Wednesday, May 15, 2019

സ്മൃതിയോളങ്ങൾ

സ്മൃതിയോളങ്ങൾ. --
-----
ഇലഞ്ഞിപ്പൂമണമൊഴുകി വരുമ്പോൾ
ഹൃദയം പൂക്കുമൊരു പൂവാടിയായി..
തരളിത മോഹം പാറി നടന്നൊരു
പഴമതൻ വനികയിലെ പൂത്തുമ്പിയായി..

വിരുന്നെത്തും സന്ധ്യയെ വരവേൽക്കുവാൻ
ഉയരുന്നു  കീർത്തന നാമങ്ങളുച്ചത്തിൽ
അകത്തിണ്ണയിൽ ഉണ്ണികൾക്കൊപ്പമിരിക്കുന്ന
വിറയാർന്ന ശബ്ദവും ഓർമ്മയിലായി..

പക നട്ടു വളർത്തുന്നു നമ്മളിന്നീ ലോകത്തു
പൂക്കുന്നു കായ്ക്കുന്നു വാശി വൈരാഗ്യങ്ങൾ
തൊട്ടു തലോടി കാര്യങ്ങൾ, കഥകളായി
ചൊല്ലിക്കൊടുക്കുവാൻ ആരുമില്ലാതായി..

കുടുംബബന്ധങ്ങൾ അകന്നുപോയീടുന്നു
കാലത്തിനൊപ്പമെത്താൻ  ഓടിത്തളരുന്നു
മൊബൈൽ ബന്ധങ്ങൾ തഴച്ചുവളരുമ്പോൾ
അണുകുടുംബങ്ങൾ ശിഥിലമായി തീരുന്നു.

പാതിവഴിയിൽ തൂങ്ങിയാടുന്ന ജീവിതങ്ങൾ
കൊഴിഞ്ഞ ഇലകൾക്കൊപ്പം അഴുകീടുമ്പോൾ
നഷ്ടങ്ങളെ മറക്കും സുഖഭോജികളപ്പോൾ
പാതിരാപ്പൂക്കളായി വിരിഞ്ഞു നിൽക്കുന്നു.

പഴമയിലുണ്ടായിരുന്നൊരു നന്മസുഗന്ധം
ബാല്യത്തെ തഴുകിയകന്നു പോയീടുമ്പോൾ
ഇന്നത്തെ കാലത്തിനൊപ്പം പായാനാവാതെ
മനസ്സിനെ ചങ്ങലയ്ക്കിട്ടു മൗനത്തിലാവുന്നു.
(ശ്രീരേഖ എസ് )

No comments:

Post a Comment

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...