Saturday, September 24, 2022

പേരില്ലാത്ത വരികൾ

 വീർപ്പുമുട്ടുന്ന ചിന്തകൾ

മനസ്സിന്റെ ഉള്ളറകളിൽ തട്ടി

തൂലികത്തുമ്പിലൂടെ

ഊർന്നിറങ്ങുമ്പോൾ

ചുവപ്പും പച്ചയും കറുപ്പും

വെളുപ്പുമൊക്കെ പരന്നൊഴുകുന്നു!


കീറിമുറിച്ചെടുത്ത വാക്കുകൾ

തൊണ്ടയിൽ കിടന്നു ശ്വാസം മുട്ടുമ്പോൾ

അല്പപ്രാണനായി വെള്ളക്കടലാസിലേക്ക്

പെറ്റുവീഴുന്നുണ്ടാവാം.


വിമ്മിഷ്ടത്തോടെ

മിഴിയെ പുണർന്നുകിടന്ന കണങ്ങൾ

അല്പമാശ്വാസത്തിനായി

വരികളായി പെയ്തിറങ്ങുന്നുണ്ടാവാം.


അങ്ങനെ, ഒറ്റപ്പെട്ടവരുടെ വേദനകൾ

പല രൂപങ്ങളായി പുസ്തകത്താളിൽ

അവസ്ഥാന്തരം പ്രാപിക്കുമ്പോൾ

ചിലരതിനെ ഹൃദയത്തിലേറ്റുന്നു..

മറ്റു ചിലരതിനെ ചവറ്റുകുട്ടയിലേക്ക്

വലിച്ചെറിയുന്നു..!


പേരില്ലാത്ത വരികളിലൂടെ

ഇമകളോടിക്കുമ്പോൾ,

ചില മനസ്സിലെങ്കിലും തെളിയുന്നുണ്ടാവാം

നൊമ്പരചിന്തുകൾ..!

No comments:

Post a Comment

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...