Thursday, May 20, 2021

പുലരി

മധുരമായ് പാടിയുണർത്തുന്ന പൂങ്കുയിൽ

മാനസവാതിലിൽ മുട്ടിയപ്പോൾ 

അരുണാംശുവന്നു തലോടിയെൻ മിഴികളിൽ പൊൻവെളിച്ചം പകർന്നുതന്നു.


വെൺചേലചുറ്റിക്കുണുങ്ങിക്കൊണ്ടവൾ 

മണവാട്ടിയെപ്പോലൊരുങ്ങിവന്നു.

മധുരമായെന്റെ കിനാക്കളിൽ ചാർത്തുവാൻ

വർണ്ണങ്ങൾ ചാലിച്ചടുത്തുനിന്നു.


മിഴികളിൽ മിഴിവേകാൻ പൊൻപ്രഭയായ് 

കരളിനു കുളിരേകാൻ തെളിമയുമായ്

മണ്ണിന്റെ മാറിലെ മധുരം നുകർന്നീടാൻ

മധുരസ്വപ്‌നങ്ങളായ് അരികിൽ നിൽപ്പൂ!

തളിരിടും ഓർമ്മകൾ

നൊമ്പരം വന്നെന്നെയെത്രമേൽ പുല്കിലും

വാകമരച്ചോട്ടിലൊരുവേളയെത്തവേ

മഴനൂലായോർമ്മകളുമ്മവെക്കും, ഇട-

നെഞ്ചിൽ തുടിക്കുമിതളുകളായ് ദ്രുതം!


ചുട്ടുപൊള്ളുന്നൊരെന്നുള്ളം തലോടാനായ്

പൂമഴ പെയ്തുകൊണ്ടെത്തിയ തെന്നലിൻ

താളത്തിലിത്തിരിനേരം മയങ്ങവേ

വിസ്മയമായെൻ കലാലയ നാളുകൾ.


എത്രമേൽ സുന്ദരമാദാവണിപ്പൂക്കൾ,

ചൂളമിട്ടെത്തുമത്തെന്നലും മോഹനം

പ്രണയാർദ്രചിന്തകൾ പൂത്തുതളിർക്കവേ

മലർവാകപെയ്യും കുളുർമ്മയായെന്മനം!





Tuesday, May 18, 2021

ഒരുമയിലെ പെരുമ

നല്ലതു ചൊല്ലണം നന്മ നിറയണം

കാരുണ്യവൃത്തികൾ ചെയ്തിടേണം 

കണ്ടതും കേട്ടതും ചൊല്ലാതിരിക്കണം

കല്മഷം താനേയൊഴിഞ്ഞുപോണം!

കെട്ടവർ കൂട്ടിനായ് വന്നീടുന്നേരത്ത്

കൊട്ടിയകറ്റണം നിഷ്ടൂരരായ് .

പൊട്ടിത്തെറികളുണ്ടാവില്ല, മാത്രമോ

ശിഷ്ടകാലം സ്വൈരപൂർണ്ണമാകും!


എത്രനാളുണ്ടാകുമൂഴിയിൽ നാമെന്നു

തിട്ടമല്ലാത്തൊരു കാലഘട്ടം,

വിട്ടുപോം നാമെല്ലാമൊരുനാളിലതു സത്യ-

മതുവരെയൊന്നിച്ചു കൂട്ടുകൂടാം!


കൂട്ടിവെച്ചീടുന്ന സ്വത്തുക്കളൊന്നുമേ

കൂട്ടായ് വരില്ല നാം പോയീടുമ്പോൾ

ഇന്നു നാം ചെയ്യുന്ന സത്കർമ്മമതുമാത്രം

ഓർമ്മയായ് നാളെയീ ഭൂവിലുണ്ടാം!


വ്യാധികളായ് വരും ശത്രുക്കളകലുവാ-

നൈക്യത്തിൻ പ്രണവമുരുക്കഴിയ്ക്കാം

അകലെയെങ്കിലും മനസ്സുകൊണ്ടാപത്തു -

കാലത്തെയൊന്നായ് നമുക്ക് നേർക്കാം 


ലഹരി

ലഹരി  ******* ലഹരിയിലാറാടും നമ്മുടെ നാടിതിൽ ലഹരിയിലാടിക്കുഴയുന്നു കുട്ടികൾ ജീവിതലഹരിക്കായ് പൊരുതേണ്ടവരിന്നോ ലഹരിയിലാകെ തുലയ്ക്കുന്നു ജീവിതം!...