എഴുതുവാനേറെയുണ്ടെന്നുള്ളം ചൊല്ലുമ്പോൾ
എഴുതിയാലാർക്കാനും നൊന്തീടുമോ?
വെറുതെയെഴുതിയാൽ പോര,തിൽ തെളിയണം
സത്യത്തിൻ നേർരേഖയെന്നുമെന്നും!
നീറുന്ന ചിന്തകൾ കത്തിജ്ജ്വലിക്കുമ്പോൾ
കണ്ണീരാൽ കാഴ്ചകൾ മങ്ങീടുമ്പോൾ
ഉള്ളിൽ കിടന്നു വിങ്ങീടുന്നിതുണ്മകൾ
ലോകത്തോടുച്ചം വിളിച്ചോതുവാൻ!
സത്യത്തിൻമീതെ കരിനിഴൽ വീഴ്ത്തിയ-
ച്ചിത്തിൽ കളങ്കവുമായി നടപ്പവർ
വക്കുപൊട്ടിയ വാക്കുകളെയ്യുമ്പോൾ
അക്ഷമയോടെ തിളയ്ക്കുന്നു ക്രോധവും!
എഴുതി തുടങ്ങണമൊരുനാളിൽ സത്യങ്ങൾ
വരികളിൽ വീണു തിളയ്ക്കണമോർമ്മകൾ.
ഉരുകിത്തീരണം തെറ്റുകൾ ചെയ്തവർ
വേർതിരിച്ചറിയണം ഉണ്മതൻ വെണ്മകൾ!
No comments:
Post a Comment