Tuesday, January 19, 2021

സ്മൃതിയുടെ തീരങ്ങളിലൂടെ.

എത്ര കണ്ടാലും മതിവരാത്തൊരു-

രൂപമായി നീയെന്നിൽ നിറഞ്ഞീടവേ

എങ്ങനെ മറന്നീടുമാ നല്ലകാലം

പ്രിയമേറുമോർമ്മയാൽ പൂത്തിടുന്നു.


നിറമേറും കാഴ്ചകൾക്കണ്ടു നാമന്ന്

മധുവൂറും സ്വപ്‌നങ്ങൾ നെയ്തതല്ലേ

പരിഭവംചൊല്ലി, പഴിചാരി പോയപ്പോൾ

പകലോനും മിഴിപൂട്ടിനിന്നുപോയോ..!


തിരതല്ലും മോഹങ്ങൾ, കടലോരം ചേർന്നു

തിരയിലലിഞ്ഞുപോയീടും നേരത്ത്

കടലാഴങ്ങളിൽ മുങ്ങിയതോ..നിന്റെ

ഹൃദയവും ശൂന്യമായി മാറിയതോ..?


കാലമിരുണ്ടും, പുലർന്നുണർന്നാലും

ഓർമ്മകൾക്കെന്നും മാധൂര്യമേറും

ഏകരായീ നാമീ ഭൂമിയിലലയുമ്പോൾ

ഓർത്തുവെക്കാമീ കഴിഞ്ഞകാലം.!

Wednesday, January 13, 2021

പേരിനല്ലൊരു ഭാര്യ

നീറും മനമതു തേങ്ങു -

ന്നാരും കാണാതെയറിയാതെ

വേവും ചിന്തകൾ തിങ്ങും

മോഹപക്ഷിയകന്നു. 


പുഞ്ചിരിതൂകി ദിനമുണരുമ്പോൾ 

ദുരിതവുമായിട്ടവളുമുണർന്നു.

പരിഹാസക്കൂരമ്പിൻ മുറിവേ-

റ്റവളൊരു കണ്ണീരുണ്ണും ജായ.


കല്ലുകടിക്കും ജീവിതപാത്രത്തിൽ

കദനത്തിൻ കണ്ണുനീരുപ്പുമാത്രം 

കഷ്ടവും നഷ്ടവും പുഞ്ചിരിയാക്കിയ 

പെണ്ണവൾക്കുള്ളിൽ നീറ്റൽമാത്രം. 


പട്ടിൻചേലയണിഞ്ഞൊരു പെണ്ണ് 

കാണുന്നോർക്കൊക്കെയും റാണി

ഉള്ളിലെ വിങ്ങലൊളിച്ചുവച്ചു 

പോരാളിപോലവൾ നിന്നു 


വാത്സല്യമേകുന്ന അമ്മയായി 

സ്നേഹം വിളമ്പും കുടുംബിനിയായ് 

പതിവായിടറാതെ ചരിക്കും ചര്യകൾ 

നെഞ്ചം വേവുകയാണെന്നാലും

Tuesday, December 15, 2020

അമ്മ മനസ്സ്

ഓർമ്മകളിലെപ്പൊഴും

തത്തിക്കളിക്കുന്നു,

പൊന്നുമക്കൾ തൻ

പാദസരക്കിലുക്കം.


പിഞ്ചിളം കാലുകൾ

പിച്ചവെച്ചീടുമ്പോൾ

കൊഞ്ചിച്ചിരിക്കുന്നു

അമ്മമനമെന്നും.


എത്ര വളർന്നാലും 

ആ ഇളംകൊഞ്ചലുകൾ

നെഞ്ചിലെത്താരാട്ടിൽ

പാലമൃതാകുന്നു.


തിങ്കൾക്കലകാട്ടി

കൊഞ്ചിച്ചു മാമൂട്ടി

താലോലം പാടുന്നു

താരാട്ടിനീണത്തിൽ


വാശി, കുറുമ്പുകൾ

കാട്ടിയോടീടുമ്പോൾ

ദേഷ്യം കാണിച്ചങ്ങനെ

ഉള്ളം കുളിർപ്പിക്കും.


അകലെയാണെങ്കിലും 

അരികിലാണെങ്കിലും

മക്കളമ്മയ്ക്കെന്നും

പിഞ്ചുപൈതങ്ങൾപോൽ!

Tuesday, November 17, 2020

അയ്യപ്പ ഗീതം

 കാണണമെനിക്കെന്റെ ഭഗവാനെ

കാനനവാസനാം മണികണ്ഠനെ..

കലികാലദോഷങ്ങൾ തീർത്തിടുവാൻ

കലിയുഗവരദാ അനുഗ്രഹിക്കൂ...

                                       (സ്വാമിയേ ശരണം )

വ്രതശുദ്ധിയാൽ ഇനി ശരണംവിളി,

ഭക്തിതൻ നിറവിൽ നിറയും മനം!

മഞ്ഞിൻചേലയുടുത്തിതാ വരവായ്

മണ്ഡലമാസം വ്രതമാസം!

                                    (സ്വാമിയേ ശരണം )

തൊഴുതുകൊണ്ടിന്നു ഞാൻ ശരണം

വിളിക്കുമ്പോൾ,

എന്നാത്മാവും നിറയുന്നു....

സ്വാമിയേ ശരണം വിളിയാൽമധുരം

പൊന്നമ്പലമേടും ഭക്തിസാന്ദ്രം..

                                          (സ്വാമിയേ ശരണം )

ലളിതഗാനം

പറയാതെ വന്നെന്റെയോരം ചേർന്നു 

അറിയാത്തമട്ടിൽ നീ തൊട്ടുനിന്നു .

മറ്റാരുമറിയാതെ മൗനത്തിൻതീരത്ത് 

മിഴികളൊരായിരം  കവിതച്ചൊല്ലി.

          (പറയാതെ വന്നെന്റെയോരം)

നീർമാതളചോട്ടിൽ പൂത്തുനിന്നു

കവിഭാവനകളിൽ മുഴുകിനിന്നു.

കാറ്റു വിളിച്ചിട്ടും കിളിമൊഴി കേട്ടിട്ടും

അറിയാതെയെങ്ങോ തരിച്ചുനിന്നു.

         (പറയാതെ വന്നെന്റെയോരം)

ഏഴഴകുള്ളൊരീ സ്വപ്നങ്ങളിലെന്നും

സ്നേഹാർദ്രമാകുമീയീരടികൾ

അകലെയിരുന്നൊരു പൂങ്കുയിൽ പാടി,

മധുരമനോഹരമീ   പ്രണയഗീതം !

     



Wednesday, October 21, 2020

ഉള്ളിൽ നീ മാത്രം..

എങ്ങനെ നീയെന്റെയുള്ളം കവർന്നു

കാർമുകിൽവർണ്ണാ, ഉണ്ണിക്കണ്ണാ?..

കാണാതിരുന്നാലുമെന്നുള്ളിൽ കള്ള-

ക്കണ്ണനായാടിതിമിർക്കും - എന്റെ

കണ്ണിന്റെ പുണ്യമായ്ത്തീരും!

                                   (എങ്ങനെ )

 കണ്ടാലും കണ്ടാലും മതിവരുന്നില്ലല്ലോ

 കൽമഷം തീർക്കുമെൻ കണ്ണാ..

 നിന്നെ ഞാനെങ്ങനെ വർണ്ണിച്ചിടേണം

 കായാമ്പൂവർണ്ണാ.... പൊന്നുണ്ണിക്കണ്ണാ!

                                  (എങ്ങനെ )

കുട്ടിക്കുറുമ്പുമായ് നീയെൻ മടിത്തട്ടിൽ

നർത്തനമാടിക്കൊണ്ടുമ്മ നല്കേ,

എല്ലാം മറന്നു ഞാൻ നിന്നിലലിയുമ്പോൾ

എന്നിൽ നീ മാത്രമാണുണ്ണികൃഷ്ണാ..

                                  (എങ്ങനെ )

കാറ്റുപോലെന്നെ തഴുകിയുണർത്തുന്നു

കാതിൽ മുഴങ്ങുന്നൊരീണമായ്നീ

പ്രേമോദാരനായ് മനസ്സിൽ നിറയുന്നു 

രാധാസമേതനായ് ആടിടുന്നു 

                                  (എങ്ങനെ )

      

Sunday, October 18, 2020

സരസ്വതി പൂജ

 നാദരൂപിണീ വരദായിനീ

നാവിൽ വിളയാടൂ സരസ്വതീ

നേരിൻവാക്കുകൾ ചൊല്ലിടാൻ

വാണീദേവതേ വരുമരുളൂ...


അക്ഷരനിധിയായി വാഴുമമ്മേ

ദക്ഷിണമൂകാംബികേ കൈതൊഴുന്നേൻ.

നിത്യവും സംഗീതാർച്ചനചെയ്തു ഞാൻ 

അവിടുത്തെ പാദങ്ങളിൽ നമസ്കരിക്കാം.

                                         (നാദരൂപിണീ )

താമരപ്പൂവിൽക്കുടികൊള്ളും അംബേ..

വീണാപുസ്തകധാരിണി...

മനസ്സിൽ കെടാവിളക്കായി പ്രഭയേകൂ

പനച്ചിക്കാട്ടമരും സരസ്വതീയേ..

                                         (നാദരൂപീണി )

Thursday, October 15, 2020

സ്മരണകൾ

കാറ്റുവന്നുമുട്ടിയെന്റെ കിളിവാതിലിൽ കേട്ടുവന്ന പൂങ്കുയിലോ പാടിയൊരീണം നാട്ടുമാവിൻ ചോട്ടിലെന്റെ ഓർമ്മകളായി പൂത്തു നിൽപ്പൂ ഇന്നുമെന്നും കാവ്യചാരുത 

നോട്ടമേറെയേറ്റുവാങ്ങും  പൂക്കളിലെല്ലാം കൂട്ടമോടെ പാറിയെത്തും ചിത്രപതംഗവും നേർത്ത മഴചാറ്റലിൽ നിറയും മോഹമോ  കോർത്തിണക്കി ഹൃത്തിലൊരു ഹാരമായി

ഹർഷവർഷമായി ഭൂവിൽ മുത്തമിട്ടിടും നയനമോഹന കാഴ്ചയായി, നടനമാടി ഹൃത്തിലാമോദ കുളിരുമായ്  വന്നെൻ ബാല്യകാലസുഗന്ധമേറി മുട്ടി വിളിച്ചതോ..

Monday, September 14, 2020

ഹൃദയമർമ്മരങ്ങൾ

 ഹൃദയമർമ്മരങ്ങൾ. 

------

നിറയുന്ന മിഴികളെ കോരിക്കുടിക്കുവാൻ 

എങ്ങുനിന്നെത്തി കിനാപക്ഷി നീ 

കൊഴിയാതെ നിൽക്കുമാ മോഹച്ചില്ലയിൽ  ഒരു കൂടെനിക്കായൊരുക്കീടുമോ..നീ.. 


മറവിയാഴത്തിൽ  കുഴിച്ചു മൂടിയാലും 

മുളച്ചു പൊന്തുന്നു കുതിക്കുമോർമ്മകൾ 

തളരാതെ മുന്നേറാൻ താങ്ങും തടിയായി 

നല്ല പ്രവർത്തികൾ തൻ ആത്മബലം.. 


ഒളിച്ചുകളിക്കുന്ന ഓർമ്മയും മറവിയും 

തനിച്ചിരിക്കുമ്പോൾ നിശ്ശബ്ദമാകുന്നു 

കലപില കൂട്ടുന്ന വാഗ്വാദങ്ങൾക്കിടയിലും 

മഴവിൽവർണ്ണങ്ങളാൽ സ്വപ്നം നെയ്യുന്നു. 


എന്തിനു വേപുഥപൂണ്ടു നാമോടുന്നു 

ഖിന്നതയാലീ ജന്മം തുലയ്ക്കുന്നു 

ആകാശത്തോളം സ്വപ്‌നങ്ങൾ പൂക്കുമീ 

ജീവിതയാത്രയിന്നെത്രയോ സുന്ദരം..

Saturday, August 29, 2020

മങ്ങിയ ഓണം

 പൊന്നിൽ കുളിച്ചൊരു ചിങ്ങം വന്നിട്ടും 

കാർമേഘക്കൂട്ടിലോ മലയാളിമനസ്സ് 

ജോലിയും കൂലിയുമില്ലാതെയെങ്ങനെ

പോന്നോണം നല്ലോണമായി മാറും.. 


 പൂവിളിക്കൊപ്പം പൂക്കൂട നിറയാൻ 

 പലവർണ്ണ പൂക്കൾ  തൊടിയിലുണ്ടേ.. 

 കുഞ്ഞിളം തെന്നലിനൊത്തു ചാഞ്ചാടി 

 തുമ്പയും മുക്കുറ്റിയും കൂടെയുണ്ടേ.. 


ആരോടും പരിഭവമില്ലാതെ നിന്നൊരാ 

ചെമ്പരത്തിയുമെത്തി പൂക്കളത്തിൽ ഉത്സവലഹരിയാൽ പത്തുദിനങ്ങളിൽ 

ഒരുമയോടങ്ങൊത്തുകൂടിയെല്ലാവരും.. 


ഓടിക്കളിക്കുന്ന ചെമ്പഴുക്കയും പിന്നെ, 

ആടി തിമിർക്കുന്ന തുമ്പിതുള്ളൽ 

നഷ്ടസ്വപ്‌നങ്ങളെ താലോലിച്ചങ്ങനെ 

ഊഞ്ഞാല് കെട്ടിയെന്നോർമ്മകളാൽ.


കഷ്ടനഷ്ടങ്ങളേറെയാണെങ്കിലും, 

തൂശിനില സദ്യയൊരുക്കിയില്ലെങ്കിലും 

പൈതൃകമോതുമൊരു നല്ലകാലത്തിന്റെ 

ഓർമ്മയായ്,

നേരുന്നു,

ഓണദിനത്തിലാശംസകളേവർക്കും...

പറയാൻ മറന്ന വരികൾ

  പറയാൻ മറന്ന വരികൾ  ++++++++++++++++++ എത്ര നാളായി കാണുന്നു നിന്നെ ഞാ- നത്ര നാളും പറയാൻ മറന്നുപോയ്. ഇത്രനേരം നിനച്ചു ഞാനെങ്കിലും വ്യർത്ഥമാവ...