Wednesday, May 15, 2019

സ്മൃതിയോളങ്ങൾ

സ്മൃതിയോളങ്ങൾ. --
-----
ഇലഞ്ഞിപ്പൂമണമൊഴുകി വരുമ്പോൾ
ഹൃദയം പൂക്കുമൊരു പൂവാടിയായി..
തരളിത മോഹം പാറി നടന്നൊരു
പഴമതൻ വനികയിലെ പൂത്തുമ്പിയായി..

വിരുന്നെത്തും സന്ധ്യയെ വരവേൽക്കുവാൻ
ഉയരുന്നു  കീർത്തന നാമങ്ങളുച്ചത്തിൽ
അകത്തിണ്ണയിൽ ഉണ്ണികൾക്കൊപ്പമിരിക്കുന്ന
വിറയാർന്ന ശബ്ദവും ഓർമ്മയിലായി..

പക നട്ടു വളർത്തുന്നു നമ്മളിന്നീ ലോകത്തു
പൂക്കുന്നു കായ്ക്കുന്നു വാശി വൈരാഗ്യങ്ങൾ
തൊട്ടു തലോടി കാര്യങ്ങൾ, കഥകളായി
ചൊല്ലിക്കൊടുക്കുവാൻ ആരുമില്ലാതായി..

കുടുംബബന്ധങ്ങൾ അകന്നുപോയീടുന്നു
കാലത്തിനൊപ്പമെത്താൻ  ഓടിത്തളരുന്നു
മൊബൈൽ ബന്ധങ്ങൾ തഴച്ചുവളരുമ്പോൾ
അണുകുടുംബങ്ങൾ ശിഥിലമായി തീരുന്നു.

പാതിവഴിയിൽ തൂങ്ങിയാടുന്ന ജീവിതങ്ങൾ
കൊഴിഞ്ഞ ഇലകൾക്കൊപ്പം അഴുകീടുമ്പോൾ
നഷ്ടങ്ങളെ മറക്കും സുഖഭോജികളപ്പോൾ
പാതിരാപ്പൂക്കളായി വിരിഞ്ഞു നിൽക്കുന്നു.

പഴമയിലുണ്ടായിരുന്നൊരു നന്മസുഗന്ധം
ബാല്യത്തെ തഴുകിയകന്നു പോയീടുമ്പോൾ
ഇന്നത്തെ കാലത്തിനൊപ്പം പായാനാവാതെ
മനസ്സിനെ ചങ്ങലയ്ക്കിട്ടു മൗനത്തിലാവുന്നു.
(ശ്രീരേഖ എസ് )

Thursday, May 9, 2019

'ഉടഞ്ഞ കണ്ണാടി'കൾ

'ഉടഞ്ഞ കണ്ണാടി'കൾ.
---------
എത്ര ശ്രദ്ധിച്ചാലും
ഇറ്റിറ്റു വീഴും ചില
പഴയ മുറിവിലൂടെ
നിണതുള്ളികൾ.

ഏത്ര ശ്രമിച്ചാലും
അടർന്നു വീഴും
ഉള്ളിലൊളിപ്പിച്ച
ചില തേങ്ങലുകൾ.

വേണ്ടെന്നു വെച്ചാലും
നമ്മെ തേടിയെത്തും
അതിമോഹത്തിന്റെ
വികൃത വിത്തുകൾ.

മരണത്തെ കാത്ത്
ആത്മഹത്യ  മുനമ്പ്
തേടിയലയുന്ന ചില
നഷ്ടസ്വപ്നങ്ങൾ.

ഭൂമിയെ പറുദീസയാക്കി
ആരോരുമറിയാതെ
പാപക്കനി ഭക്ഷിക്കാൻ
പ്രണയത്തെ അശുദ്ധമാക്കുന്ന
ജീവിത പങ്കാളികൾ.

എല്ലാം കണ്ടും കേട്ടും
ശൂന്യതയുടെ പ്രതലത്തിൽ
ആണിയടിച്ച കുറെ
മരവിച്ച മനസ്സുകളും.. !

Friday, May 3, 2019

കൊഴിഞ്ഞ ദളങ്ങൾ

പെയ്തുതീരാത്ത മേഘക്കൂട്ടിലേക്ക്‌
ആഴ്ന്നിറങ്ങിയ നൊമ്പരശീലുകൾ
കാത്തിരിക്കുന്ന സ്വപ്നത്തേരിൽ
ദളങ്ങൾക്കൊഴിഞ്ഞ പൂക്കളായി വീഴുന്നു.

നിർത്താതെ പെയ്തൊരാ പേമാരിയിൽ
നനഞ്ഞവളെന്നോടൊട്ടി നിൽക്കവേ
ആരോരും കേൾക്കാതെയടക്കിയ
ഗദ്ഗദമെന്നുടെ തൂലികയിൽ വരികളായി.

ചിലതു പൂക്കളായി വിരിഞ്ഞുനിന്നു
ചിലതുമൊട്ടിലേ കരിഞ്ഞുപോയി
മറ്റാരുമറിയാതെയുള്ളിന്റെയുള്ളിൽ
പാകാൻ പാകത്തിനൊളിച്ചവ വേറെ.

വിതുമ്പിലിനിയുമീ  ചുണ്ടുകൾ
തുളുമ്പില്ലിനിയുമീ  മിഴികളും
ഇനിയെത്രനാളുണ്ടെന്നറിയാതെ
ഒരുനാൾ മൗനയാത്രയിലായീടും.

ശാശ്വതമല്ലാത്തയീ  ലോകത്തെ  നാം
സ്വർഗ്ഗമെന്നു കരുതുന്നതല്ലോ തെറ്റ്
പ്രതീക്ഷയിൽ മാത്രം തീരുന്ന ജന്മങ്ങൾ
ഒടുങ്ങുന്നതുമീ ഭൂമിയിൽ തന്നെ.. !

ലഹരി

ലഹരി  ******* ലഹരിയിലാറാടും നമ്മുടെ നാടിതിൽ ലഹരിയിലാടിക്കുഴയുന്നു കുട്ടികൾ ജീവിതലഹരിക്കായ് പൊരുതേണ്ടവരിന്നോ ലഹരിയിലാകെ തുലയ്ക്കുന്നു ജീവിതം!...