Saturday, September 24, 2022

മനസ്സിലെ പോന്നോണം

ചിങ്ങത്തിലത്തം പിറന്നിടുന്നേരമീ-

മാമലനാടിൻ മനം തുടിപ്പൂ.

കണ്ണുതുറക്കും മലരുകളൊക്കെയും

അറിയാതെയാടിത്തിമർത്തിടുന്നു.

തൂമയെഴുന്ന മന്ദാരവും ചെത്തിയും

തുമ്പയും തുളസിയും മുക്കുറ്റിയും

മുറ്റത്തെ പൂക്കളും വേലിയരിപ്പൂവും

പൂപ്പൊലിപ്പാട്ടിലുണർന്നിടുന്നു.

തിരുവോണനാളിൽ മുത്തുക്കുടയുമായ്

മാവേലിത്തമ്പ്രാന്റെ വരവായല്ലോ!

തൂശനിലയിൽ സദ്യയുണ്ണാം, പിന്നെ

ഓണക്കളിയിൽ മതിമയങ്ങാം!

കാലമേറ്റം മാറി വന്നിടാമെങ്കിലു-

മാചാരമൊട്ടും വെടിഞ്ഞിടാതെ

ഉത്സവകാലങ്ങളാഘോഷമാക്കിടാ-

മുത്സുകരായ് നമുക്കൊത്തുചേരാം!

പേരില്ലാത്ത വരികൾ

 വീർപ്പുമുട്ടുന്ന ചിന്തകൾ

മനസ്സിന്റെ ഉള്ളറകളിൽ തട്ടി

തൂലികത്തുമ്പിലൂടെ

ഊർന്നിറങ്ങുമ്പോൾ

ചുവപ്പും പച്ചയും കറുപ്പും

വെളുപ്പുമൊക്കെ പരന്നൊഴുകുന്നു!


കീറിമുറിച്ചെടുത്ത വാക്കുകൾ

തൊണ്ടയിൽ കിടന്നു ശ്വാസം മുട്ടുമ്പോൾ

അല്പപ്രാണനായി വെള്ളക്കടലാസിലേക്ക്

പെറ്റുവീഴുന്നുണ്ടാവാം.


വിമ്മിഷ്ടത്തോടെ

മിഴിയെ പുണർന്നുകിടന്ന കണങ്ങൾ

അല്പമാശ്വാസത്തിനായി

വരികളായി പെയ്തിറങ്ങുന്നുണ്ടാവാം.


അങ്ങനെ, ഒറ്റപ്പെട്ടവരുടെ വേദനകൾ

പല രൂപങ്ങളായി പുസ്തകത്താളിൽ

അവസ്ഥാന്തരം പ്രാപിക്കുമ്പോൾ

ചിലരതിനെ ഹൃദയത്തിലേറ്റുന്നു..

മറ്റു ചിലരതിനെ ചവറ്റുകുട്ടയിലേക്ക്

വലിച്ചെറിയുന്നു..!


പേരില്ലാത്ത വരികളിലൂടെ

ഇമകളോടിക്കുമ്പോൾ,

ചില മനസ്സിലെങ്കിലും തെളിയുന്നുണ്ടാവാം

നൊമ്പരചിന്തുകൾ..!

ലഹരി

ലഹരി  ******* ലഹരിയിലാറാടും നമ്മുടെ നാടിതിൽ ലഹരിയിലാടിക്കുഴയുന്നു കുട്ടികൾ ജീവിതലഹരിക്കായ് പൊരുതേണ്ടവരിന്നോ ലഹരിയിലാകെ തുലയ്ക്കുന്നു ജീവിതം!...