
ചന്തമേറിയ ചിന്തകൾ തന്നപ്പോൾ 
ഖിന്നതപൂണ്ട നൊമ്പരമൊക്കെയു൦ 
കൂടൊഴിഞ്ഞെങ്ങോ പോയ് മറഞ്ഞൂ


സംഗീതസാന്ദ്രമീ കിളിയൊച്ചകളിലേക്ക്
ഉദയകിരണങ്ങൾ ചേക്കേറവേ
.ചെറുതലോടലുമായരികി-
ലെത്തീ മന്ദമാരുതൻ......
പ്രഭാത കാന്തിതൻ
പുളകവുമായി നിൽക്കും സുമനസ്സുക-
ളിലൂടൊഴുക്കട്ട പൂന്തേനരുവികൾ

ചൂടു കൂടി വരുന്നു എന്ന്
വാർത്ത.
വരും തലമുറകൾക്ക്
എത്ര കാട്, എത്ര പച്ചപ്പ്,
എത്ര കുളിര്, എത്ര പുഴ....
നമുക്ക്‌ നീക്കിവെക്കാൻ
ബാക്കി നില്ക്കും?
എന്ന ചോദ്യം എത്ര ഭയാനകം!?

കരളിൽ വിങ്ങുന്ന നൊമ്പരങ്ങൾ
എഴുതുവാൻ വെമ്പുന്നു വിരലുക,ളെങ്കിലും
ഏടുകളെല്ലാം പറന്നു പോയോ?!
കാറ്റിനുമെന്തിത്ര വിദ്വേഷമാവോ,
നോവും മനസ്സിനെ കാണാഞ്ഞതാവാം!

കരുണയില്ലാ മനസ്സിനു മുമ്പിൽ
കൈകൂപ്പി നില്ക്കരുതു നാ൦ ..
കഠിനമേറിയ പാതകളെങ്കിലു൦
കഠിനാദ്ധ്വാനത്താൽ ഉയർത്തണ൦ ജീവിത൦ .

അഗ്നിയായ് ചിതറുന്ന
വാക്കുകളണയ്ക്കുവാൻ
നെറികേടുകൾകൊണ്ട് ആവില്ലൊരിക്കലു൦..
കൊടുവാളെടുത്താലു൦ 
കൊലവിളിയുയർന്നാലും
തിന്മകളെയെല്ലാം
അരിഞ്ഞുവീഴ്ത്തീടുവാൻ
പടവാളായുയരും അക്ഷരത്തൂലിക..!

മരിച്ച ഓർമ്മകളുടെ
ശ്രാദ്ധമടുക്കുമ്പോഴാണു
കൊഴിഞ്ഞ ചില സത്യങ്ങൾക്കു
പുതുനാമ്പ് മുളയ്ക്കുന്നത്...!

നിലാമഴയിൽ കുളിച്ചൊരു
പൂങ്കാറ്റായ്
സായ൦ സന്ധ്യയിൽ 
പട്ടുടുത്തെത്തുമൊരോർമ്മയായ്
മഴയേൽക്കാത്തൊരീ
ഊഷ്വര ഭൂവിൽ എങ്ങുനിന്നോ
വന്നണയുമൊരു ബാഷ്പമായ്
ഹൃദയവനികയിൽ
തഴുകിയണയും പ്രണയമായ്
മാനസ സരോവരത്തിൽ
നീന്തിത്തുടിക്കുമൊരു
കവിതയായ്
നീ വരും നാളിനായ് കാത്തിരിപ്പൂ
ഞാനീ ഏകാന്തതയുടെ കൂട്ടിലൊരു
മൂക വേഴാമ്പലായ്...
.

No comments:

Post a Comment

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...