Saturday, July 15, 2023

നഷ്ടമാകാതെ കാക്കാം


പച്ചപുതച്ചൊരു സുന്ദരിപ്പെണ്ണവൾ

നൃത്തമാടുന്നു സമീരന്റെ കൊഞ്ചലിൽ

മിഴികളിൽ മിന്നിത്തിളങ്ങുന്നിതേറ്റവും

ലാസ്യനടനത്തിൻ വിസ്മയഭാവങ്ങൾ.


പുത്തരിക്കണ്ടം പൂത്തുനിൽക്കുംപോലെ

പുഞ്ചിരി തൂകുന്ന വയലോരക്കാഴ്ചകൾ

പോയകാലത്തിന്റെ പൈതൃകം കാട്ടുവാൻ

നന്മകളുണർത്തുന്ന കർഷകസമൃദ്ധികൾ.


മരതകപച്ചയാൽ പട്ടണിഞ്ഞുള്ളൊരു

ഭൂദേവിയന്നെത്ര മനോഹരി, സുന്ദരി!

നഷ്ടമാകുന്നോരീ കാഴ്ചകളിനിയെത്ര

കാലമീനമ്മോട് ചേർന്നുനിൽക്കും?

Sunday, July 9, 2023

മടക്കം

മടക്കമില്ലാത്ത മറുലോകം  തേടി 

മറഞ്ഞു പോകുന്നിതോരോ മുഖങ്ങളും...


തിടുക്കമില്ലാത്ത

മറവിയാഴങ്ങളിലേക്ക്

ഊളിയിട്ടു പോകുന്നിതോർമ്മകൾ 

മെല്ലെ മെല്ലെ ..


തടുക്കുവാനാവില്ലല്ലോ,

മരണമെന്ന നിത്യസത്യം!

സഹിക്കാതെ പറ്റില്ലാല്ലോ,

മുന്നോട്ടോടും യാത്രയിൽ ..!


പ്രായഭേദമില്ലാതെ 

തട്ടിയെടുക്കപ്പെടുന്ന ജീവിതങ്ങൾ

കറുത്ത പുകച്ചുരുളുകളായി

കാഴ്ചകൾ മറയ്ക്കുന്നു .


കണ്ണീർമിഴികളാൽ

അസ്തമയം  കണ്ടുകൊണ്ടെങ്ങനെ,

നഷ്ടജീവിതങ്ങൾ

കഴിക്കുമീയുലകിൽ ശിഷ്ടകാലം?

Wednesday, July 5, 2023

മായക്കണ്ണൻ


കരയുന്ന മിഴിയുമായ് നിൻ മുന്നിലെത്തവേ

പൊഴിവതാനന്ദാശ്രുബിന്ദുമാത്രം!

ഒക്കെ നിൻ മായയോ, മുരളീധരാ! നിൻ പ-

രീക്ഷണം തന്നിൽ ഞാൻ വീണതാമോ?


എന്മിഴിപ്പൂക്കളാലർച്ചിച്ചു നിന്നെ ഞാ-

നഴലാർന്ന മിഴികളാൽ നോക്കിയപ്പോൾ

പുഞ്ചിരിയ്ക്കും നിന്റെ വദനമാധുര്യത്തിൽ

നെഞ്ചിലെ നൊമ്പരമൊഴിഞ്ഞു പോയി!


കുസൃതിയിലാകെ മയങ്ങിപ്പോയി, പറ-

യാനുള്ളതെല്ലാം മറന്നുപോയി!

മായയിലാകെ മുഴുകിയെന്നോ, കണ്ണാ

അറിയാതെ നിന്നിലലിഞ്ഞുപോയോ?







ലഹരി

ലഹരി  ******* ലഹരിയിലാറാടും നമ്മുടെ നാടിതിൽ ലഹരിയിലാടിക്കുഴയുന്നു കുട്ടികൾ ജീവിതലഹരിക്കായ് പൊരുതേണ്ടവരിന്നോ ലഹരിയിലാകെ തുലയ്ക്കുന്നു ജീവിതം!...