Wednesday, January 30, 2019

പ്രതീക്ഷ

തപസ്സിരുന്ന ചിന്തകൾക്ക് ചിറകു മുളയ്ക്കുന്നു.
മറവിയുടെ കൂടാരത്തിൽ ഒളിച്ചിരിക്കാനിനിയാവില്ല.
ഹിംസയുടെ വഴിയല്ല, അഹിംസയുടെ പാതകളിൽ
നന്മയുടെ വഴിവിളക്കുകൾ കത്തിച്ചു കൊടുക്കണം.
കൊടികളുടെ നിറം നോക്കാതെ രാജ്യത്തെ
രക്ഷിക്കാൻ വരുന്ന ജനത്തിന്റെയാവട്ടെ ഇനിയുള്ള നാളുകൾ.. 
പതിരുകളില്ലാത്ത വിത്തുകൾ വാരിവിതറാം..
സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ കൊത്തിപ്പെറുക്കട്ടെ..
നാശത്തിന്റെ പോരാളികളിനി വേണ്ട..
മനുഷ്യത്വത്തിന്റെ പാഠം പഠിക്കട്ടെ..

Wednesday, January 16, 2019

മാറുന്ന കോലങ്ങൾ

" മാറുന്ന കോലങ്ങൾ "
==================
ദു:സ്വപ്‌നങ്ങളാലേ ഞെട്ടിയുണരുമ്പോൾ ,
സത്യങ്ങളൊക്കെ തേങ്ങികരയുന്നു.
കരിപൂണ്ടദിനങ്ങൾ അധികരിക്കുമ്പോഴും
കാലമേ നീ മാത്രം പുഞ്ചിരിതൂകുന്നു.

ധരയിൽ കൊടികളുടെ,യെണ്ണമേറീടുന്നു
കോടി, പുതപ്പിയ്ക്കാനിന്നുമത്സരം
വർണ്ണവും വർഗ്ഗവും വാശിയുമേറിയവരി-
ന്നാകാശമാറിലൊരു നക്ഷത്രമായ് !

നാഥനില്ലാത്ത വീടുകളിലോ,കുട്ടക്കരച്ചിൽ
അരിയില്ലാതടുപ്പുകൾ നീറിപുകയുന്നു
ഹർത്താലിലും ബന്ദിലും ആയുധമേന്താൻ
കാരണംനോക്കി നടപ്പവർ പിന്നെയും !

വൈരാഗൃബുദ്ധി വളരുന്ന,നുദിനമിവിടിന്ന്
കുത്തും വെട്ടും കണ്ടുമടുത്തു ജനം.
ദേഹവും ദേഹിയും മരവിച്ചവരൊക്കെയും
അരക്ഷിതരായി,ട്ടലയുന്നീ നാടാകെ!

നല്ലതുകണ്ടു വളരേണ്ട കുഞ്ഞുങ്ങളിവിടെ
കഷ്ടനഷ്ടങ്ങളാൽ നട്ടെല്ലുവളഞ്ഞോർ
കലാപത്തിനു കോപ്പുകൂട്ടുന്നവർ മാന്യരോ
സ്വന്തമക്കളെ മറുനാട്ടിൽ,പഠിപ്പിക്കും !

എത്രയോ സുന്ദരമായൊരു നാടിതുഭാരതം
അത്രമേൽ സുന്ദരമായൊരു കേരളം
എന്നിട്ടുമെന്തേ നാം അറിയാതെയീമണ്ണിൽ
അനുദിനം വിലാപകാവ്യം രചിക്കുന്നു ?


Tuesday, January 8, 2019

മുഖം തിരിക്കുന്നവർ

തളർന്നു വീഴാറായ മാനസച്ചില്ലയിൽ
കൂട്ടുകൂട്ടുന്നു ചില ഓർമമ്മപ്പക്ഷികൾ..
ആരോ കുരുക്കിയ പാശവുമായവർ
ചുറ്റിലും നിന്നു പറക്കാൻ ശ്രമിക്കുന്നു.

മുത്തുപോൽ പൊഴിയുന്ന സ്വപ്ന മണികൾ ശുദ്ധ മനസ്സാൽ കോർത്തെടുക്കണം.
കെട്ടിപിടിച്ചു കൂടെ നടന്നവർ
തെറ്റി പിരിഞ്ഞു  തിരിഞ്ഞു നടക്കുന്നു!

അത്രനാൾ ചെയ്തൊരു നന്മകളൊക്കെയും
ഒറ്റ വാക്കിനാൽ  വറ്റി വരളുന്നു
കദനങ്ങളുരുക്കി തേച്ചു മിനുക്കട്ടെ
മറവിയുടെ മാറാല പിടിച്ച ഇരുൾക്കോ ണുകൾ.

തളരാതെ മുന്നേറാൻ താങ്ങായിടാൻ
താളം പിഴയ്ക്കാതെ ജീവിച്ചീടാൻ
കയ്‌പ്പേറും ഓർമ്മകൾ കൂടെ വേണം.
ഉറച്ച കാൽവെപ്പോടെ മുന്നേറുവാൻ ..

ആരെന്തു ചൊല്ലിയാലും ഏശില്ലിനി
ആരോടും വിദ്വേഷമില്ലാത്ത
മൗനമാണെന്നിലെ നിത്യ ശക്തി;
മധുരമായ് നിറയുന്നു സ്നേഹഭാഷ...!

~

ലഹരി

ലഹരി  ******* ലഹരിയിലാറാടും നമ്മുടെ നാടിതിൽ ലഹരിയിലാടിക്കുഴയുന്നു കുട്ടികൾ ജീവിതലഹരിക്കായ് പൊരുതേണ്ടവരിന്നോ ലഹരിയിലാകെ തുലയ്ക്കുന്നു ജീവിതം!...