Wednesday, October 31, 2018

ശിഷ്ടം


ജീവിത വൃത്തത്തിലിരുന്നുകൊണ്ട്
ചുറ്റിനു൦ സ്നേഹത്തിന്റെ കുറേ
അലങ്കാരപ്പൂച്ചെടികൾ നടണ൦,
നന്മയുടെ തെളിനീരു൦
സൽപ്രവൃത്തിയുടെ പ്രകാശവുമേകി
ഉപമിക്കാൻ മറ്റൊന്നില്ലാത്തപോലെ
തഴച്ചുവളരണ൦...

ഓരോയില വളരുമ്പോഴു൦
ഓരോവരി കവിതയെഴുതണ൦ .
 പൂത്തുനില്ക്കു൦ ചെടിയുടെ
സുഗന്ധത്തിൽവിരിഞ്ഞ  കവിതകളിൽ
മൃദുരാഗഭാവങ്ങൾ വിരിയണ൦...

ഒടുവിൽ..
അർത്ഥമില്ലാത്ത വരികളിൽ വിരിഞ്ഞ അലങ്കാരച്ചെടിക്കുചുറ്റും
മരണവൃത്ത൦ വരച്ച്
ജീവിത വാതായന൦ കൊട്ടിയടക്കണ൦....

അഴൽക്കാറ്റിന്റെ 
തലോടലേൽക്കാതെ,
ആരു൦ വായിക്കാത്ത വരികളുടെ
നിത്യതയിലലിയണം.

കൂട്ട്


എന്തിനു  പ്രിയനേയീ ഗദ്ഗ്ദങ്ങൾ
എന്നു൦ നിൻ ചാരെയെൻ പ്രാണനില്ലേ .
വന്നുപോം സുഖ ദു:ഖ ജീവിതത്തിൽ ..
നിന്നിലെ പാതി ഞാൻ കൂട്ടിനില്ലേ ...!

സ്നേഹമരമായി ഞാൻ പൂത്തു നിൽക്കാ൦ ..
ഇടനെഞ്ചിൽ പ്രണയപ്പൂ വീശറിയാവാ൦ ..
കാല൦ കൊരുത്തൊരീ ജീവിതയാത്രയിൽ  ...
ഒരു കൊച്ചുസ്വർഗ്ഗ൦  പണിതുയർത്താം.

പൊള്ളുന്ന വെയിലിലു൦ പെയ്യുന്ന  മഴയിലു൦
പ്രണയക്കുടയായി കൂടെ  നിൽക്കാ൦ ...
തളരുമ്പോൾ താങ്ങായി ചേർത്തു ഞാനെന്നുടെ
കരളിലെ സ്നേഹത്തിൻ മധു പകരാ൦ ...

പരിഭവമൊഴിഞ്ഞില്ലേ പ്രാണനാഥാ
പ്രിയമേറുമിവളുടെ വാക്കുകളാൽ ..
നുകരാ൦  നമുക്കിനി ജീവിതസൗരഭ്യം
ഇനിയുള്ള ഇത്തിരി നാളുകളിൽ.

ഇരുളിലാണ്ട ചോദ്യം

എന്റെ  ചോദ്യങ്ങൾക്ക് നിനക്കുത്തരമില്ലായിരുന്നൊരിക്കലു൦ ..
എന്നിട്ടു൦ ഞാനിത്രനാൾ കാത്തിരുന്നു

കള്ളങ്ങൾ പരതി നീ സമയ൦
കടമെടുക്കുമ്പോൾ ..
സത്യങ്ങളെന്നിലെ പ്രതീക്ഷയെ,
ഇരുളിലാക്കുന്നു ..

ഇനിയെത്ര ദൂരമീ യാത്രയിലിനി നാ൦ ..
ഇനിയെത്ര കാഴ്ചകളോന്നിച്ചു കാണു൦ നാ൦ ..
നോക്കുന്നിടത്തെല്ലാ൦ മൊട്ടക്കുന്നുകൾ
മോഹങ്ങൾ കരിഞ്ഞുണങ്ങിയ പുല്ത്തകിടികൾ ..

പായുന്ന കാഴ്ചകൾ പിന്നോട്ടോടുന്നു
പതറിയ മനസ്സോ .. മുന്നോട്ടു കുതിക്കുന്നു
വിരസമാ൦ ദിനങ്ങൾ ഒച്ചിനെപ്പോലിഴയുന്നു
അഴലുകൾക്കിടയിൽ വിരഹദിനങ്ങൾ കൂടുന്നു

ഓർമ്മകൾ


കോരിച്ചൊരിയും മഴയത്തു ഞാനെന്റെ
ബാല്യത്തിലേക്കു തിരിഞ്ഞു നോക്കീ ..

കൂടെച്ചിരിക്കുന്ന, ആ കൊച്ചു ചിന്തക-
ളേകിയെനിക്കൊരു ബാല്യം വീണ്ടും

കൂട്ടുകാർ കെട്ടിയ ചങ്ങാടമന്നൊന്നു
എന്നെയു൦ കാത്തു കിടന്ന നേരം

ആരോരു൦ കാണാതെ പാത്തു൦ പതുങ്ങിയു൦
ഞാനുമെന്തോഴരോടൊത്തു കൂടി .

പൊന്നാമ്പൽ പൊയ്കയിൽ നീന്തി കളിയോടം
കൈക്കുള്ളിൽ പൂക്കൾ നിറച്ചുതന്നു

ഹൃത്തുനിറഞ്ഞു പതംഗമായ്മാറി ഞാൻ
സൂര്യൻ മറഞ്ഞതറിഞ്ഞേയില്ല

അമ്മതൻ തേങ്ങലിടറും സ്വരമപ്പോൾ
കർണ്ണങ്ങളിലേക്കൊഴുകിയെത്തി ..

പൂമുഖവാതിൽ കടക്കുന്ന നേരത്തെ-
ന്നച്ഛൻ്റെ ചൂരലിടിമഴയായ്

കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകീടുമ്പോ-
ളമ്മതൻ മാറിൽ മുഖമമർത്തി.

ഇന്നുമെന്നോർമ്മയിൽ മങ്ങാതെ നില്ക്കുന്നു
സുന്ദരമായ വസന്തമായി.

ആശങ്കകൾ

അദ്യശ്യമായെത്തുന്ന
ചില കാഴ്ചകളുണ്ട്
നമ്മെ മാത്രം ഉറ്റുനോക്കുന്നവ ..!

ആരു൦ കേൾക്കാത്ത
ചില വാക്കുകളുണ്ട്
നമുക്കു മാത്രം കേൾക്കാൻ കഴിയുന്നവ...!

പ്രതീക്ഷയുടെ കൽപ്പടവുകളിൽ 
നമ്മൾക്കായി മാത്ര൦
കാത്തു നിൽക്കുന്ന ചില സ്വപ്നങ്ങളുണ്ട് !

എന്നിട്ടു൦ തമ്മിലടിക്കാൻ
മുറവിളി കൂട്ടി പോരാടുന്നു വിശ്വാസങ്ങൾ!

എല്ലാ൦ കണ്ട് കണ്ണടച്ചു ചിരിക്കുകയാണിന്നും
കലിയുഗത്തിലെ ദൈവം ..!

മാറേണ്ടതെവിടെ ..?
മാനവികതയുടെ
മാറ്റൊലികൾ മറ്റൊരു
പോരാട്ടത്തിൻ തുടക്കമോ ..?

വിട്ടൊഴിയാത്ത
ആശങ്കകൾ മാത്രമോ ബാക്കി ..!

നവകേരളം

പുലരൊളി മിന്നീട്ടും
തെളിയില്ല മനമിന്നു
മാനവരാകെ ദുരിതത്തിലാണല്ലോ!

തളരില്ല,നാമൊറ്റക്കെട്ടായി മുന്നേറി,
പടുത്തുയർത്തീടുമൊരു
പുതുകേരള൦ ..!

പ്രളയം  വിഴുങ്ങിയ
നാടിനെ കാത്തീടാൻ
കൈ കോർത്തു ഒന്നാകാം
കൂട്ടുകാരേ..

ഒരുമ തൻ പെരുമയാൽ
പുത്തനുണർവ്വോടെ
ഉയിർത്തെഴുന്നേറ്റീടും
നവകേരളം....!

സൗരഭ്യമാർന്നൊരു
നന്മ വിളയിക്കാം

നല്ലൊരു നാളേയ്ക്കായ്
വിത്തു പാകാം
തിരിച്ചുപിടിച്ചീടാം
മലയാളമണ്ണിന്റെ
സ്നേഹവും  വിശുദ്ധിയുമെക്കാലവും  ..!
എനിക്ക്‌ നിന്നോട് പറയുവാനുള്ളത്.
---------
ഓർമ്മകൾ കണ്ടുമുട്ടിയപ്പോഴാണ്
വീണ്ടും നമ്മളവിടേക്കുപോയത്.
സ്നേഹം പൂത്തപ്പോളാണ് 
സുഗന്ധം നമ്മിലേക്കലിഞ്ഞുചേർന്നത് .
നീയു൦ ഞാനു൦
നമ്മെ രണ്ടതിർത്തികളിലേക്ക്
അടർത്തിമാറ്റിയപ്പോൾ
ഇറ്റുവീണ കണ്ണുനീർപൊള്ളലിനെ
മായ്ച്ചുകളയാൻ
മനസ്സാഴങ്ങളിൽ കിടന്നു പിടയുന്ന
നിൻ ചുടു  നിശ്വാസങ്ങൾക്കു
മാത്രമേ കഴിയൂ ..
ഇനി നീയു൦ ഞാനുമില്ല
നമ്മൾ മാത്ര൦ ..!
പ്രണയാകാശത്തെ പറവയാവണ്ട.
തിരയും  തീരവും പോലെ പുളകിതരാവണ്ട
ഭൂമിയിലെ സുഖദു:ഖങ്ങളിൽ
പങ്കാളികളായി,
ലോകത്തെയറിഞ്ഞ്,  പച്ചയായ
മനുഷ്യരായി നമ്മളായി ജീവിക്കാം

സ്വാർത്ഥതയുടെ മതിൽക്കെട്ടുകളിടിച്ചുനിരത്താം
ജീവിതസുഗന്ധിയാം താരാട്ടിന്നീണം പോലെ
നമ്മൾക്കീ ഭൂവിൻ യൗവനം നുകരാം..
പടർന്നു പന്തലിച്ച വിഷപ്പടർപ്പുകൾ വെട്ടിമാറ്റി
സ്പർധയില്ലാത്ത ഇളം കാറ്റു വീശുന്ന
പൂവാടികൾ തീർക്കാ൦...
ഞാനു൦ നീയുമല്ലാതെ
നമ്മളായി നമുക്കിനി ജീവിക്കാ൦ ..

ഇണ


കരളിൽ നിറയുന്ന കാവ്യമേ
എൻ ഹൃദയം നിറയുന്നു നിന്നിൽ
പ്രണയം തുളുമ്പും മിഴികളാൽ
നീയെന്റെ മൊഴികളെ
മൗനത്തിലാഴ്ത്തിയല്ലോ.. !

പ്രണയചുംബനമേകിയ നെറുകയിൽ
മംഗല്യ  സിന്ദൂര തിലകം  ചാർത്തി
ഹൃദയരക്തത്തിലലിഞ്ഞോരാടയാളം
മായാത്ത മധുരാനുരാഗമായി.. !

ജീവന്റെ താളമായി മോഹമായ് മാറി
തളരാതെ മുന്നേറാൻ ത്രാണിയേകി
നിലാമഴ പെയ്യുന്ന രാവിൽ കുളിരായി
കനവിലും നിനവിലും നീ മാത്രമായി.. !

ഇനിയെത്ര ജന്മം പിറവിയെടുത്താലും
നീയെന്റെ പ്രാണനിലലിഞ്ഞിടേണം
മരണം വരിച്ചാലും ഒന്നായി നമ്മളീ
ഭൂവിലെ മണ്ണിലലിഞ്ഞിടേണം.. !

ലഹരി

ലഹരി  ******* ലഹരിയിലാറാടും നമ്മുടെ നാടിതിൽ ലഹരിയിലാടിക്കുഴയുന്നു കുട്ടികൾ ജീവിതലഹരിക്കായ് പൊരുതേണ്ടവരിന്നോ ലഹരിയിലാകെ തുലയ്ക്കുന്നു ജീവിതം!...