Friday, September 27, 2024

താളം തെറ്റുന്ന ജീവിതം

കൂരിരുട്ടിൽ തിരയുന്നിതേവരും

താളമറ്റൊരു ജീവിതയാത്രയിൽ.

വന്നടുത്ത ബന്ധങ്ങളാലേവരും

ബന്ധനത്തിലായ് പോയ ജന്മങ്ങളോ..!


ധീരമായ് തന്നെ മുന്നേറിയെങ്കിലും

വെട്ടിമാറ്റിയവരകന്നെങ്കിലും

വിട്ടു മാറീലഴലുകൾ പിന്നെയും

ചുട്ടുപൊള്ളുന്ന വേദന ബാക്കിയായ്.


പിൻതിരിഞ്ഞു നോക്കാതെയവിശ്രമ-

മോടുവാനായ് ശ്രമിച്ചുവെന്നാകിലും

കഷ്ട,മേറെ തളർന്നൊരെൻ ചിന്തയി-

ലൊട്ടു നോവുകൾ മിച്ചമാകുന്നുവോ?

Tuesday, September 24, 2024

ഉയർത്തെഴുന്നേൽപ്പ്

 


സ്വപ്നങ്ങളായിരം ചിറകുകളായി 

വെണ്ണിലാപ്പറവകൾ വഴികാട്ടിയായി 

പൊൻതൂവലോരോന്നും ശിരസ്സിലേന്തി 

പൊന്മകളായവൾ, നേട്ടങ്ങൾ തേടി..!

വഴികാട്ടിയായി വന്നൊരുവനവളുടെ 

ജീവിതയാത്രയിൽ കുടപിടിച്ചു. 

സ്വപ്നവർണ്ണങ്ങളും കണ്ടു നടന്നവൾ 

ഇരുളിൽ നിലാവിനെ കാത്തിരിപ്പായ്!

പാറിപ്പറന്നു നടന്നൊരു പെൺകൊടി 

ജീവിതപ്പാതതൻ കൂരിരുളിലായോ?

വെള്ളിവെളിച്ചെമെന്നോർത്തു നടന്നതോ 

ഇരുളിന്നഗാധമാം ഗർത്തത്തിലോ..?

പ്രത്യാശയോടെ പിടിച്ചൊരു വള്ളിയിൽ 

ദുഃഖങ്ങൾ കൊണ്ടു ബലമുണർത്തി.

കണ്ടതില്ലൊട്ടുമവളുടെ മോഹങ്ങൾ,

ദുരിതത്തീച്ചുളയിലവളെ വീഴ്ത്തി.

അഗ്നിയിൽ വീണു പിടഞ്ഞൊരാ പെൺകിളി 

ആർത്തുവിളിച്ചു വിലപിക്കവേ,

ഈശ്വരൻ കാട്ടും വെളിച്ചത്തിൻ വെണ്മയിൽ

ഫീനിക്സ് പക്ഷിയായവളുയർന്നു!








പൊയ്മുഖങ്ങൾ

ഉറ്റവരുമായ് കൂടി ധനത്തിനായ് 

അറ്റുപോവുന്നുടയവരൊക്കെയും.

അൽപ്പചിന്തയാലന്യോന്യമാരെയും

കണ്ടിടാതെ നടക്കുവോരൊക്കെയും.


കണ്ടതും കേട്ടതും ചൊല്ലി നിന്നവർ

കണ്ട ഭാവം നടിക്കാതെയെപ്പൊഴും

കിട്ടിയ നേട്ടം പോക്കറ്റിലാക്കവേ

മാറിടുന്നു കോമാളിയായ് സത്യവും!


കാത്തിരിപ്പിനൊടുവിലായുണ്മതൻ പൂത്തിരികൾ തെളിയവേ ചുറ്റിലും

വെണ്മയാൽ തുടിയ്ക്കും ബന്ധമൊക്കെയും

ബന്ധനത്തിലായ്ത്തീരും പൊളിമൊഴി!


ഇന്നനർഹമായ് നേടുന്നതൊക്കെയും 

തെല്ലഹങ്കാരമൊന്നുയർന്നീടവേ

അല്പമാത്രമാമായുസ്സുകൊണ്ടെല്ലാം 

അന്യമായ്ത്തീരുമില്ലൊട്ടു സംശയം!

തേങ്ങൽ

 പൊട്ടിച്ചിരികളുയരുന്ന യാമങ്ങളിൽ

അടക്കിപ്പിടിച്ച ചില തേങ്ങലുകൾ ..

ഞെട്ടിയുണർന്ന മോഹങ്ങൾ കിനാമഴപോലെ പെയ്തിറങ്ങുമ്പോൾ ..

കരിയില മയക്കത്തിൽ

അമർന്നു പോയ നിശ്ശബ്ദത !

വന്യമായ മുരൾച്ചയിൽ..

ഭയത്തിന്റെ പുതപ്പിനടിയിലൊളിച്ചിരിക്കുമ്പോൾ,

കനംതൂങ്ങിയ മിഴികളിലെ 

വേപഥു കാണാൻ ആരുണ്ടിവിടെ ...?

പരമാർത്ഥം

അന്യരുടെ ആഗ്രഹങ്ങളെയും 

മോഹങ്ങളെയും സ്വന്തമാക്കി 

അത്യാർത്തിയോടെ

ജീവിതാസ്വാദനത്തിലാണ്ട

മർത്യർക്കറിയില്ലല്ലോ,

അവരുടെ കണ്ണീർശാപമേറ്റാൽ 

ദുരന്തമേൽക്കാൻ തലമുറകൾ

ബാക്കിയെന്ന പരമാർത്ഥം!

രിപുക്കൾ

മിഴിനീരിൽ തളിരിട്ട നൊമ്പരപ്പൂവുകൾ-

ക്കിത്രമേലാരേ നിറം കൊടുത്തൂ?

കളിയും ചിരിയും പിണക്കവുമായ് കൂടെ

വന്നവർ വിതറിയ സ്വപ്നങ്ങളോ?


കൂട്ടത്തിൽ തോഴരായ് കൂടെ വന്നുള്ളവർ

തോറ്റം പറഞ്ഞു രിപുക്കളായോർ. 

തോൽപ്പിക്കാൻ മാത്രം തുണയായി വന്നവ-

രാകെ രുധിരം കുടിച്ചു വീർത്തു.


പൊളികൊണ്ടു വേലികെട്ടുന്നവർ, പിടയുന്ന നെഞ്ചിന്റെ നോവറിഞ്ഞീലതെന്നോ!

ജീവിതം ഭൂമിയിൽ ഹോമിച്ചു തീരുമ്പോൾ 

നിറമില്ലാ മോഹങ്ങൾ ബാക്കിയെന്നും.

താളം തെറ്റുന്ന ജീവിതം

കൂരിരുട്ടിൽ തിരയുന്നിതേവരും താളമറ്റൊരു ജീവിതയാത്രയിൽ. വന്നടുത്ത ബന്ധങ്ങളാലേവരും ബന്ധനത്തിലായ് പോയ ജന്മങ്ങളോ..! ധീരമായ് തന്നെ മുന്നേറിയെങ്കില...