Monday, April 13, 2020

മങ്ങിയ കണികാഴ്ചകൾ


പതിവിലും നേരത്തേ കൊന്ന പൂത്തു
പതിവുപോലാരും വരാനുമില്ല
പടിവാതിലിലേക്കു നീളും മിഴികളിൽ
പീതവർണ്ണങ്ങൾ പ്രതീക്ഷയായി!

മഞ്ഞപുതച്ച  ഭൂമിതൻ മാറിൽ
ചാടിക്കളിക്കുന്ന അണ്ണാറക്കണ്ണൻ
മാമ്പഴച്ചാറിന്റെ മധുരം നുണയുവാൻ
കലപിലകൂട്ടുന്ന കുഞ്ഞിക്കുരുവികൾ!

തിക്കില്ല, തിരക്കില്ല പാതകളിൽ
പൊടിപടലങ്ങളോ തീരെയില്ല..
ഒച്ചയനക്കങ്ങളില്ലാത്തതിനാലോ
വിഷുപ്പക്ഷി മൂളുന്നു വിഷാദരാഗം.

കണിയൊരുക്കലും കാഴ്ചകളും
കാണുവാൻ ആരുമില്ലല്ലോ കണ്ണാ..
ഉള്ളിന്റെയുള്ളിൽ നീ ആടീടുമ്പോൾ
അതിൽപ്പരം നിർവൃതിയുണ്ടോ കണ്ണാ..

മിഴിനീർകാഴ്ചകൾ എറീടുമ്പോൾ
ഈ ലോകം ദുരിതത്തിലായീടുമ്പോൾ
രോഗശാന്തിക്കുള്ള പ്രാർത്ഥനയാവട്ടെ
ഓരോ വീട്ടിലെയും വിഷുക്കണികൾ..

4 comments:

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...