Wednesday, October 14, 2015

എന്റെ ചെറുചിന്തകൾ

കൈകുമ്പിളിൽ
കനകവാഗ്ദാനപൂക്കളുമായി
'പ്രജാപൂജ'ക്കെത്തുന്നു സ്ഥാനാർത്ഥി.


അപരചിത്തത്തിലേക്കു
ചതിചൂണ്ട,
സ്വാർത്ഥജന്മങ്ങൾക്കു
ഉന്മാദലഹരി.


കരയാൻ മാത്രമല്ല,
കടിഞ്ഞാണിടാനും
തനിക്കാകുമെന്ന്.. 'കണ്ണ് '.


കൊഞ്ചിക്കളിക്കുന്നപുഴയോളങ്ങളിൽ
നീന്തിതുടിക്കുന്ന'കുഞ്ഞുമത്സ്യ'ങ്ങൾ,
ഒളിഞ്ഞുനോക്കുന്നു 'അർക്കരശ്മി'കൾ.


പച്ചപ്പിൻറെ മനോഹാരിതയിൽ നിന്നും
സിമിൻറ് കൂട്ടിലെക്കൊരു കൂടുമാറ്റം 
രോഗാതുരമാകുന്നുവോ മനസ്സുകൾ !!


താങ്ങാവേണ്ടവർതന്നെ
തടവിലാക്കുന്നു...
തളർന്നുവീഴുന്നു ബന്ധങ്ങൾ!!


പുഞ്ചിരിപാലിൽ പാഷാണം ചാലിച്ചു
പട്ടുചുറ്റി പടികടന്നുവരുന്നുണ്ട്
'വിശുദ്ധകന്യ'യായൊരുതിരഞ്ഞെടുപ്പ്


നിന്നിലെ 'പല മുഖ'ങ്ങളെ
എന്നിൽ നിനക്കു കാണാം.
ഉടഞ്ഞ കണ്ണാടി.


അക്കരപ്പച്ച തേടും മനസ്സുകളേ, 
നിങ്ങളറിയാതെ പോകല്ലേ... 
കാത്തിരിക്കും വേഴാമ്പലുകളെ. 
താളം തെറ്റുന്ന ജീവിതങ്ങൾ!!


തപാൽപെട്ടി
കൈക്കുള്ളിലേക്കു ലോകം
ചുരുങ്ങിയപ്പോൾ, നിന്റെ -
ചിന്തയിൽപോലും ഞാനന്യനായി.!!

വ്രണിതഹൃദയത്തിനു കുളിർമ്മയേകി 
പുലർമഞ്ഞുപോൽ ചാരെ- 
വന്നെന്നും തവ സ്നേഹരൂപം!!

മനസ്സിലിന്നും മായാതെ കിടപ്പുണ്ട്
വടികുത്തി നടന്നുപോയ 
ഫക്കീറിന്റെ കാൽപ്പാട്.

അടിക്കുറിപ്പുകളുമായിന്ന് മക്കളെത്തും.
വീണിട്ടും ചിരിക്കുന്ന പഴുത്തിലകൾ .. 
വയസ്സാകാതെ ലോകവൃദ്ധദിനം ..

ചങ്കിൽകിടന്നു 
പിടയുന്ന ഓർമ്മകൾക്കു 
മൗനം സാക്ഷി!!

പടർന്നുകയറുന്നു'ഇത്തിൾക്കണ്ണി'കൾ,
ഇടമില്ലാതെ ഇഴയുന്നു 'മുല്ലവള്ളി'കൾ,
വേദനയിലുരുകുന്നു 'തേന്മാവ്'.

മിന്നിത്തിളങ്ങുന്ന
വെൺതാരകൾക്കുമുണ്ടാകാം
അകത്തൊളിപ്പിച്ച സുഖദു:ഖകഥകൾ

തിളച്ചുമറിയുന്ന ചായയിൽ
പൊട്ടുന്നു 'വളയിട്ട കൈകളുടെ' 
നിശ്വാസങ്ങൾ!!

പണിതീരാത്ത കടൽപ്പാലം,
പെയ്തൊഴിയാത്ത മേഘങ്ങൾ,
കണ്ണീരിൽ കുളിച്ചു കടപ്പുറം

കരയില്ലെന്നോതിയിട്ടും
അമ്മതൻ കൺകളിൽ
മിഴിനീർതിളക്കം.

മുനിഞ്ഞുകത്തുന്ന 
വിളക്കുമാടത്തിലേക്കു
'കഥ'യറിയാതെ നിശാശലഭം!

മധുനുകരാനെത്തിയ ശലഭത്തിനോടോ,
കുളിരുമ്മയേകുന്ന ഹിമകണത്തോടോ
മന്ദാരപൂവുകൾക്കു പ്രണയം.?

തനിച്ചാകുമ്പോഴാണു 
തിരിച്ചറിയുന്നത്, ചേർന്നുനിന്നതു 
ചെകുത്താനോ മാലാഖയോ എന്ന്!!

അമ്മായിയമ്മ അമ്മയും
മരുമകൾ മകളുമായാൽ......
ഹാ.. എത്ര സുന്ദരമീ സ്വപ്നം.!!

നോവും പാടത്തു
പൂത്തുനിൽക്കുന്നു.
കണ്ണുനീർപ്പൂക്കൾ!!

കണ്ണീർ തടാകത്തിൽ ആടിയുലയുന്ന
മിഴി തോണി.. മിന്നാമിന്നി
വെട്ടം പോലെ പ്രത്യാശയുടെ തീരം!!

എന്നുള്ളിലുള്ള അഗ്നിയണയാൻ 
നിൻ ദയാദർശനമൊന്നേ വേണ്ടൂ... 
നിറം മങ്ങിയ സ്വപ്നങ്ങൾ!!

ഋതുമതിയായ പുഴപ്പെണ്ണിനെ
കുളിപ്പിച്ചൊരുക്കുന്നു..
മനംനിറഞ്ഞ് മഴനൂലുകൾ!!

ഒരുമയോടെ തെരുവുനായ്ക്കൾ, 
നഷ്ടമായ പെരുമയിൽ
പരക്കംപായുന്നു മനുഷ്യക്കോലങ്ങൾ.

വിങ്ങുന്ന നെറ്റിത്തടം,
തഴുകുന്ന മുത്തശ്ശികൈകൾക്കു 
ഇളംകാറ്റിൻ സുഖം.

'പല നിറങ്ങളുടെ വെട്ടേറ്റു"
പിടഞ്ഞു കേഴുന്നൂ ദൈവം......
"ഭ്രാന്തചിന്തയെ ചങ്ങലക്കിടൂ"..

കാലന്റെ കണ്ണിനേക്കാൾ
ഭയാനകം
കാമം നിറഞ്ഞ കണ്ണുകൾ.

ചൊവ്വയിലേക്കു കുതിക്കുന്നു ചിലർ,
'ചൊവ്വ'യെ പഴിച്ചു 
കിതക്കുന്നു ചിലർ..

കണ്ണീരിൽ കുതിർന്നിട്ടും 
മായാത്തതെന്തേ ,
കൺതടത്തിലെ കറുത്തപൊട്ടുകൾ.?

മധുവൂറും വാക്കിലല്ലാ
മനം നിറയും പ്രവർത്തിയിൽ ആവണം
മനസ്സുകൾ കീഴടങ്ങേണ്ടത് ...

വലിച്ചെറിയുംമുൻപു
ഒന്നുരച്ചുനോക്കുക, 
അതൊരമൂല്യ നിധിയാവാം!!

ആയിരം 'നാഗങ്ങൾ'
വിഷംചീറ്റിയടുത്താലും
ആത്മാർത്ഥസ്നേഹത്തെ
വീഴ്ത്തുവാനാകുമോ.?

പുഴയെകാണാതുഴലുന്നു കടൽ,
കടലിലേക്കെത്താനാകാതെ
മണൽക്കുഴിയിലൊടുങ്ങുന്നു പുഴ

അന്നു കിട്ടിയ 
ചൂരൽ കഷായത്തിനിന്നു
തേനൂറു൦ മധുര൦

ചില മനുഷ്യർ മാമ്പഴം പോലെ ,
പുറം തോല് കണ്ടാൽ നല്ല ഭംഗി , 
അകം നിറയെ പുഴുക്കുത്തും.!!

കാണുന്നവർക്കു കൗതുകം. 
പൊരിവയർതീയ്യണയ്ക്കാൻ 
ഞാണിലാടുന്നു സർക്കസ് ജീവിതങ്ങൾ

ചിരിക്കാനൊരു മടി,
തുറിച്ചുനോക്കുന്നവർ
ഹർത്താൽ നടത്തിയാലോ.??

ചെകുത്താൻമാർ
തിരുത്തുന്നു..
ജലരേഖയാകുന്നു സത്യം.

അപരന്റെ തളർന്ന പാദങ്ങളെ
പരിഹസിക്കുന്ന നിന്റെ കാൽക്കീഴും
ഈ കടൽതീരത്തു സുരക്ഷിതമല്ലെന്ന്..
കുതിച്ചെത്തുന്ന തിരമാലകൾ

സൊറ പറയുന്നുണ്ട് 
ഓര്‍മ്മക്കോലായിൽ ..
നാലും കൂട്ടി മുറുക്കിയ 'സുഗന്ധങ്ങൾ'.





2 comments:

  1. തനിച്ചാകുമ്പോഴാണു 
    തിരിച്ചറിയുന്നത്, ചേർന്നുനിന്നതു 
    ചെകുത്താനോ മാലാഖയോ എന്ന്!!

    ReplyDelete

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...