Tuesday, January 16, 2024

പിണക്കം

 എന്തിനീ പിണക്കമെന്നോതുമ്പഴും നിന്നിലെന്നെ ഞാൻ കാണുന്നുവെന്നോ, പ്രിയസഖീ!

കാണുവാൻ കാഴ്ചകളേറെയാണെങ്കിലും

എൻ മിഴിയൊപ്പുന്നതെപ്പൊഴും നിൻ മുഖം!


ഓർമ്മകൾ പൂക്കുന്ന പാടത്തിലൂടെ നാമെത്രയോ കഥ ചൊല്ലിയന്നു നടന്നവർ.

കതിരുകൾ കൊത്തിപ്പറന്നൊരു പൈങ്കിളി

നമ്മുടെ പാട്ടേറ്റു പാടി,യോർക്കുന്നുവോ?


ഇനിയെത്ര കാലമീഭൂവിലുണ്ടായിടാം,

ഇനിയെത്ര കാതങ്ങൾ താണ്ടിയലഞ്ഞിടാം

ഇനിയുള്ള ജീവിതം ഹ്രസ്വമെന്നോർത്തു നീ

വെക്കം പിണക്കം വെടിഞ്ഞണഞ്ഞീടുക!...

മിഴിനീർ സ്വപ്നം


ഇടറുമാമിഴികളെ പിരിയുവാനാവാതെ

രണ്ടു നീർത്തുള്ളികൾ പരിഭവിച്ചു. 

കരളിന്റെയുൾവിളിയിൽ നിന്നെന്റെ മാനസം

'പതറരുതെയെന്നോതി കൂട്ടിരുന്നു.


പറയുവാനാവാതെ വേർപിരിഞ്ഞെങ്കിലും

കനവിലൊരു നിനവായി നിന്നുപോയി.

കരകാണാതൊഴുകുന്ന തോണിപോലന്നവൾ

തിരയുടെ തോഴിയായൊന്നുചേർന്നു.


കടലുപ്പിലാണ്ടൊരാ കണ്ണുനീർത്തുള്ളികൾ

പരിഭവമൊഴിഞ്ഞങ്ങലിഞ്ഞു പോയി.

ഇനിയുമൊരു ജന്മമുണ്ടെന്നാകിൽ നിത്യവും

പുതുപുലരിപോൽ നടനമാടിടട്ടെ!

Saturday, January 13, 2024

യാത്ര

നേരമേറെയായ് സഖീ,പോകുവാൻ നേരമായ്.....വിട ചൊല്ലുവാൻ സമയമായിതെന്നോ!

ജന്മസാഫല്യത്തിനായ് യാത്ര പോയിടാ-

മോർമ്മകൾ പൂക്കുമക്കുടജാദ്രിയിൽ..!

സൗപർണ്ണികാനദീതീരത്തിലൂടെ

നടന്നു നീ ചൊല്ലിയതത്രയും കവിതയായ്

മിഴി തുറന്നെന്നോ! നമുക്കവ-

യൊക്കെയുമമ്മതൻ തിരുനടയി-

ലൊന്നിച്ചിരുന്നു പാടീടാം......

വാർദ്ധക്യം തഴുകുന്ന മിഴികളിൽ

നിറയുന്നതത്രയും കൊല്ലൂരിലമരുന്നൊ-

ർമ്മതൻ ദീപാരാധനക്കാഴ്ചകൾ

ഇനിയൊരു യാത്രയുണ്ടാവുമോ?.....

അറിവീലതൊന്നുമിന്നെങ്കിലും

പോകാം സഖീ, നമുക്കിനിയേറെ വൈകിടാ-

തീജന്മസാഫല്യമടയേണ്ടതല്ലയോ!...

Wednesday, January 3, 2024

ഗാനം (ഗുരുവായൂരപ്പാ )

 ഗുരുവായൂരപ്പാ, നിൻ തിരുദർശനത്തിനായ്

ഒരു നാൾ വരാനൊരു മോഹം!

അവിടുത്തെ തൃപ്പാദപത്മത്തിൽ തുളസിയായ്

വീണുറങ്ങേണമീ ജന്മം..

            (ഗുരുവായൂരപ്പാ.....)


തിരുനടയിൽ വന്നുതൊഴുതു നിൽക്കുമ്പോൾ

ഈ ജന്മമെത്രമേൽ ധന്യം!

അടരുവാനാവാത്ത ജന്മസാഫല്യമായ്

തീർക്കുമോ നീയെന്റെ കണ്ണാ?...

            (ഗുരുവായൂരപ്പാ.....)


എന്മനം തേങ്ങുന്നതറിയാതെ പോകയോ?

അറിയാത്തമട്ടിലിരിപ്പോ?

കുസൃതിയിലോടിത്തളർന്നു ഞാനെങ്കിലും

കൂടെ വിളിയ്ക്കുമോ കണ്ണാ?

            (ഗുരുവായൂരപ്പാ.....)




ലഹരി

ലഹരി  ******* ലഹരിയിലാറാടും നമ്മുടെ നാടിതിൽ ലഹരിയിലാടിക്കുഴയുന്നു കുട്ടികൾ ജീവിതലഹരിക്കായ് പൊരുതേണ്ടവരിന്നോ ലഹരിയിലാകെ തുലയ്ക്കുന്നു ജീവിതം!...