Saturday, September 13, 2014

കുറും കവിതകള്‍

പൊട്ടാറായ താലി .
വിളക്കി ചേര്‍ത്ത്
ചിരിക്കുന്ന പുളിമാങ്ങ


ആത്മഹത്യ ചെയ്ത
സ്വപ്‌നങ്ങള്‍.
കരിഞ്ഞ പൂക്കള്‍


വാതം പിടിച്ച മനസ്സില്‍
ചുക്കിച്ചുളിഞ്ഞ ഓര്‍മ്മകള്‍.
വീഴാറായ പഴുത്തില


അര്‍ഹിക്കാത്ത പാത്രത്തില്‍ 
വിളമ്പുന്ന ദുഃഖം.
പിച്ചച്ചട്ടിയിലെ നാണയ തുട്ടുകള്‍


നീയാകും വിഗ്രഹത്തില്‍
ഞാനെന്ന തുളസിമാല.
പൂത്തു നില്‍ക്കുന്ന കൊന്നമരം


ജനസമക്ഷത്തിലെ
മധുര നുണകള്‍ .
ചെളി നിറഞ്ഞ പിന്നാംപുറം


ശ്രീരാഗത്തില്‍ ലയിക്കുന്ന 
മുളന്തണ്ടുകള്‍.
കാറ്റിലുലയുന്ന മയില്‍‌പ്പീലി


മുണ്ടിന്‍ പെട്ടിയിലെ 
നാണയ കിലുക്കം.
മുത്തശ്ശിയുടെ ഓര്‍മ്മകള്‍


ഉണങ്ങാത്ത വ്രണമായ്
നീയെന്ന മുറിവ്.
കാഞ്ഞിരക്കായ


സ്വപ്നങ്ങള്‍ക്ക്
പരവതാനി വിരിക്കുന്നു.
നിദ്രയിലെ പൂമ്പാറ്റകള്‍


ഒറ്റചിറകുമായൊരു
ചിത്ര ശലഭം.
ഏകാന്തതയുടെ മുള്‍വേലിയില്‍


അടുത്ത ഓണത്തിന് 
പാതാളത്തിലേക്ക്‌ ഫ്രീ ടിക്കറ്റ്‌ .
നടുവൊടിഞ്ഞ മാവേലി.


തീര്‍ത്ഥം തളിക്കുന്ന
മഴക്കുടങ്ങള്‍.
തമ്പ്രാന്റെ വരവേല്‍പ്പ്



ഒഴിഞ്ഞു കിടക്കുന്ന ഇലയില്‍
മകന്റെ ഓര്‍മ്മകള്‍ .
പായസത്തിന് ഉപ്പുരസം

പായല്‍ പിടിച്ച പാതയില്‍ 
തെന്നുന്ന ചിന്ത.
നിണമുത്തുകള്‍

നീ ആറാടിയത്
എന്റെ കണ്ണു നീരില്‍ .
വറ്റി വരണ്ട കണ്ണുകള്‍

നിന്റെ ഓര്‍മ്മകള്‍ 
എന്റെ ഊന്നുവടി .
ചിറകറ്റ ശലഭം

പാര്‍ട്ടി ഏതായാലും 
പ്രാണ വേദന ഒരുപോലെ .
കണ്ണീര്‍ മഴയില്‍ കണ്ണൂര്‍

കണ്ണടച്ചാല്‍ നിന്‍ രൂപം 
കണ്ണു തുറന്നാല്‍ നീ മുന്നില്‍.
തീര്‍ത്ഥം തളിച്ച് തുളസിമാല

ഓടികളിക്കുന്നു 
മാണിക്യചെമ്പഴുക്ക.
ഓര്‍മ്മയിലെ ഓണക്കാലം

കുട പിടിച്ച്
പൂക്കളം.
ആര്‍ത്തലയ്ക്കുന്ന പേമാരി

കിതയ്ക്കുന്നു വലിക്കുന്നു
നടപ്പാത തീരുന്നില്ല.
തേഞ്ഞുപോകാറായ ചെരുപ്പ്

മനസ്സില്‍ മാത്രം
ആഘോഷങ്ങളുമായ്.
തോക്കേന്തിയ രക്ഷാ ദൈവങ്ങള്‍

മധുവിധുവിന് പോകുന്ന 
തുമ്പയും തുമ്പിയും 
വഴി തടയുന്നു കട്ടുറുമ്പ്

ആര്‍പ്പുവിളികളും ഘോഷയാത്രയുമായ്
അത്തച്ചമയങ്ങള്‍ .
ഓര്‍മ്മകള്‍ കൊണ്ടൊരു പൂക്കളം

ഇരുച്ചക്രത്തില്‍ പറക്കുന്നു 
പ്രായത്തിന്റെ തിളപ്പ്.
തുറിച്ചു നോക്കുന്ന ബലിക്കാക്ക

എരിയുന്ന കര്‍പ്പൂരം
ഉടയുന്ന നാളികേരം.
വിഘ്നങ്ങള്‍ ഒഴിഞ്ഞ മനസ്സ്

ആകാശത്ത്
നക്ഷത്രങ്ങളായ് മിന്നുന്നു.
വിട്ടുപോയ കണ്ണികള്‍




No comments:

Post a Comment

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...