Saturday, September 20, 2014

അജ്ഞാതന്‍

ആരാണ് നീ ,
എനിക്കറിയില്ലയെങ്കിലും
നിഴലായ് എന്‍ പിന്നിലെന്തേ
നടക്കുന്നു.

ഇതുവരെ കണ്ടില്ല ,
നിന്‍ മുഖമൊരുമാത്ര
വിടര്‍ന്ന മിഴിയോ,
ചിരിക്കുന്ന ചുണ്ടോ..
എങ്കിലും എന്നെ
വലം വെച്ചു നില്‍ക്കുന്നു
നിന്‍ നെടുവീര്‍പ്പിന്‍
ചുടു നിശ്വാസങ്ങള്‍.

എത്രമേലകന്നിട്ടും
പോയിടാതെന്നരികില്‍
നില്‍ക്കുവാനെന്തു
ബന്ധം നിനക്കെന്നോട്.
എന്‍ മിഴിപ്പൂക്കള്‍
തുടയ്ക്കുവാനെത്തുന്ന
അദൃശ്യമാം കരങ്ങളിലെ
തണുപ്പറിയുന്നു ഞാന്‍.

ചിരപരിചിതനെപ്പോലെ
എന്നോട് ചേര്‍ന്ന് നടക്കുന്ന
മൌന നൊമ്പരമോ നീ...
തിരിഞ്ഞൊന്നു
നോക്കുമ്പോള്‍
മറയുന്നതെങ്ങു നീ
വ്യഥയായ് ഭീതിയായ്
എന്നിലലിയുന്നുവോ?

ആരാണ് നീ
എനിക്കറിയില്ലയെങ്കിലും
എന്നിലെ നിഴലായ്
നടക്കുന്നു ഇന്നും നീ.


Monday, September 15, 2014

നീറ്റല്‍


അടര്‍ന്നു വീണ
കിനാക്കളുടെ
ചുവന്ന പ്രതലത്തില്‍
താണ്ടവമാടുന്ന
ദുഃഖത്തിന്റെ നീറ്റല്‍.

രാവിന്റെ നിശ്ശബ്ദതയില്‍
വാതിലില്‍ മുട്ടിവിളിച്ച
പകല്‍ മാന്യതയുടെ
മുഖംമൂടിയണിഞ്ഞ
കാമ കോമരത്തിന്റെ
ശ്രിംഗാര ലാളനത്തില്‍
രാസനൃത്തമാടിയ
ചുണ്ടുകളില്‍ നിണം
പൊടിയുന്ന നീറ്റല്‍.

തളര്‍ന്നു വീണ
കാന്തന്റെ മുഖവും
തൊട്ടിലില്‍ വിരല്‍
കുടിച്ചു മയങ്ങുന്ന
പൈതലിന്‍ ഞരക്കവും
നിശ്ശബ്ദ നോവായ്‌
നെഞ്ചിലടിയുമ്പോള്‍
മുല്ലപ്പൂ വിതറിയ
മെത്തയിലും മനം
മുള്‍പ്പടര്‍പ്പില്‍
ശയിക്കുന്ന നീറ്റല്‍.

കാലാഗ്നിജ്വാലയില്‍ ,
വെന്തു നീറുന്ന
കുടുംബത്തെ
നോക്കുവാന്‍,
‘അഭിസാരിക’യെന്ന
വിളിപ്പേര് കേട്ടപ്പോള്‍ 
പിഴപ്പിക്കുന്നവന്‍
എന്നും മാന്യനോ?
പിഴച്ചവളുടെ
ചോദ്യത്തിലും നീറ്റല്‍.





Saturday, September 13, 2014

കുറും കവിതകള്‍

പൊട്ടാറായ താലി .
വിളക്കി ചേര്‍ത്ത്
ചിരിക്കുന്ന പുളിമാങ്ങ


ആത്മഹത്യ ചെയ്ത
സ്വപ്‌നങ്ങള്‍.
കരിഞ്ഞ പൂക്കള്‍


വാതം പിടിച്ച മനസ്സില്‍
ചുക്കിച്ചുളിഞ്ഞ ഓര്‍മ്മകള്‍.
വീഴാറായ പഴുത്തില


അര്‍ഹിക്കാത്ത പാത്രത്തില്‍ 
വിളമ്പുന്ന ദുഃഖം.
പിച്ചച്ചട്ടിയിലെ നാണയ തുട്ടുകള്‍


നീയാകും വിഗ്രഹത്തില്‍
ഞാനെന്ന തുളസിമാല.
പൂത്തു നില്‍ക്കുന്ന കൊന്നമരം


ജനസമക്ഷത്തിലെ
മധുര നുണകള്‍ .
ചെളി നിറഞ്ഞ പിന്നാംപുറം


ശ്രീരാഗത്തില്‍ ലയിക്കുന്ന 
മുളന്തണ്ടുകള്‍.
കാറ്റിലുലയുന്ന മയില്‍‌പ്പീലി


മുണ്ടിന്‍ പെട്ടിയിലെ 
നാണയ കിലുക്കം.
മുത്തശ്ശിയുടെ ഓര്‍മ്മകള്‍


ഉണങ്ങാത്ത വ്രണമായ്
നീയെന്ന മുറിവ്.
കാഞ്ഞിരക്കായ


സ്വപ്നങ്ങള്‍ക്ക്
പരവതാനി വിരിക്കുന്നു.
നിദ്രയിലെ പൂമ്പാറ്റകള്‍


ഒറ്റചിറകുമായൊരു
ചിത്ര ശലഭം.
ഏകാന്തതയുടെ മുള്‍വേലിയില്‍


അടുത്ത ഓണത്തിന് 
പാതാളത്തിലേക്ക്‌ ഫ്രീ ടിക്കറ്റ്‌ .
നടുവൊടിഞ്ഞ മാവേലി.


തീര്‍ത്ഥം തളിക്കുന്ന
മഴക്കുടങ്ങള്‍.
തമ്പ്രാന്റെ വരവേല്‍പ്പ്



ഒഴിഞ്ഞു കിടക്കുന്ന ഇലയില്‍
മകന്റെ ഓര്‍മ്മകള്‍ .
പായസത്തിന് ഉപ്പുരസം

പായല്‍ പിടിച്ച പാതയില്‍ 
തെന്നുന്ന ചിന്ത.
നിണമുത്തുകള്‍

നീ ആറാടിയത്
എന്റെ കണ്ണു നീരില്‍ .
വറ്റി വരണ്ട കണ്ണുകള്‍

നിന്റെ ഓര്‍മ്മകള്‍ 
എന്റെ ഊന്നുവടി .
ചിറകറ്റ ശലഭം

പാര്‍ട്ടി ഏതായാലും 
പ്രാണ വേദന ഒരുപോലെ .
കണ്ണീര്‍ മഴയില്‍ കണ്ണൂര്‍

കണ്ണടച്ചാല്‍ നിന്‍ രൂപം 
കണ്ണു തുറന്നാല്‍ നീ മുന്നില്‍.
തീര്‍ത്ഥം തളിച്ച് തുളസിമാല

ഓടികളിക്കുന്നു 
മാണിക്യചെമ്പഴുക്ക.
ഓര്‍മ്മയിലെ ഓണക്കാലം

കുട പിടിച്ച്
പൂക്കളം.
ആര്‍ത്തലയ്ക്കുന്ന പേമാരി

കിതയ്ക്കുന്നു വലിക്കുന്നു
നടപ്പാത തീരുന്നില്ല.
തേഞ്ഞുപോകാറായ ചെരുപ്പ്

മനസ്സില്‍ മാത്രം
ആഘോഷങ്ങളുമായ്.
തോക്കേന്തിയ രക്ഷാ ദൈവങ്ങള്‍

മധുവിധുവിന് പോകുന്ന 
തുമ്പയും തുമ്പിയും 
വഴി തടയുന്നു കട്ടുറുമ്പ്

ആര്‍പ്പുവിളികളും ഘോഷയാത്രയുമായ്
അത്തച്ചമയങ്ങള്‍ .
ഓര്‍മ്മകള്‍ കൊണ്ടൊരു പൂക്കളം

ഇരുച്ചക്രത്തില്‍ പറക്കുന്നു 
പ്രായത്തിന്റെ തിളപ്പ്.
തുറിച്ചു നോക്കുന്ന ബലിക്കാക്ക

എരിയുന്ന കര്‍പ്പൂരം
ഉടയുന്ന നാളികേരം.
വിഘ്നങ്ങള്‍ ഒഴിഞ്ഞ മനസ്സ്

ആകാശത്ത്
നക്ഷത്രങ്ങളായ് മിന്നുന്നു.
വിട്ടുപോയ കണ്ണികള്‍




Monday, September 8, 2014

അമ്മ മരം


ഇനിയൊരു ജന്മ-
മുണ്ടെങ്കിലെനിക്കൊരു
തണല്‍ മരമായി
പിറവിയെടുക്കണം.

ഏതു മഴുവാലും
മുറിവേല്‍ക്കാത്ത
കാതലുള്ളോരു
തരു ആകേണം.

ആരോരുമില്ലാത്ത
കിളി കുഞ്ഞുങ്ങള്‍ക്കായി
വേടന്മാര്‍ കാണാത്ത
കൂട് ഒരുക്കണം.

വിജനമാഭൂവില്‍
ചില്ലകള്‍ കൊണ്ട്
കദനമില്ലാത്ത
ലോകമുണ്ടാക്കണം.

ഹൃദയപരിമള-
മില്ലാത്ത ദുഷ്ടരില്‍  
ചന്ദനകാറ്റിന്റെ
സുഗന്ധം പരത്തണം.

എന്നിലേക്ക്‌ ചിറകു
വിരിച്ചെത്തുന്ന
കിളിക്കുഞ്ഞുങ്ങള്‍
കാട്ടുചോലയില്‍
പേടിയില്ലാതെ
നീന്തി തുടിക്കണം.

ചുടു ബാഷ്പമെന്തെ-
ന്നറിയാതെന്‍ പൈതങ്ങള്‍
ഒരു ദിനമെങ്കിലും എന്‍
കുടക്കീഴില്‍ സുഖ
സുഷുപ്തിയറിയണം.

എന്നും എനിക്കൊരു
സ്നേഹമരമാകണം.

Saturday, September 6, 2014

ഓര്‍മ്മയിലൊരു ഓണക്കാലം

ഓണത്തപ്പനെ വരവേല്‍ക്കാന്‍
ഓണക്കാലം വന്നല്ലോ ..
പൊന്‍പട്ടണിഞ്ഞ മലയാളനാട്ടില്‍
മാവേലി മന്നനു സ്വാഗതമോതി
ഓണക്കിളിയുടെ വിരുന്നുപാട്ട് .

മഞ്ഞ വെയിലിന്റെ ശോഭയില്‍ 
നൃത്തം ചെയ്യുന്ന ഓണത്തുമ്പികള്‍.
വാര്‍ഷിക വിരുന്നിനെത്തുന്ന
രാജപ്രഭുവിനെ സ്വീകരിക്കാന്‍
അത്തം പത്തിന് പൊന്നോണം.

തമ്പുരാനെ എതിരേല്‍ക്കാന്‍
പൂക്കളമൊരുക്കുന്നു തുമ്പയും 
മുക്കുറ്റിയും കാക്കപ്പൂവും,
തെച്ചിമന്ദാരവും തുളസിപെണ്ണും.

പുലിക്കളിയുടെ ഹാസ്യരസവും
വാദ്യഘോഷങ്ങളുടെ താളമേളങ്ങളും
അത്തച്ചമയത്തിന്റെ ഉത്സവലഹരിയില്‍
തൃക്കാക്കരയപ്പനും എതിരേല്‍പ്പ്.

ഓണക്കളികളും സദ്യവട്ടങ്ങളും
വള്ളം കളികളും കൊയ്ത്തുപാട്ടും
ആവണിമാസതിന്റെ 
വിഭവങ്ങള്‍ കാണുവാന്‍
എത്തുന്ന മാവേലി മന്നന് 
സംതൃപ്തി നല്‍കി
കൈരളിയുടെ യാത്രയയപ്പ്‌.

എല്ലാം പഴയ കാലത്തിന്റെ 
തിരുശേഷിപ്പ് .
ഇറക്കുമതി  പൂക്കളും 
 ഇറക്കുമതി സദ്യകളുമായി ...
ഇനിയും വരും  മറ്റൊരു ഓണക്കാലം

ലഹരി

ലഹരി  ******* ലഹരിയിലാറാടും നമ്മുടെ നാടിതിൽ ലഹരിയിലാടിക്കുഴയുന്നു കുട്ടികൾ ജീവിതലഹരിക്കായ് പൊരുതേണ്ടവരിന്നോ ലഹരിയിലാകെ തുലയ്ക്കുന്നു ജീവിതം!...