Saturday, April 4, 2015

നുറുങ്ങു കവിതകള്‍

കീറച്ചേലക്കടിയിലമ്മിഞ്ഞ-
പരതുന്നു കുഞ്ഞിളം ചുണ്ടുകൾ;
അകംപുറംചുട്ടു പൊള്ളിയൊരമ്മ.


മരച്ചില്ലകള്‍ക്കിടയിലൂടെ ,
തങ്കനൂൽ തിളക്കം ;
മിഴി ചിമ്മുന്നുവോ?


എന്നേകാന്തതയിലെന്നും 
കൂട്ടിനായെത്തുന്നു . 
നിന്‍ പുഞ്ചിരിപ്പൂമുഖം


വിളിക്കാതെയെത്തും
അതിഥിയായ് നിഴലുപോലു-
ണ്ടവൻ കൂടെയെന്നും.......!


മനസ്സിലുണ്ടൊരു,
മോഹപ്പക്ഷി:സ്പ്നങ്ങൾ
കണ്ടു മതി വരാതെ....!


ഒരു നുള്ളു സ്നേഹത്തിനാ-
യുഴറി നിൽപ്പൂ തിമിരം
കവർന്ന കൃഷ്ണമണികൾ


സത്യത്തെ ക്രൂശിപ്പൂ
മുഖം മൂടിയണിഞ്ഞ
ചെകുത്താൻമാർ.



നീയേകിയ നൊമ്പരപ്പൂക്കൾ
എരിഞ്ഞൊടുങ്ങട്ടെയെന്നാത്മാവിൻ
നോവും തീരങ്ങളിൽ..


നിന്‍ മിഴിയിണകളിലെ
പ്രണയക്കടലിലിളകി മറിയും
ഭ്രാന്തന്‍ തിരയാണ് ഞാന്‍..


വഴിയരികിൽ 
കാത്തിരിപ്പൂ മുല്ലമാലകൾ;
ദേവിക്കോ ദേവനോ...!



മിന്നും പട്ടു ചേല,
തിളങ്ങുമാഭരണങ്ങൾ,
ഉള്ളിലോ ദുർഗന്ധം...!


പുഴ കരഞ്ഞു,
കണ്ണുനീരില്ലാതെ;
തൊണ്ട വരണ്ട കര



മറവിയുടെ കൂടാരത്തെ
ചുറ്റിപ്പറക്കുന്നിതാ,ഓർമ്മ-
തൻ കരിവണ്ടുകൾ.


എൻ കണ്ണാടിയായവ-
ളുടഞ്ഞപ്പോൾ കണ്ട-
തൊരുപാട് മുഖങ്ങള്‍


ആകാശ നീലിമയിലലയും 
വെള്ളിമേഘങ്ങൾ ചേക്കേറുന്നെൻ
കൺകളിൽ;ചിത്രശലഭങ്ങളായ്.


ഹൃദയത്താളിൽ
സുവർണ്ണ വരികളായ്
നിൻ പ്രണയാക്ഷരങ്ങൾ


അപമാനിതയാം സ്ത്രീത്വത്തെ
നോക്കി,കൊഞ്ഞനം കുത്തുവ-
തെന്തിനീ അഴകിയ രാവണന്മാർ....!


മധുര സ്മരണകളില്‍
വിരഹവേദനയുമായി 
മാര്‍ച്ച് മാസം...


ചന്ദനമണം പടരുന്നു
കുളിർത്തെന്നലോ;
പ്രിയയേ നീയോ....!?


ഓർമ്മകൾക്കു
തൊങ്ങലൊരുക്കുന്നു
മങ്ങിത്തുടങ്ങിയ ഓട്ടോഗ്രാഫ്.


നന്മയുടെ പിറകെ ,
വാളുമായ് തിന്മകൂട്ടങ്ങള്‍.
ഉദിക്കുമോ സൂര്യന്‍ ..!


അരികില്‍ നീ ഇല്ലാതെ വന്നെന്നാല്‍, 
കരിന്തിരി കത്തും , 
കല്‍വിളക്ക് പോലെ ഞാന്‍..


നിൻ മിഴിമുനയിൽ
തട്ടിയുടഞ്ഞെന്നോർമ്മച്ചെപ്പ്:
മഞ്ചാടി മണികൾ..


വിരുന്നു വിളിക്കുന്നു കാക്ക,
വഴിക്കണ്ണുമായി മുത്തശ്ശി,
രുചി മണവുമായി അടുക്കള.


നിൻ വിരൽ സ്പർശമൊരു
തൂവലിൻ തഴുകൽ പോൽ;
മായുന്നിതെൻ കദനങ്ങൾ.


നട്ടുച്ചയ്കും പച്ച 
പുതച്ചുറങ്ങുന്നീ മല നിരക-
ളൊരു നവോഢയെപ്പോൽ




2 comments:

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...