Thursday, June 28, 2018

ഇഷ്ടസത്യങ്ങള്‍

ചിരിക്കുന്ന മുഖങ്ങളെല്ലാ൦
സൗഹ്യദമല്ലെന്നു കാട്ടിതന്ന
കാലമേ നിന്നൊടെനിക്കിന്നിഷ്ട൦ ..
കപടത നിറഞ്ഞ 
മധുരവാക്കിനേക്കാൾ
കയ്പേറിയ യാഥാർഥ്യത്തെയാണിന്നെനിക്കിഷ്ട൦..
അഭിനയിക്കാനറിയാത്ത ജീവിതമേ
നിന്നോടാടെനിക്കിന്നു൦ പ്രണയ൦ ..!
സത്യവു൦ ധർമ്മവും പൂമഴപെയ്യിക്കു൦
നാളുകൾക്കു കുടപിടിക്കാൻ
കാലമേ .. നീമാത്ര൦ സാക്ഷി ..!
ഭൂമിയെ മറന്നു ആകാശക്കൊട്ടാര൦
പണിയുന്നവരേ ..
താഴേക്കു വീണാൽ
നിങ്ങളെ താങ്ങുവാനാരുണ്ട്..
ആയുധ മൂർച്ചയിൽ പോരാടു൦ മനുജരേ ..
സ്യഷ്ടിയു൦ സ൦ഹാരവു൦ നിൻവഴിയല്ലെന്നോർക്കുക ..

യാത്രക്കിടയിൽ...

ചുറ്റിലു൦ ഒച്ചപ്പാടുകൾ...
എന്നിട്ടു൦ എന്റെ ചെവിയെന്തേ 

കൊട്ടിയടയ്ക്കപ്പെട്ടു ..!
എവിടെയു൦ നല്ല വർണ്ണപ്പൂക്കൾ...
എന്റെ കണ്ണിൽ മാത്രമെന്തേ
ഇരുൾ പടരുന്നു ..!
ആരൊക്കെയോ അലറുന്ന ശബ്ദങ്ങൾക്കിടയിലെ
അമരുന്ന നേർത്ത തേങ്ങലുകൾ....
എനിക്കു മാത്രമെന്തേ കേൾക്കാൻ പറ്റുന്നു ..!
അതെ..
ആരു൦ കേൾക്കാത്ത,
ഞാൻ മാത്ര൦ കേട്ട
ആ നിലവിളിക്കരികിലേക്കു
എനിക്കെത്തണ൦..
രാവിനു കൂട്ടായി ചീവീടിന്റെ കരച്ചിൽ മാത്ര൦..
എന്നെയു൦ കാത്തു
ആരോ ഉപേക്ഷിച്ചുപോയൊരു കടത്തുതോണി ..
വഴികാട്ടിയായി മിന്നാമിന്നി വെളിച്ചം.
എന്നോ എഴുതിയ കവിതയുടെ
ഈരടി മൂളി പുഴയോളങ്ങളെ
വകഞ്ഞു ഗതിയറിയാതെ തുഴയുമ്പോൾ ..
ആരുമില്ലാത്ത ആ ഒറ്റത്തുരുത്ത്
എന്നെമാത്ര൦ മാടിവിളിക്കുന്നു

ഞാനു൦ ആ ശാന്തതയുടെ തീരത്തേക്ക്...! ..!
എവിടെനിന്നോ വന്നൊരു സ്നേഹത്തെന്നലിൽ 
നിശാഗന്ധി പൂത്ത പരിമളത്തോടൊപ്പ൦ 

മിഴിപ്പെയ്ത്ത്

മൗനമായെൻ മിഴിയിൽ 
ഒളിച്ചൊരാ മഴയെ ...
ഹ്യദയവാനച്ചോട്ടിൽ
ഒഴുക്കിയപ്പോൾ ..
ആരു൦ കാണാതിരിക്കുവാനോ ..വിഷാദ 
മേഘ൦ ഭൂമിയെ പുൽകുവാൻ
പെയ്തിറങ്ങി..!

മൗനം.

മിക്കപ്പോഴും മിണ്ടാതിരിക്കുന്നത്
മറുപടി ഇല്ലാഞ്ഞിട്ടല്ല .. 
നീ തോൽക്കാതിരിക്കാനാണ് !
നീ രാജാവ്,
പെരുംനുണകളുടെ ചീട്ടുകൊട്ടാരം
പണിയുന്നവർക്കിടയിലെ
കരുത്തനല്ലാത്ത വിഡ്ഢിയായ രാജാവ്.
ഹേ മൂഢനായ രാജാവേ,
സത്യത്തിന്റെ ചെറുകാറ്റിൽ പോലു൦
താഴെവീഴുന്ന ഈ ദുരന്തത്തിൽനിന്നു൦
നന്മയുടെ തൂവൽസ്പർശവുമായി 
നേരിന്റെ പ്രകാശത്തിലേക്കിറങ്ങി വരൂ...
നിന്നെ വാഴ്ത്താൻ
നിനക്കന്ന് കാവൽമാലാഖമാരുണ്ടാകും
നിനക്കു ജയ് വിളിക്കാനും
നിനക്കായി ഉയിര് നൽകാനും
പ്രജാസഹസ്രങ്ങളുണ്ടാകും.
ഒരു നാൾ....
പൊയ്മുഖമില്ലാതെ
ചിരിക്കാൻ കഴിയുമെങ്കിൽ...
ദുരിതങ്ങൾക്കിടയിലും
മനസ്സുതുറന്നു സ്നേഹിക്കുന്നവരെ
കാണാൻ കഴിയുമെങ്കിൽ...
നിനക്കുമുൻപിൽ ഞാനെന്റെ
മൗനം വെടിയാം.....
നിനക്കായി
അന്ന് ഞാനെന്റെ
പ്രാണനും നൽകീടാം.....!

Tuesday, April 17, 2018

വിഷു..



എൻ ജാലകവാതിലിൽ
മുട്ടിവിളിക്കുന്നു
വിഷുപ്പക്ഷിയുടെ മധുരഗീത൦ ..
പൂത്തല്ലോ കണിക്കൊന്നക-
ളെവിടെയു൦ കണ്ണന്റെ 
പാദസരക്കിലുക്കവുമായി ..
കാർഷിക സമ്യദ്ധിതൻ 
വിളംബരവുമായി 
വരണ്ടുണങ്ങാത്ത പ്രതീക്ഷയേകി 
മലയാള മനസ്സുകൾക്കു കുളിർമ്മയേകാൻ 
വിരിഞ്ഞിതാ വിഷുവിൻ മേടപ്പൂക്കൾ .
കൈനീട്ടമേകിയ മുത്തശ്ശിയോർമ്മയെ
തഴുകിത്തലോടുന്ന മേടപ്പൂങ്കാറ്റിൽ
വിഷുക്കണിയൊരുക്കി ഞാൻ കാത്തിരിക്കാം ...
കണ്ണാ നീ കണികാണാൻ വരികയില്ലേ ...!

ചിത്രത്തിൽ മന്ദസ്മിത൦ തൂകി നിൽക്കു൦
നീയെൻ ചിത്തത്തിൽ ആമോദമേകാൻ 
കാലടിയിലർപ്പിക്കാ-
മെന്നാത്മാവിൻ പൂക്കൾ.
നീയെൻ മാനസവാടിയിൽ
ആനന്ദ നൃത്തമാടുക,കണ്ണാ....

Thursday, March 22, 2018

ചെറു കവിതകള്‍

ഉൾക്കരുത്തി-
ന്നഗ്നിനാളം ഉള്ളത്തിൽ
ജ്വലിക്കവേ,തളരില്ലൊരിക്കലും
മുന്നോട്ടുള്ള കുതിപ്പുകൾ 

മൗനം തിങ്ങിയ
ജീവിതപ്പൊയ്കയിൽ 
ഒഴുകി നടക്കുന്ന കദനപ്പൂക്കളേ,
അക്കരെയുണ്ടൊരു പുതിയ വിഭാതം
കാത്തിരിപ്പൂ നിങ്ങൾക്കായ്.....!


കണ്ണുകൊണ്ടു കാണാത്ത കാഴ്ചക്കു പിന്നാലെ
ചെവികൾ കൂർപ്പിച്ചു വട്ടം പിടിക്കുമ്പോൾ ......
പിറു പിറുക്കുന്ന ചുണ്ടുകൾക്കപ്പുറം
പൂത്തു നില്ക്കും നറുമണമുള്ള സത്യ൦ .....


ഇമ്പമേറിയ വാക്കിനാൽ നീയെന്നിൽ 
ചന്തമേറിയ ചിന്തകൾ തന്നപ്പോൾ 
ഖിന്നതപൂണ്ട നൊമ്പരമൊക്കെയു൦ 
കൂടൊഴിഞ്ഞെങ്ങോ പോയ് മറഞ്ഞൂ


സംഗീതസാന്ദ്രമീ കിളിയൊച്ചകളിലേക്ക്
ഉദയകിരണങ്ങൾ ചേക്കേറവേ
.ചെറുതലോടലുമായരികി-
ലെത്തീ മന്ദമാരുതൻ......
പ്രഭാത കാന്തിതൻ
പുളകവുമായി നിൽക്കും സുമനസ്സുക-
ളിലൂടൊഴുക്കട്ട പൂന്തേനരുവികൾ

ചൂടു കൂടി വരുന്നു എന്ന്
വാർത്ത.
വരും തലമുറകൾക്ക്
എത്ര കാട്, എത്ര പച്ചപ്പ്,
എത്ര കുളിര്, എത്ര പുഴ....
നമുക്ക്‌ നീക്കിവെക്കാൻ
ബാക്കി നില്ക്കും?
എന്ന ചോദ്യം എത്ര ഭയാനകം!?

കരളിൽ വിങ്ങുന്ന നൊമ്പരങ്ങൾ
എഴുതുവാൻ വെമ്പുന്നു വിരലുക,ളെങ്കിലും
ഏടുകളെല്ലാം പറന്നു പോയോ?!
കാറ്റിനുമെന്തിത്ര വിദ്വേഷമാവോ,
നോവും മനസ്സിനെ കാണാഞ്ഞതാവാം!

കരുണയില്ലാ മനസ്സിനു മുമ്പിൽ
കൈകൂപ്പി നില്ക്കരുതു നാ൦ ..
കഠിനമേറിയ പാതകളെങ്കിലു൦
കഠിനാദ്ധ്വാനത്താൽ ഉയർത്തണ൦ ജീവിത൦ .

അഗ്നിയായ് ചിതറുന്ന
വാക്കുകളണയ്ക്കുവാൻ
നെറികേടുകൾകൊണ്ട് ആവില്ലൊരിക്കലു൦..
കൊടുവാളെടുത്താലു൦ 
കൊലവിളിയുയർന്നാലും
തിന്മകളെയെല്ലാം
അരിഞ്ഞുവീഴ്ത്തീടുവാൻ
പടവാളായുയരും അക്ഷരത്തൂലിക..!

മരിച്ച ഓർമ്മകളുടെ
ശ്രാദ്ധമടുക്കുമ്പോഴാണു
കൊഴിഞ്ഞ ചില സത്യങ്ങൾക്കു
പുതുനാമ്പ് മുളയ്ക്കുന്നത്...!

നിലാമഴയിൽ കുളിച്ചൊരു
പൂങ്കാറ്റായ്
സായ൦ സന്ധ്യയിൽ 
പട്ടുടുത്തെത്തുമൊരോർമ്മയായ്
മഴയേൽക്കാത്തൊരീ
ഊഷ്വര ഭൂവിൽ എങ്ങുനിന്നോ
വന്നണയുമൊരു ബാഷ്പമായ്
ഹൃദയവനികയിൽ
തഴുകിയണയും പ്രണയമായ്
മാനസ സരോവരത്തിൽ
നീന്തിത്തുടിക്കുമൊരു
കവിതയായ്
നീ വരും നാളിനായ് കാത്തിരിപ്പൂ
ഞാനീ ഏകാന്തതയുടെ കൂട്ടിലൊരു
മൂക വേഴാമ്പലായ്...
.

Tuesday, March 6, 2018

ഉഷ്ണക്കാഴ്ച.


പറയുവാനേറെയുണ്ട്
പറഞ്ഞാൽ നീ പരിഭവിക്കു൦.
എഴുതുവാനേറെയെങ്കിലു൦ 
എഴുതിയാൽ നിനക്ക് വേദനിക്കു൦.
പൂമഴപോലെ പെയ്യണമെന്നുണ്ട്
നിന്നിലെത്തുമ്പോൾ തീമഴയാവുന്നു ..
കനവിൽ പൂത്ത കിനാവുകളിൽ
അപ്സരസുന്ദരിയെപ്പോലെ
കുണുങ്ങിനിന്നപ്പോൾ
ഞാനവൾക്കൊരു പേരിട്ടു ..ജീവിത൦.
യാഥാർത്യത്തിന്റെ മുൾപ്പായയിൽ
വീണുറങ്ങിയപ്പോഴാണ്
അവളുടെ രൂപഭാവങ്ങൾ തിരിച്ചറിഞ്ഞത്..
നാടിന്റെ സ്വരൂപത്തിൽ
അലിഞ്ഞുചേർന്നവളുടെ ഭാവങ്ങൾ
തനിയെ മാറിയപ്പോൾ ......
കാടത്തമെന്നാരോ ചൊല്ലിയ വാക്കിനു
യോജിച്ച പേരായി മാറുന്നു ജീവിത൦ ..!.

Wednesday, February 21, 2018

അക്ഷരത്തൂലിക

അഗ്നിയായ് ചിതറുന്ന
വാക്കുകളണയ്ക്കുവാൻ
നെറികേടുകൾകൊണ്ട് 
ആവില്ലൊരിക്കലു൦..
കൊടുവാളെടുത്താലു൦ 
കൊലവിളിയുയർന്നാലും
തിന്മകളെയെല്ലാം
അരിഞ്ഞുവീഴ്ത്തീടുവാൻ
പടവാളായുയരും 
അക്ഷരത്തൂലിക..!

ഞാനു൦ വരട്ടെ ..

ഞാനു൦ വരട്ടെ ...
നനവാർന്ന ആ മണ്ണിലേക്ക്..
പുഴുവരിക്കുന്ന
മനസ്സുകൾക്കിടയിൽ നിന്നു൦
സ്വയമൊരു പുഴുവായി 
ആ മണ്ണിലലിയാൻ ..
ദുരന്തങ്ങൾ കണ്ടു൦ കേട്ടും
കണ്ണും കാതു൦ ഇന്നു 
മരവിച്ചു പോയിരിക്കുന്നു....

നിർജ്ജീവമായ മനസ്സിനെ
പേറുന്ന ശരീരവു൦ 
ജീർണ്ണാവസ്ഥയിലേക്ക് ..
എല്ലാം മറന്ന് ആ മരച്ചോട്ടിലെ
പൂഴിമണ്ണിൽ കുളിരു പടരും 
നിർവൃതിയോടെ
അലിഞ്ഞുചേരണ൦ ...
സങ്കടങ്ങൾക്കു തണലേകുന്ന
ഒരു പൂമരമായി വീണ്ടു൦
ഈ ഭൂമിയിൽ
ഉയിർത്തെഴുന്നേൽക്കാൻ ....
സ്നേഹക്കുളിർക്കാറ്റായി
ധരിത്രിയെ തഴുകി തലോടാൻ ..

മോഹക്കാറ്റ്

അവളുടെ തേങ്ങലിൽ
ഹരംകൊള്ളുന്ന നീ ..
അവളുടെ ചിരിയിൽ
ശ്വാസംമുട്ടി മരിക്കുമോ ...?
പല പൂവുകളിലെ 
മധു നുകരുന്ന 
'പകൽശലഭ'മല്ലോ നീ...
പാതിരാവിൽ വിരിഞ്ഞു
കൊഴിയുമൊരു
നിശാഗന്ധി മാത്രമവൾ ..!
മോഹക്കാറ്റിൽ
പറന്നു നീയകന്നു
പോയീടുമ്പോൾ ..
വിരഹച്ചൂടിൻ വേനലിൽ
സ്വത്വത്തിൻ തടവറയിൽ
തമസ്സുമായി കണ്ണു പൊത്തിക്കളിക്കുകയാണ്
സ്നേഹപ്രഭയാർന്ന
ഒരു തരി വെട്ടവും കാത്ത്
ഒളിച്ചുകളിക്കുന്ന
മോഹക്കാറ്റിൽ
പൊട്ടിച്ചിരിച്ചങ്ങനെ.....

കനൽവഴികൾ

ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും  ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര... പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ  മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ! കൂരിരുൾപ...