യുദ്ധം ചെയ്യും തോറും
തോല്‍പ്പിക്കുന്ന ചിന്തകള്‍.
വെട്ടിപ്പിടിക്കും തോറും
മറവിയാഴങ്ങളില്‍ നിന്നും
ഉടലെടുക്കുന്ന പിറവികള്‍ .
പല്ലിളിച്ചു കാട്ടി പിന്നാലെയെത്തുന്ന
പഴംകഥകള്‍ക്ക് വെച്ചുവിളമ്പാന്‍
വെമ്പുന്ന മരണകെണികള്‍.
പൊതുജനത്തിന്റെ കല്ലേറില്‍
ഒറ്റപ്പെട്ടുപോയ മനസ്സിനു
സാന്ത്വനമേകാന്‍ മാടിവിളിക്കുന്ന
ആത്മഹത്യാമുനമ്പുകള്‍..
ഊതിപ്പറപ്പിക്കുന്ന വിഷവാക്കുകള്‍
തിരിച്ചുകൊത്തുമെന്നോര്‍ക്കാതെ
മലര്‍ന്നു കിടന്നു തുപ്പുന്ന കീടങ്ങള്‍ ..
ഉറക്കം നഷ്ടപ്പെട്ടു കൂട്ടിരിക്കുന്ന
സ്വപ്നങ്ങള്‍ക്കിന്നും കാവലായി
ഇന്നിന്റെ വേവലാതികള്‍ മാത്രം..
ഓര്‍മ്മകളെ ഇരുട്ടുമുറിയിലടച്ച്
ചങ്ങലയ്ക്കിട്ടിട്ടും പൂത്തുനില്‍ക്കുന്നു
മണ്ണാഴങ്ങളിലേക്ക് ചില വേരുകള്‍.
No comments:
Post a Comment