Wednesday, November 26, 2014

കുറും കവിതകള്‍

പൂവിനെ മുകരുന്ന 
ചിത്രശലഭത്തിന് 
ഹിമകണവും മധുരതരം


ഓര്‍മ്മകള്‍ക്ക് വിശറി മെനയുന്നു
പുസ്തകത്താളിലെ
മയില്‍പ്പീലിതുണ്ടുകള്‍


നുണവല കെട്ടി ഇരയെപ്പിടിക്കുന്ന 
ചിലന്തിയെ നോക്കി 
ചുമരിലിരുന്നു വാലിളക്കുന്ന ഗൌളി


ഹൃദയവീണയില്‍ 
ശ്രുതി മീട്ടുന്നു 
നിന്‍ പ്രണയ ഗീതികള്‍


സൌഹൃദ ചെടിയില്‍ 
കമ്പിളിപ്പുഴുക്കള്‍ .
കൊഴിഞ്ഞു വീഴുന്നു നൊമ്പരപ്പൂക്കള്‍


കോഴിച്ചോര കണ്ടു നിലവിളിച്ചവന്റെ
കൈയ്യില്‍ വടിവാള്‍.
നിറകണ്ണുമായി താതന്‍


വൃതശുദ്ധിയും
ശരണംവിളിയുമായി
മഞ്ഞില്‍ കുളിച്ച് വൃശ്ചികപ്പുലരി


രാവിന്റെ നിശ്ശബ്ദതയില്‍ 
നുറുങ്ങുവെട്ടവുമായി
സ്വര്‍ണ്ണപ്പൊട്ടുകള്‍


കരളിലടച്ചു വെച്ചിട്ടും
കണ്ണീരില്‍ കുതിരുന്നു
കദന ചിന്തകള്‍


മന്ദമാരുതന്‍റെ തലോടലില്‍ 
വെഞ്ചാമരം വീശുന്നു,
പൂത്തുനില്‍ക്കുന്ന കാട്ടുപുല്ലുകള്‍


തുലാമഴയില്‍ കുതിര്‍ന്ന്
കടലാസ് തോണി.
ഓര്‍മ്മയില്‍ മിഴികളും


പുഴയിലൂടെ ഒഴുകിവരുന്ന 
ഈറ്റച്ചങ്ങാടത്തില്‍
തുള്ളിക്കളിക്കുന്ന ബാല്യം


ദുഃഖമൊഴിയാന്‍ ദൈവത്തിനു 
നേര്‍ച്ചയും കാഴ്ചയും .
കണ്ണീരുമായി കാണപ്പെട്ട ദൈവങ്ങള്‍.


ചിഹ്നങ്ങള്‍ കൊണ്ട് 
നിറഞ്ഞ ജീവിതം.
ഇടയ്ക്കെവിടെയോ ശൂന്യത.


നെല്‍പ്പാടങ്ങളില്‍ ചാഞ്ചാടുന്ന
ഈറന്‍ക്കാറ്റ്.
ഓര്‍മ്മയിലിന്നും കുളിരല


നിന്‍ പ്രണയച്ചിറകിനുള്ളില്‍ 
കുറുകിയിരിക്കട്ടെ
എന്‍ നിശ്വാസങ്ങളില്‍ 
ഫണമുയര്‍ത്തുന്ന വേദനകള്‍


സ്നേഹത്തിന്റെ
പൂനിലാവോ,
പുഞ്ചിരിപ്പൂക്കള്‍..


ഏകാന്തതയുടെ തോണിയില്‍
പങ്കായം പിടിക്കുന്നു.
ഓര്‍മ്മകളുടെ കുന്നിമണി ചെപ്പ്


പായല്‍ പോലെ മനസ്സിനെ മൂടിയ
നിന്റെ നുണകള്‍ വെട്ടിമാറ്റിയപ്പോള്‍ 
ഹാ..എന്തൊരു തെളിനീര്.


സൌഹൃദ ചെടിയിലെ
പ്രണയപുഷ്പം.
വലിച്ചു കീറിയ തുണിപ്പാവ.


എരിയുന്ന വേനലിലും 
വാടാത്ത പൂവായി
വിടരുമോ എന്‍ മുഖം
നിന്‍ മനതാരിലെന്നും....


ഏറുപുല്ലിന്റെ 
മധുരനൊമ്പരം.
തിരിഞ്ഞു നോക്കുന്ന പെണ്‍കൊടി


കൊയ്ത്തുപ്പാട്ടിന്റെ ഈണം.
കുണുങ്ങിച്ചിരിക്കുന്ന 
നെല്‍മണികള്‍


കരളിനെ കൊത്തിവലിക്കുന്നു
ആ ചാട്ടുളി കണ്ണുകള്‍.
കലാലയ സ്മരണകള്‍


ഹൃദയ തറവാട്ടില്‍ വിരുന്നിനെത്തി
ജാലക വാതിലിലെ ദീപക്കാഴ്ച.
മധുരസ്മരണകള്‍


പരവതാനി വിരിച്ചു
വന്ന മോഹങ്ങള്‍ ,
കീറപ്പായയില്‍ മയങ്ങുന്നു.








No comments:

Post a Comment

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...