Thursday, June 24, 2021

വ്രണങ്ങൾ

ചങ്ങലയിട്ട്താഴിട്ടുപൂട്ടിയ 

ചില ഓർമ്മകൾ 

വ്രണമായി മനസ്സിനെ കാർന്നെടുത്തിട്ടും 

മദയാനയെപ്പോലെ ഭ്രാന്തു പിടിച്ചോടുന്നു 

ഗതികെട്ട കാലം.... 


താളം തെറ്റുന്ന കെടുജന്മങ്ങളെ

വിധിയുടെ പേരിൽ നാടു കടത്തുമ്പോൾ... 

തടയുവാനെത്തില്ല 

സാന്ത്വനവുമായി ഒരു ചെറുകാറ്റുപോലും.  

വകതിരിവില്ലാത്ത

വികാരങ്ങൾക്കടിമപ്പെട്ട് വിഭ്രാന്തിയുടെ

തേരിൽ കയറിപ്പോകുമ്പോൾ

യാഥാർഥ്യത്തിന്റെ 

കയ്പുനീർ കുടിച്ചൊടുങ്ങുന്ന

നരജന്മങ്ങൾക്കു നൊട്ടിനുണയാൻ 

മറ്റെന്തുണ്ട് ഓർമ്മകളുടെ 

പൊട്ടിയൊലിയ്ക്കും വ്രണങ്ങളല്ലാതെ?


Wednesday, June 23, 2021

പുതുവെളിച്ചം

അകലെയൊരിത്തിരി നറുവെളിച്ചം

മിഴിയിലേക്കിറ്റിപ്പതിച്ചുവെന്നാൽ,

ആലംബമില്ലാക്കുടുസ്സകത്ത്

തേങ്ങുവാൻമാത്രം വിധിയിവര്‍ക്ക്.


നിറമുള്ള കാഴ്ചകളന്യമല്ലോ

നിഴലുപോലെത്തുന്നഴലുകളും.

അറിവിന്‍റെ പാതയിലൂടെ നീങ്ങി

നിറവാർന്നലോകം പടുത്തുയർത്താൻ,

ഒരു കൈ സഹായമതെത്ര പുണ്യം!


വിജ്ഞാനപ്പൂത്തിരി കൈയിലേന്തി

ഒരു നവപുലരിയ്ക്കായ് വിത്തു പാകാം,

പുത്തൻ പ്രതീക്ഷതൻ പൊൻവെളിച്ചം

പാരിതിലാകെപ്പരന്നിടേണം,

അതുകണ്ട് പുളകം വിരിഞ്ഞിടേണം

ഒരുപുതുലോകം പിറന്നിടേണം.

Friday, June 18, 2021

ഒളിച്ചു വെച്ചത്


കാത്തിരിപ്പിന്നാഴങ്ങളില്‍ 

മോഹം കൊണ്ടൊരു കൂടുകൂട്ടി.

കാറ്ററിയാതെ കടലറിയാതെ, 

അതിൽ പ്രണയം ഒളിച്ചുവെച്ചു.

പതുങ്ങിയെത്തിയ കുയില്‍പ്പെണ്ണ്‍

തക്കംനോക്കി പറന്നിറങ്ങി, 

കാത്തുവെച്ച ജീവതാളം 

തട്ടിയെടുത്തു കൊക്കിലാക്കി..

ആരും കാണാതപ്പുറത്തെ 

മാവിന്‍ തോപ്പിൽ കൊണ്ടുവെച്ചു.

പ്രാണനൊഴിഞ്ഞ മോഹക്കൂട് 

താഴെ വീണുടഞ്ഞു പോയി.

കണ്ടു നിന്ന കാക്കകൂട്ടം 

അതിവേഗം കൈക്കലാക്കി

തീറ്റതേടി വന്നൊരു തത്തമ്മ 

കാര്യമെന്തെന്നോതി മെല്ലെ

ഉടഞ്ഞമോഹം കാട്ടിക്കൊടുത്തവര്‍

കണ്ടതൊക്കെ പാടി നടന്നു.

ഒളിച്ചുവെക്കരുതൊരു നാളും, 

സ്നേഹവും പ്രണയവും!

തിരിച്ചറിയാതിരുന്നാല്‍, 

പറിച്ചെടുക്കും പലരും.

ആത്മാര്‍ത്ഥസ്നേഹം,

പാഴാകില്ലെന്നുപദേശം നല്‍കി,

തന്‍പ്രാണനുള്ള തീറ്റകൊണ്ട്

 പറന്നുപോയ് തത്തമ്മ.

നിഴലുകൾ ചതിക്കുമ്പോൾ *** *** **** **** **** *** ***

 

എഴുതുവാനേറെയുണ്ടെന്നുള്ളം ചൊല്ലുമ്പോൾ 

എഴുതിയാലാർക്കാനും നൊന്തീടുമോ?

വെറുതെയെഴുതിയാൽ പോര,തിൽ തെളിയണം

സത്യത്തിൻ നേർരേഖയെന്നുമെന്നും!


നീറുന്ന ചിന്തകൾ കത്തിജ്ജ്വലിക്കുമ്പോൾ

കണ്ണീരാൽ കാഴ്ചകൾ മങ്ങീടുമ്പോൾ

ഉള്ളിൽ കിടന്നു വിങ്ങീടുന്നിതുണ്മകൾ

ലോകത്തോടുച്ചം വിളിച്ചോതുവാൻ!


സത്യത്തിൻമീതെ കരിനിഴൽ വീഴ്ത്തിയ-

ച്ചിത്തിൽ കളങ്കവുമായി നടപ്പവർ

വക്കുപൊട്ടിയ വാക്കുകളെയ്യുമ്പോൾ

അക്ഷമയോടെ തിളയ്ക്കുന്നു ക്രോധവും!


എഴുതി തുടങ്ങണമൊരുനാളിൽ സത്യങ്ങൾ

വരികളിൽ വീണു തിളയ്ക്കണമോർമ്മകൾ.

ഉരുകിത്തീരണം തെറ്റുകൾ ചെയ്തവർ

വേർതിരിച്ചറിയണം ഉണ്മതൻ വെണ്മകൾ!


മോക്ഷം

 മോക്ഷം

*********

വിങ്ങുമെന്നകക്കാമ്പിൽ

തിങ്ങുന്ന വാക്കുകളാൽ 

പൊള്ളുന്നു യാഥാർഥ്യങ്ങൾ

ഗദ്ഗദം തേങ്ങീടുന്നു


സ്നിഗ്ദമാം ഓർമ്മകളിൽ

ചാഞ്ചാടും സുഗന്ധമായ്

ചാരുവാം മോഹങ്ങളും 

നീർക്കുമിളയായ് മാറി.


മോചനമിനിയെന്നാകും

അറിയില്ലതെന്നാലും

അകലം മാറ്റിടാനായ് നാം

ഉള്ളു തുറന്നീടണം.


അന്തമില്ലാത്ത പുഴയായ്

ഒഴുകി പ്രണയാബ്ധിതൻ

ശാന്തിതീരത്തണഞ്ഞീടാൻ,

മോക്ഷം കാത്തിനിയെത്ര നാൾ?





Thursday, June 3, 2021

മരവിച്ച കാഴ്ചകൾ

മുൾമുനയിലാണിന്നീ ജീവിതമെങ്കിലും 

തോൽക്കാതെ മുന്നേറാൻ കരുതലാവാം 

ഒന്നിച്ചു നിൽക്കാം പൊരുതി നേടാം, നമു

ക്കൊരു നല്ല നാളെക്കായ് പ്രാർത്ഥിച്ചീടാം.


നാളെ നാമാരൊക്കെയുണ്ടെന്നറിയില്ല

നാടാകെ ഭീതിയിലുഴന്നിടുമ്പോൾ.

മാനവജന്മം പിടഞ്ഞുവീഴ്കേ, ജീവ-

വായുവിന്നായ് നമ്മളോടിടുന്നു.


ഭീതിദം വാർത്തകൾ കേൾക്കവേ ചുറ്റിലും

മനമാകെ മരവിച്ചു പോയിടുന്നു.

സ്ഥാനമാനങ്ങളല്ലൂഴിയിൽ ജീവിത-

മെന്നോർത്തു മുന്നോട്ടു പോയിടേണം!


ഇന്നു കാണുന്നവർ നാളെ മറയുന്നു 

കൂടെയുള്ളോർ തുണയാവതില്ല?

സങ്കടക്കടലിലിന്നുലയുമൊരു തോണിയിൽ 

മറുകര പറ്റുവാനിനിയെത്ര താണ്ടണം??











ലഹരി

ലഹരി  ******* ലഹരിയിലാറാടും നമ്മുടെ നാടിതിൽ ലഹരിയിലാടിക്കുഴയുന്നു കുട്ടികൾ ജീവിതലഹരിക്കായ് പൊരുതേണ്ടവരിന്നോ ലഹരിയിലാകെ തുലയ്ക്കുന്നു ജീവിതം!...