Thursday, July 2, 2020

സുന്ദര സ്വപ്നം

പാതിമയക്കത്തിൽ കണ്ടൊരാ
സ്വപ്നത്തിലാരോ മൂളുന്നൊരു പാട്ട് 
കരളിൽ വിരിയുന്ന മൗനസംഗീതം 
പാതിരാക്കാറ്റിലലിഞ്ഞു ചേർന്നു. 

ഈറൻ നിലാവിന്റെ ലാളനയിൽ 
തരളിതയായ നിശാഗന്ധിപോൽ 
മനമതിൽ കനവുകൾ നെയ്യുമ്പോൾ 
രാക്കിളിപ്പാട്ടിലുമൊരു പ്രണയഭാവം 

കതിരോന്റെ വരവിനെ കാണാൻ 
കൊതിച്ചൊരാ മഞ്ഞുതുള്ളിതന്നുള്ളിലും 
ദല മർമ്മരങ്ങളിൽ നീന്തിത്തുടിക്കുന്ന 
മധുപന്റെ മൂളലിലുമാ പ്രണയരാഗം 

വെള്ളിച്ചില്ലകളെ തഴുകിയുണർത്തി 
പൊൻ പ്രഭാതം പുഷ്പിണിയായി 
പാതിരാവിൽ കേട്ടൊരാ മൃദുസംഗീതം 
സുന്ദരസ്വപ്നത്തിലലിഞ്ഞു ചേർന്നു.

Wednesday, June 24, 2020

മാറുന്ന സൗഹൃദങ്ങൾ

വിടരുന്ന സൗഹൃദസൂനങ്ങളിൽ 
പൂത്തുമ്പികൾ പാറി നടക്കുമ്പോൾ 
ഉള്ളകം കീറി പെയ്യുന്ന വാക്കുകൾ 
നിതാന്തസ്നേഹത്തിലലിഞ്ഞിടുമോ. 

തള്ളിക്കളയുന്ന പൂവിന്റെയിതളുകൾ 
മെല്ലെക്കൊഴിഞ്ഞു വീണീടുമ്പോൾ 
തെല്ലൊട്ടു സ്നേഹവും കാണില്ലവിടെ 
പൊള്ളയാം വാക്കിന്റെ തള്ളൽ മാത്രം. 

ഒട്ടൊന്നുമാറി നിന്നൊന്നു നോക്കുമ്പോൾ 
പൊട്ടിത്തെറിക്കുന്ന വാക്കുകൾ കേട്ടീടാം 
അല്പം കഴിഞ്ഞു നേരിട്ടു കണ്ടെന്നാൽ 
പൊട്ടിചിരിച്ചവർ കെട്ടിപ്പിടിച്ചുമ്മ നൽകും. 

വാക്ചാതുരതയാലവർ വാഗ്മിയായീടും 
വളച്ചൊടിച്ചു  വാക്കിനെ വാളാക്കി മാറ്റും
തളരുമ്പോൾ താങ്ങെന്നു തോന്നിപ്പിക്കും 
തളർച്ച കണ്ടാലോ തള്ളിയകറ്റീടും.. 

ഒന്നിനും മൂല്യമില്ലാത്ത കാലമല്ലോയിതു 
ഒന്നിച്ചു നിന്നാലും ഒറ്റപ്പെടുത്തീടും.. 
ഒച്ചിനെപ്പോലെ ഇഴയുന്നു സത്യങ്ങൾ 
ഒളിച്ചു കളിക്കുന്നു സ്വാർത്ഥമോഹികൾ

Monday, June 15, 2020

അല്പം ചിരിക്കാം

എന്തുണ്ട് പെണ്ണേ നിനക്കു സ്വന്തം
സ്വന്തമായൊന്നുമില്ലല്ലോ..

ചുണ്ടിൽ നൽ പുഞ്ചിരിയല്ലോ
അയ്യോ,  ലിപ്സ്റ്റിക്കിൻ ചന്തമാണല്ലോ..

നാണത്താലല്ലേ തുടുത്തൂ കവിൾ
അയ്യേ.. ചായചുവപ്പാണ് പൊന്നേ

നിൻമിഴിയ്ക്കെന്തൊരു  ചന്തം പെണ്ണേ..
കണ്മഷി ചാർത്തിയിട്ടാണു പൊന്നേ..

നിൻ കാർമുടിക്കെട്ട് കേമം തന്നെ
ഇത് വെറും വിഗ്ഗാണ് പൊന്നേ..

ചന്ദനവർണ്ണം നിൻ ദേഹം പെണ്ണേ
ഈ നിറം ഫൌണ്ടേഷനാണേ..

ചിത്രത്തിൽ നീ നല്ല ഭംഗിയല്ലോ
ഫോട്ടോഷോപ്പാണത് സത്യം

സ്വന്തമായെന്തുണ്ട് പെണ്ണേ നിനക്കായ്‌
ഞാൻ മാത്രമാണെന്റെ  സ്വന്തം.

Sunday, May 24, 2020

മൗനഗീതം

പെയ്തുതീരാത്ത മേഘപ്പെണ്ണായി
നെഞ്ചിൻകൂട്ടിൽ നിറഞ്ഞീടുമ്പോൾ
എന്തിനു പാടുന്നു പൂങ്കുയിലേ..
നീയിന്നു കിന്നാരംചൊല്ലി വന്നിടുന്നു.

ഹൃദയവിപഞ്ചിക മീട്ടിയ മൃദുരാഗം
നിറമുള്ള സ്വപ്‌നങ്ങൾ നെയ്‌തീടുമ്പോൾ
കദനങ്ങൾ പൊഴിക്കുവാൻ കള്ളംചൊല്ലി
എന്തിനു വരുന്നു നീ പൂങ്കുയിലേ.

ആകാശപ്പറവയാകേണ്ടെനിക്കിനി
മോഹപ്പക്ഷിയായി പാറിപ്പറക്കേണ്ട
ഏകാന്തതയുടെ ചിറകുവിരിച്ചിനി
ഇലയില്ലാ ശാഖിയിൽ കൂടൊരുക്കട്ടെ.

പെറ്റുപെരുകിയ സന്തോഷമൊക്കെയും
കൊത്തിപ്പെറുക്കി നീ പോയിടുമ്പോൾ
എത്രനാളൊളിപ്പിച്ചു വെച്ചീടും നിന്റെയീ
കുഞ്ഞിച്ചിറകിനുള്ളിൽ പൂങ്കുയിലേ..

ജീവാംശമായുള്ളിൽ നിറഞ്ഞ സ്നേഹം
കുഞ്ഞിളംതെന്നലായി തഴുകിയ നാൾ
വിസ്മരിക്കാനാവാതെ പൂത്തിടുമ്പോൾ
പെരുമയാണീ  പൂത്താലി പൂങ്കുയിലേ..

Thursday, May 14, 2020

ഉദയം തേടി

അകമുറിവുകളിൽ നിന്നുതിർന്ന നോവിനെ  സഹനത്താൽ തടുക്കുന്നതു
പരാജയത്തിന്റെ പുതപ്പണിഞ്ഞു
മരണത്തെ വരിച്ചു മൗനത്തിലാവനല്ല.. !

കുറ്റബോധത്തിന്റെ മനസ്സുമായി
കദനം നിറഞ്ഞ മിഴികളെ കാണാതെ
കണ്ണടച്ചിരുട്ടാക്കി ക്രൂരയായീടുവാൻ
കാരുണ്യം വറ്റിയ ഹൃദയശൂന്യയുമല്ല.

നോവിൽ വിരിയുന്ന ദൃഢചിന്തകൾ
മൗനം മുറിച്ച്  വാചാലമായീടുമ്പോൾ
നേരിന്റെ വഴിയിലൂടെ തന്നെ മുന്നേറാൻ
തൂലികയിൽ  മൂർച്ചയേറിയ  വാക്കുകൾ.

ജീവിച്ചിരിക്കുന്നു.. ശകുനി, മന്ഥരമാർ
നല്ല ബന്ധങ്ങളെ ബന്ധനമാക്കുവാൻ
പാരിലെ ദുഃഖങ്ങൾ, ചതുരംഗകളമാക്കി
പണയം വെക്കുന്നു സുഖസന്തോഷങ്ങൾ.

കണ്ണീരുപ്പിനെ കടലിലേക്കൊഴുക്കി
കദനങ്ങളെക്കൊണ്ട് ചിറയും കെട്ടി
തോൽക്കാനാവാത്ത മനസ്സുമായി
സ്നേഹക്കൂടാരമൊരുക്കിടാമിനിയും.

നാളെത്തെ ഉദയം കാണുമെന്നുറപ്പില്ല
നാളെയീ ലോകത്തെന്താന്നറിയീല
മഹാമാരി പടർന്നു പിടിക്കുമ്പോഴും
വാശി, വൈരാഗ്യങ്ങൾ കടിപിടി കൂട്ടുന്നു.

നല്ല നാളേക്കായി പ്രാർത്ഥിക്കുക നമ്മൾ
നന്മയുടെ പാതയിൽ വഴിവിളക്കാവുക
പ്രത്യാശയുടെ കിരണങ്ങൾ തെളിച്ചു
ജീവിതപാതയിൽ  പ്രകാശം പരത്തീടാം.

Monday, May 11, 2020

നിലാസുന്ദരി

ശാലീനസുന്ദരിയെപ്പോൽ 
അവളെന്നരികിലെത്തി, 
ശാന്തമായിന്നു ഞാൻ 
മൃതിഭയമില്ലാതുറങ്ങി. 

മോഹമോ വ്യാമോഹമോ 
ഇല്ലാതെ, നിലാവിനെ നോക്കി 
നിശയുടെ വിരിമാറിൽ, 
മാനസവീണമീട്ടിയുറങ്ങി. 

കാലം കാണിച്ച സുഖദുഃഖങ്ങൾ 
ദേഹവും ദേഹിയുമേറ്റിടുമ്പോൾ 
കണ്ടാലും കൊണ്ടാലുമറിയാതെ 
കഷ്ടനഷ്ടങ്ങളേറ്റുവാങ്ങുന്നു. 

വിജനമാണിന്നീ പാതകളെങ്കിലും 
വിദൂരമല്ലൊട്ടും പിന്നിട്ടനാളുകൾ 
വേണ്ടെനിക്കിനിയായിരുൾ വഴികൾ 
സ്നേഹിച്ചീടട്ടെയീ ശാലീനഭാവത്തെ. 

മറ്റാർക്കും കേൾക്കാനാവാത്തൊരു 
രാഗധാരയൊഴുകിയെത്തീടുന്നു 
ശാപമോക്ഷം കിട്ടിയപോലെ ഞാൻ 
നിലാസുന്ദരിതൻ മടിയിലുറങ്ങീടുന്നു.

Monday, April 13, 2020

മങ്ങിയ കണികാഴ്ചകൾ


പതിവിലും നേരത്തേ കൊന്ന പൂത്തു
പതിവുപോലാരും വരാനുമില്ല
പടിവാതിലിലേക്കു നീളും മിഴികളിൽ
പീതവർണ്ണങ്ങൾ പ്രതീക്ഷയായി!

മഞ്ഞപുതച്ച  ഭൂമിതൻ മാറിൽ
ചാടിക്കളിക്കുന്ന അണ്ണാറക്കണ്ണൻ
മാമ്പഴച്ചാറിന്റെ മധുരം നുണയുവാൻ
കലപിലകൂട്ടുന്ന കുഞ്ഞിക്കുരുവികൾ!

തിക്കില്ല, തിരക്കില്ല പാതകളിൽ
പൊടിപടലങ്ങളോ തീരെയില്ല..
ഒച്ചയനക്കങ്ങളില്ലാത്തതിനാലോ
വിഷുപ്പക്ഷി മൂളുന്നു വിഷാദരാഗം.

കണിയൊരുക്കലും കാഴ്ചകളും
കാണുവാൻ ആരുമില്ലല്ലോ കണ്ണാ..
ഉള്ളിന്റെയുള്ളിൽ നീ ആടീടുമ്പോൾ
അതിൽപ്പരം നിർവൃതിയുണ്ടോ കണ്ണാ..

മിഴിനീർകാഴ്ചകൾ എറീടുമ്പോൾ
ഈ ലോകം ദുരിതത്തിലായീടുമ്പോൾ
രോഗശാന്തിക്കുള്ള പ്രാർത്ഥനയാവട്ടെ
ഓരോ വീട്ടിലെയും വിഷുക്കണികൾ..

Saturday, April 11, 2020

ഉയിർപ്പ്

" ഉയിർപ്പ് "
========
ലോകരക്ഷകനായ് മണ്ണിൽ ,
പിറന്നവനേ ,യേശുനായകാ..
ഇരുളകറ്റി നന്മതൻ പ്രകാശം
തെളിച്ച സ്നേഹനായകാ !

സത്യത്തിൻ്റെ  കാവലാൾ നീ ,
മുൾക്കിരീടമണിഞ്ഞപ്പോൾ..
എൻ്റെ ഹൃത്തടം നൊന്തുപോയ്
നിൻ സ്നേഹരൂപമോർക്കവേ !

ദുഃഖഭാരത്താലുഴറും ഞങ്ങളിൽ ,
സാന്ത്വനം ചൊരിഞ്ഞിടാൻ..
നിൻ്റെ മിഴിവെളിച്ചമേകിയെന്നെ
കാത്തിടൂ ,കാരുണ്യനായകാ !

ആത്മാവിനുള്ളിൽ താരകമായ് ,
മിന്നിത്തിളങ്ങും ദിവ്യപ്രകാശമേ..
നിൻ്റെ നിത്യരക്ഷപ്രാപിച്ചീടുവാൻ
കനിയേണമേ, എന്നേശുവേ !

ഉയിർപ്പിൻ്റെ മഹിമയോർത്തു ,
നിന്നിലലിഞ്ഞു ചേരുവാൻ
ഞങ്ങളൊരുമയോടെ നിന്റെ
മുന്നിലിന്നു പ്രാർത്ഥിച്ചീടുന്നു !!


Wednesday, March 18, 2020

അതിജീവനം

മരണഭീതിയിൽ 
ഉഴറുന്നു നാമിന്ന് 
ഉലകം മുഴുവനും 
നീറുന്നു മനസ്സുകൾ.

ഭയമൊന്നിനും 
പരിഹാരമല്ലെന്നറിയുക
പതറാതെ, കരുതലോടെ
ജാഗരൂകരായിടാം.

ദുരന്തങ്ങളെത്രയോ
കണ്ടവർ നമ്മൾ 
അതിനെയെല്ലാം
അതിജീവിച്ചവർ നമ്മൾ. 

വൃത്തിയായ് ജീവിച്ചു 
ചിട്ടയായി  പോയീടാം 
വൈറസ് വ്യാപനം
 തടയുവാൻ.. പാലിക്കാം 
അത്യാവശ്യമകലങ്ങൾ
കൂട്ടം കൂടലുകളൊരുവേള
വേണ്ടെന്നാക്കാം.

ദുരിതമീ 
മഹാമാരിയെങ്കിലും 
മനസ്സ് തളരാതെ 
ഒന്നായി നിന്നിടാം.

നിസ്സഹായരാണ് 
നാമിന്നെങ്കിലും 
നിശ്ചയമായും 
കര കയറീടും നാളെ. 

നമ്മുടെ കൊച്ചുകേരളം 
'മാതൃകാ സ്ഥാനമായ് '
എന്നുമറിഞ്ഞീട്ടും നിശ്ചയം !
~

Thursday, March 5, 2020

മിഴിനീർ കാഴ്ചകൾ

കാലങ്ങൾ കൊഴിയുന്നു
കനവിലെ മോഹങ്ങൾ
കാർമുകിൽപ്പെണ്ണോ
കവർന്നെടുത്തെങ്ങോപോയ്‌.

കാഴ്ചകൾ മങ്ങുന്നു
കണ്ണിലെ തിമിരമോ
കാണേണ്ടവയൊന്നുമേ
കാണാതെ നടിപ്പതോ..

കണ്ടഹങ്കരിച്ചവയൊക്കെ
കല്മഷമായിന്നു
കാറ്റിൽ പറന്നുപോയ്‌
കേട്ടു മറന്നൊരു
പഴംപാട്ടിൽ പതിരുപോലെ.

ഇരിപ്പിടംപോലുമില്ലാതെ
നെട്ടോട്ടമോടുമ്പോൾ
വറ്റിവരണ്ട മിഴികളിൽ
ഉപ്പുരസത്തിൻ്റെ നീറ്റൽ മാത്രം.

ആകാശചിത്രം
വരയ്ക്കും കിളികളു-
മാമോദത്തിനായ്
പറക്കുന്നുയരങ്ങൾ താണ്ടി.

പൊള്ളുന്ന ഉള്ളത്തിൽ
പുളയുന്ന വാക്കുകൾ
കണ്ണിൽ പൊടിയുന്ന
നീരിലെ കരടാകും.. !

തോരാത്ത മിഴിനീർ
കാഴ്ചകൾ മാത്രമിന്നു
കരയാതിരിക്കാൻ
കണ്ണടച്ചിരുട്ടാക്കാം.. !

നിണമൊഴുകാതെ
സമാധാനം കാക്കുന്ന
നല്ലൊരു ദിനമെങ്കിലും
കണ്ടുണരാനാവുമോ..?

കനൽവഴികൾ

ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും  ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര... പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ  മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ! കൂരിരുൾപ...