Monday, August 31, 2015

എന്റെ ചെറുചിന്തകൾ

ഹൃദയമന്ത്രം നൂലിഴയിലേക്കാവാഹിച്ച്,
മുറുക്കിക്കെട്ടുന്നു കൈത്തണ്ടയിൽ
മരണമില്ലാത്ത സാഹോദര്യം!


മുടക്കമില്ലാതെന്നും നുള്ളിയിട്ടും
പിണക്കമില്ലാതെ ചിരിക്കുന്നതു
എങ്ങിനെയാണെന്റെ തുമ്പപ്പൂവേ...


ചെകുത്താൻമാർ
തിരുത്തുന്നു..
ജലരേഖയാകുന്നു സത്യം.


അപരന്റെ തളർന്ന പാദങ്ങളെ
പരിഹസിക്കുന്ന നിന്റെ കാൽക്കീഴും
ഈ കടൽതീരത്തു സുരക്ഷിതമല്ലെന്ന്..
കുതിച്ചെത്തുന്ന തിരമാലകൾ.


സൊറ പറയുന്നുണ്ട് 
ഓര്‍മ്മക്കോലായിൽ ..
നാലും കൂട്ടി മുറുക്കിയ 'സുഗന്ധങ്ങൾ'.


ഉത്രാടപ്പാച്ചിൽ ഇല്ലാതെ അച്ചിമാർ, 
തിരുവോണ തിരക്കുമായി ഭക്ഷണശാലകൾ .. 
ഓർമ്മയിലെ ഓണത്തിന് പൊൻതിളക്കം!!


പൂരാടമെത്തിയിട്ടും 
പുരമേഞ്ഞില്ലന്നു
പുറമ്പോക്കിലെ ജീവിതങ്ങൾ!


ഐശ്വര്യ സമൃദ്ധിയുടെ 
പ്രതീകമായ ഓണമിന്ന് 
സ്നേഹശൂന്യതയുടെ വറുതിയിലോ!!


നീയൊരു ശിലയായി മാറിയാല്‍ 
കവിത വിരിയിക്കും
ശില്‍പിയാകും ഞാന്‍!!

പവിത്ര കലാലയത്തിൽ
പാപങ്ങളേറുന്നു,
കൊഴിഞ്ഞുവീഴുന്നു പൂവുകൾ!!


മുട്ടിവിളിക്കുന്നു
ഹൃദയവാതിലിൽ...
കിനാപ്പക്ഷി!!


ഇത് ഞങ്ങളുടെ ഓണക്കാലമെന്ന് 
ജമന്തിയും വാടാമല്ലിയും ...... 
ഓണപ്പൂക്കൾ തിരയുന്നു മലയാളി കണ്ണുകൾ!!


തുമ്പയും മുക്കുറ്റിയു൦ മാത്രമല്ല .. 
ഞാനു൦ ഓണത്തിൻറെ

വസന്തമെന്നു തൊട്ടാവാടി !!

അഴിമതി പുകയേറ്റു 
കറുത്തു പോകുന്നുവൊ .. 
സമാധാനത്തിന്ടെ വെള്ളരിപ്രാവുകൾ !!


ഒരു ദിനത്തിലൊതുങ്ങുന്നുവോ 
വീരനായകരേകിയ
സ്വാതന്ത്ര്യാമൃത ചിന്തകൾ.? ...


ആട്ടിയോടിക്കുമെന്നറിഞ്ഞിട്ടും
കൈകൊട്ടി വിളിച്ചാല്‍
വരാമെന്നു ബലികാക്കകള്‍ !!


മരങ്ങളില്ല,
ഉണ്ണിക്കൂഞ്ഞാലാടാൻ.. 
തുളുമ്പുന്ന മിഴികൾ!


താണ്ഢവമാടുന്നു കർക്കിടകം,
തുമ്പയും മുക്കുറ്റിയും
തിരയുന്നു ചിങ്ങപ്പെണ്ണ്.


കപടതയുടെ ഇരുട്ടിനാൽ 
പ്രകാശം മറയുന്ന പകലുകൾ. 
വേവലാതിയോടെ. 'വൃദ്ധഹൃദയ'ങ്ങൾ.


ചെരുപ്പ്
..............
.നിൻ പാദത്തെ പുണർന്നു ഞാനെത്ര കാലം ..
എൻ അഴകൽപ്പം കുറഞ്ഞപ്പോൾ 
വലിച്ചെറിഞ്ഞില്ലേ ?


വസുന്ധരയെ അണിയിച്ചൊരുക്കി..
പൂമ്പാറ്റയും പൂക്കളും..
തമ്പ്രാന്റെ വരവായി!!


കഥയെഴുതാൻ വന്ന
കലാകാരനോടു 
കദനം പറയുന്നു പുഴ!


തെക്കേപറമ്പിലെ ചിതയില്‍ എരിഞ്ഞു തീരാന്‍ ..
കണ്ണുനീര്‍ മഴയില്‍ കുളിച്ചു കിടക്കുന്നു ,
നടുത്തളത്തില്‍ കൊഴിഞ്ഞു വീണ പൂവ് ..



പടികടന്നെത്തുന്നു ഉറയ്ക്കാത്ത കാലുകൾ
'മഴയെ' പഴിച്ചു പരിദേവനം പറയുന്നു
കരിമഷികണ്ണുകൾ..

അരുണകിരണ പ്രഭയിൽ 
വ്രീളാവതിയായി.. 
കിഴക്കു നോക്കി നില്ക്കുന്നൊരു പെണ്ണ്!!

നിൻ മിഴിയാഴങ്ങളിൽ കാണുന്നു പെണ്ണേ..
എന്നോടുള്ള സ്നേഹത്തിൻ
മുത്തും പവിഴവും!!


അർക്ക' നടുത്താലലിഞ്ഞു ചേരുന്നു 
'പൂവിനെ പുണർന്ന
മഞ്ഞിൻ കണ'ങ്ങൾ


ഉമ്മറകോലായില്‍ പ്രതീക്ഷയുടെ
നുറുങ്ങു വെട്ടവുമായി...
വൃദ്ധ നയനങ്ങള്‍!


നിലാവു പരത്തി മാഞ്ഞുപോയ 
തിങ്കളിനെ കാത്തിരിപ്പുണ്ടൊരു
പൊന്നാമ്പൽ പൊയ്കയിന്നും!!


താളത്തില്‍ നൃത്തം ചവിട്ടുന്നു
വെണ്‍മണി മുത്തുകള്‍ .
ഹാ.. എന്തു ഭംഗിയീ മഴപ്പെണ്ണിന്!!


വടിയും കുത്തി,
ഒരു നിഴൽ രൂപം..
അണയാറായ തിരി!


ഒറ്റമരക്കൊമ്പിൽ
ആരെയോ കാത്തൊരു
കിളി;വിരഹാർദ്രം.


ഓര്‍മ്മയുടെ പള്ളിമേടയിലിരുന്നു
കുര്‍ബാന ചൊല്ലുന്നുണ്ടിന്നും..

അവളുടെ കുസൃതി കണ്ണുകള്‍ !!

ദാരിദ്ര്യത്തിന്‍റെ 
കര്‍ക്കിടക കഞ്ഞിയിലെന്നും 
കണ്ണുനീരാണുപ്പ് !


ഇരുളിനെ പുണരുവാന്‍ 
സിന്ദൂര പൊട്ടണിഞ്ഞ്
മൂവന്തിപെണ്ണ് !!!


മധു നുകരാൻ കാത്ത് നിൽക്കുന്ന വണ്ട്‌. 
ഇളം കാറ്റിൽ ഇതൾ വിരിയാതെ, 
നാണിച്ച് നിൽക്കുന്ന പൂമൊട്ട്!! .


ആത്മാർത്ഥതയില്ലാത്ത സൗഹൃദങ്ങൾ, 
ചേമ്പിലയിലെ മഴത്തുള്ളികൾ പൊലെ..
ചെറു കാറ്റിലും ഉലയുന്നു!


തിരക്കേറും ജീവിതയാത്രയിൽ 
എനിക്കെന്നും സാന്ത്വനമായി 
പ്രിയ സഖീ... നിൻ കരസ്പർശനം !!


ഓര്‍മ്മയുടെ തിരമാലകള്‍ വന്നു മടങ്ങിയിട്ടും
ഏകാന്തതയുടെ കടത്തു തോണിയില്‍
തീരം തേടിയലയുന്നു ഞാനിന്നും !!


"മൂളിപ്പാട്ടുമായി വന്ന ചെറു 
കാറ്റിനോടൊപ്പം നൃത്തം വെക്കുന്നുണ്ട് 
മഴ നൂൽത്തുമ്പികൾ"

പാറി പറക്കുന്നുണ്ട്
ഓര്‍മ്മയുടെ തീരത്തിന്നും
അപ്പൂപ്പന്‍താടി പോലെ ബാല്യം...

അഴലേറെ നൽകിയ ഓർമ്മകൾ 
അകതാരിൽ അണയാതെ
കത്തുന്നു പടുതിരിയെന്നപോൽ ...

എൻ മാനസവാടിയിൽ 
കൊഴിയാതെ നില്‍ക്കുന്ന 
സൗഹൃദ മലരല്ലോ നീ !


പ്രണയിച്ചു തുടങ്ങുമ്പോൾ പുതുമഴ...
പ്രണയം തളിർക്കുമ്പോൾ കുളിര്‍ മഴ .
പ്രണയം കലങ്ങിയാലോ കണ്നീർ മഴ .

മലയാളനാടു വിട്ടാൽ കൊതിക്കും... 
മധുരമൂറും 
പച്ചവെള്ളം കുടിക്കാൻ

ജീവിത സാഗരത്തിൽ 
ആടിയുലയുന്ന 
കെട്ടുവള്ളങ്ങളല്ലോ ..നാം !!

കരി പിടിച്ച ഓർമ്മകൾക്ക് മുന്നിൽ 
വിറങ്ങലിക്കുന്ന അമ്മ മനസ്സിന് സ്വാന്തനമായി 
കുറുമ്പു കാട്ടും പേരക്കിടാങ്ങൾ!!

ഇരുൾ പായ വിരിച്ചിട്ടും
വെള്ളി കസവു ഞൊറിയുന്നു 
മേഘ കൂട്ടങ്ങൾ !!

എത്ര നിണം പൊഴിഞ്ഞാലും 
മീട്ടിത്തീരില്ലല്ലോ നിൻ സ്നേഹ രാഗം !! 
രാഗത്തിനക്ഷയ നിർഝരിയോ നീ..

ഏഴു കടൽ കടന്നിട്ടും 
എത്ര വാചാലം ...
നിൻ മൌനം സഖേ !!

മഴ തന്നെ മഴ
റോഡെല്ലാം പുഴ!
മടുത്തുവോ മനസ്സേ.... 
മഴയെ ശപിക്കല്ലേ

വാകമരക്കൊമ്പിൽ കൊക്കുരുമ്മി 
രണ്ടിണക്കുരുവികൾ... 
പെയ്യാൻ വെമ്പുന്ന മേഘക്കീറുകൾ !

ഓളം തല്ലുമെൻ ഓർമ്മകൾക്ക് 
പങ്കായം പിടിക്കുന്ന മനസ്സ്. 
ആടിയുലയുന്നുവോ ..സ്വപ്നതോണി

മന്ദം മന്ദം വരുന്ന കുസൃതിക്കാറ്റിനെ നോക്കി 
ചൂളമടിച്ചു കറങ്ങി
നടക്കുന്നൊരു തെമ്മാടിക്കാറ്റ് !!

സൗഹൃദം 
ഇണങ്ങിയാൽ ഇളംകാറ്റായി തഴുകും ...
പിണങ്ങിയാലോ ...കൊടുകാറ്റാ യി വീശും !!

തേന്മഴയായി പെയ്തിറങ്ങി 
താതനോടുള്ള സ്നേഹം മുഖപുസ്തകത്തിൽ ....
മക്കളെ കാണാൻ കൊതിയോടെ അച്ഛനും !!

ദേവാലയ നടയിൽ കണ്ണടച്ചു നിൽക്കൊന്നൊരമ്മ .
മിഴിക്കോണിൽ നിറയുന്ന അശ്രുബിന്ദു .
സങ്കടമോ ?സായൂജ്യമോ !!

നിൻ കണ്ണിലെ പെരുമഴയിൽ 
നനഞ്ഞൊലിച്ചല്ലോ ....സഖീ ഞാൻ !
വിട പറയും നിമിഷങ്ങൾ.

വർണ്ണപ്പൂ ക്കൾ പോലെ 
മരച്ചില്ലകളിൽ ചേക്കേറുന്ന പക്ഷികൾ.. 
നയന മനോഹരമായ സന്ധ്യാക്കാഴ്ച്ച !

നിൻ മിഴിക്കടലിലെ ആഴങ്ങളിൽ
നീന്തിതുടിക്കുവതെന്തേ ..........
ഇന്നുമെൻ മനം പ്രിയതോഴീ!!

'കുണുങ്ങിയൊഴുകുന്ന കാട്ടരുവിയെ' 
നോക്കി കടക്കണ്ണെറിയുന്നു '
കുന്നിൻചെരുവിലെ മഞ്ഞപ്പൂക്കൾ

പനിനീർ തുള്ളികൾ പെയ്തിറങ്ങിയപ്പോൾ 
പുളകിതയായ ഭൂമീ ദേവി ...
സസ്യജാലങ്ങൾക്കായി മാറു ചുരുത്തുന്നു !!

തിരിച്ചറിയാതെ പോകുന്നുവോ.... 
നമ്മുടെ കാവൽ ദൈവങ്ങളെ !!
കഷ്ടപ്പാടിലും കരുണയേകുന്നിവർ

കവിത വിരിയും കണ്ണുകളും , 
കഥ പറയും നുണക്കുഴികളും.പെണ്ണെ ..
നീയൊരു മഹാകാവ്യമോ?.

രാത്രിമുല്ലയോട് 
കിന്നാരംച്ചൊല്ലുന്നു 
നിദ്രാവിഹീനനായി ഇളംതെന്നൽ!!

നെഞ്ചിലെ പാലാഴിയിൽ
ആറാടിയ മക്കളെ കാണാതെ ,
കണ്ണീരിൽ നീരാടുന്നു ചില അമ്മമാർ !!

ചെമ്പ ട്ടുടുത്തു മൂവന്തിപെണ്ണ്‌ 
ചേക്കേറുന്ന കുഞ്ഞിക്കിളികൾ .
ഉമ്മറക്കോലായിലോ മുത്തശ്ശി നാമം !!

വിണ്ടുകീറിയ ചില്ലയിൽ 
തപസ്സിരിക്കുന്നൊരു വേഴാമ്പൽ.
ഇരുണ്ട
 ആകാശത്തേക്ക് നോക്കി!

നീലവിരിയിട്ട ജാലകത്തിലൂടെ
രണ്ടു പേടമാൻ മിഴികൾ. .
കാലം വല്ലാത്ത കാലം !!

തളർന്നു പോയാ കരങ്ങളെ ങ്കിലും 
തഴുകുന്നെന്നോർമ്മയിലിന്നും 
താതന്റെ സ്നേഹ വാത്സല്യം !!

കൂടണയാന്‍ വൈകുന്ന 
കിളിക്കുഞ്ഞിനെ കാത്ത്,
വേവലാതിയോടൊരു അമ്മക്കിളി.

ഓര്‍മ്മ തന്‍ പൂങ്കാവനത്തിലെ , 
വാടാത്ത പൂക്കളായി ..
പുസ്തകസഞ്ചിയും പൊതിച്ചോറും.

വിലകൊടുത്തെന്തിനീ ലഹരിയെ
കൊതിയോടെ മാടി വിളിക്കുന്നു നമ്മള്‍.
പുകയിലയിലർബുദം മരണമായ്
ലഹരിയുടെയുള്ളില്‍ മറഞ്ഞിരിക്കുമെന്നറിഞ്ഞിട്ടും!!

എന്റെ പത്തായപ്പുര എവിടെ?
ഓടിത്തളര്‍ന്ന കുഞ്ഞനെലി.
തിളയ്ക്കുന്നുവോ..പ്ലാസ്റ്റിക്‌ അരികള്‍!!

പുകയുന്ന മനസ്സ്!!
കൈ വിരല്‍ത്തുമ്പില്‍ 
പൊടിയുന്നു 'നിണം'.




6 comments:

  1. കുഞ്ഞു വാക്കുകളില്‍ ആയിരമായിരം അര്‍ത്ഥ തലങ്ങളുടെ വിരല്‍പാടുകള്‍ ,ഇഷ്ടം ,ആശംസകള്‍ രേഖാ

    ReplyDelete
  2. Yadhruschikamaayi aanu ee pagil ethiyath..vannath veruthe aayilla..niceee...:)

    ReplyDelete
    Replies
    1. ഒത്തിരിയൊത്തിരി സന്തോഷം ..സുമാജി ഇനിയും വായിക്കുക .അഭിപ്രായം പറയുക ..സ്നേഹത്തോടെ ...

      Delete

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...