Wednesday, April 10, 2019

മേടക്കിനാവുകൾ


ഉമ്മറക്കോലായിലൊറ്റയ്ക്കിരിക്കുമ്പോൾ 
പണ്ടത്തെപ്പാട്ടുമായ് തെന്നലെത്തി

മുറ്റത്തെ മാവിൻ്റെ തുഞ്ചത്തിരുന്നൊരാ
പൂങ്കുയിൽ മൂളിയ രാഗമെത്തി

എങ്ങോ മറഞ്ഞൊരാ നല്ല കാലത്തിനെ
ഓർമ്മയിൽപ്പാടും കിളിമകളും

വാടിതളർന്നോരാ കർണ്ണികാരങ്ങളെ
വിരിപ്പുണരുവാൻ നീലരാവും

താരകസൂനങ്ങൾ മിന്നിത്തിളങ്ങുന്നു,
താരകരാജനെഴുന്നള്ളുന്നു

മേടമൊരുങ്ങുന്നു കണ്ണനെ കാണുവാൻ
വാടാത്ത കൊന്നപ്പൂ പുഞ്ചിരിച്ചൂ

ഉണ്ണികളോടിക്കളിക്കും തൊടികളിൽ 
ഓർമ്മകൾ വാടാതെ പൂത്തുനിൽപ്പൂ

മുറ്റത്തെ മൂവാണ്ടൻ മാമരച്ചോട്ടിലായ് 
വാചാലമാകുമെൻ മൗനങ്ങളും.

ബാല്യം നുണഞ്ഞ, യിളനീരിൻ മാധുര്യം
കൗമാരം പൊട്ടിച്ചിരിച്ച കാലം

യൗവനം താണ്ടിയതിർ വരമ്പൊക്കെയു-
മാടിയുലയുന്ന വാർദ്ധക്യവും 

നീളും മിഴികളിൽ നീർമുത്തുതുള്ളികൾ
മെല്ലെക്കവിൾത്തടമോമനിപ്പൂ

നന്മകൾ മാത്രം നിറഞ്ഞൊരാ പാത്രത്തിൽ 
നോവുകളെന്നും വിഷുക്കണിയേ.

No comments:

Post a Comment

പറയാൻ മറന്ന വരികൾ

  പറയാൻ മറന്ന വരികൾ  ++++++++++++++++++ എത്ര നാളായി കാണുന്നു നിന്നെ ഞാ- നത്ര നാളും പറയാൻ മറന്നുപോയ്. ഇത്രനേരം നിനച്ചു ഞാനെങ്കിലും വ്യർത്ഥമാവ...