Wednesday, September 28, 2016

ചെറു വരികളിലൂടെ ....

ശാസ്ത്രം വളർന്നിട്ടും 
മുരടിച്ച ഹൃദയവുമായി....
മനുഷ്യജന്മങ്ങൾ.


ഇല കൊഴിഞ്ഞ ഒറ്റമരത്തില്‍ 
നൂലു പൊട്ടിയ പട്ടം.
രാമഴക്കാഴ്ച !

മയക്കി ചതിക്കുന്ന
ചിരിപ്പൂക്കളേക്കാൾ
മിഴി നനയ്ക്കുമാ
കണ്ണീർപൂക്കളെ-

യാണെനിക്കിഷ്ടം.

കാറ്റ് കതകിനെ
തഴുകിയടച്ചു;
രാവിൻ സംഗീതം.


നന്മപൂക്കും മണംപരന്നെന്നാൽ
തിന്മയെല്ലാം പോയ്മറഞ്ഞീടും;
സ്നേഹമേറി വരിക വിഭാതമേ.


പൂരാടമെത്തിയിട്ടു൦ 
പുര മേഞ്ഞില്ലല്ലോ ..

പുറമ്പോക്കു ജീവിതങ്ങൾ

ഓണനിലാവുദിച്ചിട്ടു-
മെന്തേ അമ്മമനസ്സിൽ
മഴക്കാറു മാത്രം; ഓർമ്മകളി-
ലൊളിക്കുന്ന ഓണം...



കതിരില്ലാക്കാലത്ത്
പതിരിനും ക്ഷാമം;
അകലുന്ന പ്രതീക്ഷകൾ.


കല്ലായിപ്പുഴയ്ക്കു നാണം,
കല്ലിന്മേലൊരു ഒളികണ്ണ്;
മൈലാഞ്ചിക്കവിളു ചുവന്നു.


കനലെരിയുന്നു 
കിനാക്കളിൽ,
കദനമൊരുവേള
പകച്ചുവോ.......!


അഹന്തയുടെ
വിളയാട്ടത്താൽ
ഹൃദയമൊരു പാറക്കല്ല്;
കനിവിന്നുറവകൾ 
വറ്റിവരണ്ടു......



സ്നേഹം പൂത്ത
മണംപരന്നപ്പോൾ
നിന്റെ സാന്നിദ്ധ്യം 
ഞാൻ അറിഞ്ഞു...
അതെന്നെ പുളകിതയാക്കി
ഞാൻ തേടിയത്
നിന്നെയായിരുന്നു എന്നത്
ഞാൻ പോലുമറിഞ്ഞില്ല.....
നീ ഒരു നിയോഗവും
സാക്ഷാത്ക്കാരവുമാവുന്നു;
നിറവിന്റെ കതിരൊളിയാവുന്നു.


ശിശിരകാലത്ത്
ഇലകളുടെ കൂട്ടവേർപാടിനെ
പതറാതെ അതിജീവിക്കുന്ന
ശാഖികളേ,
നിങ്ങളെ ഞാൻ പ്രണയിക്കട്ടെ..


മൂവന്തി ച്ചോപ്പില്‍,
കൊഴിയുന്ന ഇതളുകള്‍ .
നിശബ്ദതാഴ്വാരം




ഞാനീ ഏകാന്ത തീരത്ത്
നിന്നേയും കാത്ത്
യുഗങ്ങളായി തപസ്സിലാണ്;
കാത്തിരിപ്പിന്റെ
വിഭ്രാന്തിയുമായി
ഓരോ ദിനവും
കൊഴിഞ്ഞുപോകുന്നു;
എങ്കിലും......
നീ വരുമെന്ന
പ്രതീക്ഷയെ താലോലിക്കുമ്പോഴാണ്
എന്റെ ജീവന്റെ തുടിപ്പ്
താളാത്മകമാവുന്നത്.....

വാതത്തിന് മരുന്നു തേടി
കുറുന്തോട്ടിയുടെ
അടുത്തെത്തിയപ്പോള്‍
അഹന്തതയുടെ മരുന്നിനായി
കുറുന്തോട്ടി അലയുന്നു.. 
ആവനാഴിയിലെ
അമ്പൊഴിഞ്ഞ മനുഷ്യരെ
തെരുവുനായകൾ
കടിച്ചുകീറുന്നു.

ആള്‍ ദൈവങ്ങള്‍ക്ക്
സ്വര്‍ണ്ണപ്പതക്കം;
അനാഥജന്മങ്ങൾക്ക്
ആട്ടും തുപ്പും....!






3 comments:

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...